ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം നിരീക്ഷിച്ച് യുഎസ്

ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം നിരീക്ഷിച്ച് യുഎസ്

മുംബൈ: ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന വിദേശ വിനിമയ കരുതല്‍ ശേഖരം നിരീക്ഷിച്ച് യുഎസ് ട്രഷറി രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിദേശ വിനിമയവും മാക്രോ ഇക്കണോമിക് നയങ്ങളും നിരീക്ഷിച്ച് വരികയാണെന്ന് ‘യുഎസിന്റെ പ്രധാന വ്യാപാര പങ്കാളികളുടെ വിദേശ വിനിമയ നയങ്ങള്‍’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരീക്ഷണം അനുകൂലമായതോ പ്രതികൂലമായതോ അല്ലെന്നും എന്നാല്‍ ലോകത്തിലെ വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഈ വിഷയവും അതിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രൂപയുമായുള്ള വിനിമയത്തില്‍ ഇടിവുണ്ടാകാതിരിക്കാന്‍ ഡോളര്‍ സംഭരണം യുഎസ് തുടരുകയാണ്.

2017ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ അറ്റ വിദേശ വിനിമയ വാങ്ങലുകളുടെ വ്യാപ്തിയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഏകദേശം 42 ബില്യണ്‍ ഡോളറിന്റെ (ജിഡിപിയുടെ 1.8ശതമാനം) ഉയര്‍ച്ചയാണുണ്ടായത്. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ പങ്കാണ് ഇന്ത്യയ്ക്കുള്ളത്. 2017 ജൂണ്‍ വരെയുള്ള നാല് പാദങ്ങളില്‍ 23 ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്.

ഏതെങ്കിലും രാജ്യത്തിന്റെ വിദേശ വിനിമയ നയങ്ങളില്‍ മെച്ചപ്പെട്ട വിശകലനം, ജാഗ്രത എന്നിവ ആവശ്യമുണ്ടോയെന്ന് മൂന്ന് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് യുഎസ് ട്രഷറി നിര്‍ണയിക്കുക. അമേരിക്കയുമായി ഏറ്റവും കുറഞ്ഞത് 20 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം, അമേരിക്കയുമായുള്ള വ്യാപാരത്തിലെ കറന്റ് എക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തിന്റെ കുറഞ്ഞത് 3 ശതമാനമെങ്കിലും ഉണ്ടായിരിക്കുക എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ വിദേശ കറന്‍സിയുടെ അറ്റ വാങ്ങളുകളിലെ സ്ഥിരതയും പരിഗണിക്കും.

ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഉയരുന്നന്ത് തടയാന്‍ സമീപകാലത്തായി കറന്‍സി വിപണിയില്‍ സജീവമായ ഇടപെടലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തുന്നത്. ഒക്‌റ്റോബര്‍ 6 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 398 ബില്യണ്‍ ഡോളറാണ്. സെപ്റ്റംബര്‍ മധ്യത്തിലിത് 400 ബില്ല്യണ്‍ ഡോളര്‍ കടന്നിരുന്നു. വ്യാപാര പങ്കാളികള്‍ അനധികൃത കറന്‍സി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സാമ്പത്തിക നയങ്ങള്‍ സൂഷ്മമായി നിരിക്ഷിച്ച് വരികയാണ് യുഎസ് ട്രഷറി.

Comments

comments

Categories: Top Stories