ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റിലെ പിഇ നിക്ഷേപത്തില്‍ നേരിയ വര്‍ധന

ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റിലെ പിഇ നിക്ഷേപത്തില്‍ നേരിയ വര്‍ധന

40 ഇടപാടുകളിലായി ആകെ 3.16 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വന്നുചേര്‍ന്നത്

മുംബൈ : ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ഓഹരി നിക്ഷേപം വര്‍ധിച്ചു. ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 40 ഇടപാടുകളിലായി ആകെ 3.16 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വന്നുചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 66 ഇടപാടുകളിലായി ആകെ 3.14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് ആകര്‍ഷിക്കപ്പെട്ടത്. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ പ്രധാനമായും കൊമേഴ്‌സ്യല്‍ സെഗ്‌മെന്റിലേക്കാണ് ആഗോള, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ മൂലധന നിക്ഷേപം തുടരുന്നത്.

ഓരോ നിക്ഷേപത്തിന്റെയും ശരാശരി വലുപ്പവും വര്‍ധിച്ചതായി അലയന്‍സ് ഗ്രൂപ്പിന് കീഴിലെ ഗവേഷണ, വിശകലന സ്ഥാപനമായ വെഞ്ച്വര്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 66 സ്വകാര്യ ഓഹരി നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് സാക്ഷ്യം വഹിച്ചത്.

ഓരോ നിക്ഷേപത്തിന്റെയും ശരാശരി വലുപ്പം വര്‍ധിച്ചതായി വെഞ്ച്വര്‍ ഇന്റലിജന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

മൂന്നാം പാദത്തിലും (ജൂലൈ-സെപ്റ്റംബര്‍) കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഇടപാടുകളും നിക്ഷേപങ്ങളും നടന്നത്. ആറ് ഇടപാടുകളിലായി 356 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ കൊമേഴ്‌സ്യല്‍ മേഖലയില്‍ പ്രഖ്യാപിക്കപ്പെട്ടു. അതേസമയം റസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ അഞ്ച് ഇടപാടുകളിലായി 340 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് വന്നുചേര്‍ന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനികളും വിവിധ പ്രോജക്റ്റുകളും 696 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന പതിനൊന്ന് നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു. എന്നാല്‍ മൂന്നാം പാദത്തിന് മുമ്പ് 12 ഇടപാടുകളിലൂടെ 1.23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഈ വര്‍ഷം കൂടുതല്‍ പെന്‍ഷന്‍ ഫണ്ടുകളും സോവറിന്‍ ഫണ്ടുകളും കടന്നുവരുന്ന കാഴ്ച്ചയാണ് പ്രകടമാകുന്നതെന്ന് വെഞ്ച്വര്‍ ഇന്റലിജന്‍സ് സ്ഥാപകന്‍ അരുണ്‍ നടരാജന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy