പൊതു ഇടങ്ങളിലെ വൈ-ഫൈ സംവിധാനത്തില്‍ സൈബര്‍ ആക്രമണ സാധ്യത കൂടുതല്‍: സിഇആര്‍ടി

പൊതു ഇടങ്ങളിലെ വൈ-ഫൈ സംവിധാനത്തില്‍ സൈബര്‍ ആക്രമണ സാധ്യത കൂടുതല്‍: സിഇആര്‍ടി

ആക്രമണങ്ങള്‍ക്കിരയാകുന്നതില്‍ അധികവും ആന്‍ഡ്രോയ്ഡ് ഡിവൈസുകള്‍

ചെന്നൈ: റെയ്ല്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലുമുള്ള പൊതു വൈ-ഫൈ സൗകര്യം ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ(സി ഇആര്‍ടി-ഇന്ത്യ) മുന്നറിയിപ്പ്. രാജ്യത്തെ പൊതു വൈ-ഫൈ സേവനങ്ങള്‍ സൈബര്‍ ആക്രമണത്തെ ചെറുക്കുന്നതിന് വേണ്ടത്ര സജ്ജമല്ലെന്ന് വ്യക്തമാക്കുന്ന നിര്‍ദേശമാണ് സിഇആര്‍ടി- ഇന്ത്യ നല്‍കുന്നത്.

പൊതു ഇന്റര്‍നെറ്റ് സൗകര്യത്തിലെ ഈ സുരക്ഷാ അഭാവം ചൂഷണം ചെയ്യുന്നതിലൂടെ ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്‌വേര്‍ഡ്, ചാറ്റ് മെസേജുകള്‍, ഇ-മെയ്ല്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. സൈബര്‍ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പൊതു ഇടങ്ങളിലെ വൈ-ഫൈ സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. പകരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളോ വയേര്‍ഡ് നെറ്റ്‌വര്‍ക്കുകളോ ഉപയോഗിക്കാമെന്നും ഏജന്‍സി വ്യക്തമാക്കുന്നു.

ആന്‍ഡ്രോയ്ഡ്, ലിനക്‌സ്, ഐഒഎസ്, മാക്ഒഎസ്, വിന്‍ഡോസ് എന്നിവ അധിഷ്ഠിതമായുള്ള ഡിവൈസുകളില്‍ വയര്‍ലെസ് വൈഫൈ സംവിധാനം വഴി എളുപ്പത്തില്‍ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് മാതി വാന്‍ഹോഫിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ ‘കീ റീഇന്‍സ്റ്റലേഷന്‍ അറ്റാക്ക്’ അഥവാ ക്രാക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ആധുനിക രീതിയില്‍ സജ്ജമാക്കിയിട്ടുള്ള വൈ-ഫൈ നെറ്റ്‌വര്‍ക്കുകളിലാണ് ആക്രമണം നടക്കുന്നതെന്നും ഇതില്‍ 41 ശതമാനവും ബാധിക്കപ്പെടുന്നത് ആന്‍ഡ്രോയ്ഡ് ഡിവൈസുകളാണെന്നും റിസര്‍ച്ച് വ്യക്തമാക്കുന്നുണ്ട്.

ഇത് ഗൗരവപരമായ വിഷയമാണെന്നും എല്ലാ വൈ-ഫൈ ശൃംഖലകള്‍ക്കും സൈബര്‍ ആക്രമണ ഭീതിയുണ്ടെന്നും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി വര്‍ക്ക്‌സ് സ്ഥാപകന്‍ റാം സ്വരൂപ് പറഞ്ഞു. വൈ-ഫൈ ഡിവൈസിന്റെ പരിധിയില്‍ ഹാക്കര്‍മാര്‍ വരുമ്പോഴാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: More