ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ വ്യവസായത്തെ ദുര്‍ബലപ്പെടുത്തും: പേമെന്റ് കമ്പനികള്‍

ആര്‍ബിഐയുടെ പുതിയ ചട്ടങ്ങള്‍ വ്യവസായത്തെ ദുര്‍ബലപ്പെടുത്തും: പേമെന്റ് കമ്പനികള്‍

കെവൈസി നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കും

മുംബൈ: ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച കര്‍ക്കശമായ മാനദണ്ഡങ്ങള്‍ വ്യവസായത്തിന്റെ മുന്നോട്ടുപോക്കില്‍ സമ്മര്‍ദം ചെലുത്തുന്നവയെന്ന് ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍. ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐയോട് കൂട്ടായി വശ്യപ്പെടാനാണ് പേമെന്റ് കമ്പനികള്‍ ഒരുങ്ങുന്നത്. വളര്‍ന്നു വരുന്ന പേമെന്റ് വ്യവസായത്തില്‍ നിര്‍ണായകമെന്ന് തങ്ങള്‍ കരുതുന്ന പ്രശ്‌നങ്ങള്‍ പരിഹണിക്കണമെന്നാവശ്യപ്പെട്ട് പേമെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രബാങ്കിന് കത്തയച്ചിട്ടുണ്ട്. ആര്‍ബിഐയുടെ പുതിയ മാനദണ്ഡങ്ങളില്‍ ചിലത് വ്യവസായത്തെ ദുര്‍ബലപ്പെടുത്തുമെന്നും വാലറ്റ് ബിസിനസിന്റെ പ്രവര്‍ത്തനക്ഷമതയെ ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റ് (പിപിഐ) ലൈസന്‍സ് മാര്‍ഗനിര്‍ദേശങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ ആര്‍ബിഐ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് പേമെന്റ് വ്യവസായ മേഖലയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. നിര്‍ബന്ധിത കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പരിശോധന വേണമെന്ന ആര്‍ബിഐയുടെ മാനദണ്ഡമാണ് പ്രധാന ആശങ്കയായി മേഖല ചൂണ്ടിക്കാട്ടുന്നത്. ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കാര്യം പ്രധാനമായി ആര്‍ബിഐയോട് അഭ്യര്‍ത്ഥിക്കാനാണ് പേമെന്റ് കമ്പനികളുടെ തീരുമാനം.

നിലവില്‍ വാലറ്റ് കമ്പനികള്‍ തമ്മില്‍ പരസ്പരം ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നതാണ് പേമെന്റ് കമ്പനികളുടെ പ്രധാന തടസം. ഇത് മൊബീല്‍ വാലറ്റുകളുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റുകളിലേക്ക് പണം നീക്കുകയും പിന്നീടത് മറ്റ് ബാങ്ക് എക്കൗണ്ടുകളിലേക്ക് നീക്കുകയും ചെയ്യുന്നതില്‍ നിയമപരമായ തട്ടിപ്പിന് സാധ്യത കണ്ടെത്താമെങ്കിലും പി2പി (പിയര്‍-ടു-പിയര്‍) ഇടപാടുകളില്‍ ഇത്തരം വെല്ലുവിളികളില്ലെന്നാണ് എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

എളുപ്പത്തില്‍ ബാങ്ക് എക്കൗണ്ട് തുറക്കാന്‍ സാധിക്കാത്തവരും, ചെറിയ മൂല്യമുള്ള പണം കൈമാറ്റം നടത്തുന്നവരുമാണ് ഡിജിറ്റല്‍ വാലറ്റുകളെ പ്രധാനമായും ആശ്രയിക്കുന്നത്. വീടുകളിലേക്ക് എളുപ്പത്തില്‍ പണമയക്കുന്നതിന് കുടിയേറ്റ തൊഴിലാണികളാണ് പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകളെ പ്രധാനമായും ഉപയോഗിക്കുന്നത്. തൊഴിലിനായി വിവിധ സ്ഥലങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ വിലാസം തെളിയിക്കലാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതിനാല്‍ പൂര്‍ണ കെവൈസി നടപ്പിലാക്കുന്നത് സുഗമമായി ബിസിനസിന് വലിയ തടസമുണ്ടാക്കുമെന്ന് പേമെന്റ് വ്യവസായത്തിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു

Comments

comments

Categories: Top Stories

Related Articles