സൗദിയെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍

സൗദിയെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍

ഫുട്‌ബോള്‍ ക്ലബ്ബുകളെയും കായിക സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക

റിയാദ്: പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൗദി അറേബ്യയിലെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടു. സൗദിയില്‍ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിനായാണ് കരാര്‍.ഫുട്‌ബോള്‍ ക്ലബ്ബുകളെയും കായിക സംഘടനകളെയും കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് രാജ്യത്ത് ഫുട്‌ബോള്‍ വികസിപ്പിക്കാനുള്ള തീരുമാനം. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറി സൗദിയുടെ വരുമാനസ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിയാണ് വിഷന്‍ 2030. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ഫുട്‌ബോള്‍ അധിഷ്ഠിത ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. സൗദിയുടെ കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ നിയന്ത്രണത്തിലാണ് വിഷന്‍ 2030 നടപ്പാക്കുന്നത്.

സൗദി അറേബ്യയുമായി ഞങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. മേഖലയില്‍ ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ആരാധര്‍ ക്ലബ്ബിനുണ്ട്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയര്‍പ്പിക്കുന്നു പുതിയ കരാറില്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ റിച്ചാര്‍ഡ് അര്‍ണോള്‍ഡ് പറഞ്ഞു.

സൗദി ടെലികോമുമായി ക്ലബ്ബിന് മികച്ച വാണ്യജ്യ പങ്കാളിത്ത ബന്ധമാണുള്ളത്. രാജ്യത്തെ ഫുട്‌ബോള്‍ വ്യവസായത്തെ വളര്‍ത്തിയെടുക്കുന്നതിന് അവസരം ലഭിച്ചത് വലിയ കാര്യമായാണ് ഞങ്ങള്‍ കാണുന്നത്. അംഗീകാരമായും. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇവിടെ വ്യത്യാസം വരുത്താന്‍ സാധിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പദ്ധതിയെ പ്രശംസിച്ച് ജെപി മോര്‍ഗന്‍ ചേസിന്റെ ആഗോള ചെയര്‍മാനും പ്രസിഡന്റും സിഇഒയുമായ ജെയിംസ് ഡിമണ്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. എണ്ണ അധിഷ്ഠിത സാമ്പദ്ഘടനയില്‍ നിന്ന് മാറണമെന്നും വളരണമെന്നും രാജ്യം ആഗ്രഹിക്കുന്നുണ്ട്. ഭാവിയിലെ വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നും യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ മേധാവി വ്യക്തമാക്കി.

സൗദി അറേബ്യയുമായി ഞങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. മേഖലയില്‍ ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ആരാധര്‍ ക്ലബ്ബിനുണ്ട്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയര്‍പ്പിക്കുന്നു പുതിയ കരാറില്‍-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ റിച്ചാര്‍ഡ് അര്‍ണോള്‍ഡ്

അതേസമയം ഉല്‍പ്പാദനക്ഷമതയിലെ തളര്‍ച്ചയും സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളും സ്വപ്ന പദ്ധതിയുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്ന് കാപ്പിറ്റല്‍ ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

2030 വിഷനിലൂടെ എണ്ണ കേന്ദ്രീകൃത സമ്പദ്ഘടനയില്‍ നിന്ന് രാജ്യത്തിന് പുറത്തുകടക്കാനും എണ്ണ ഇതര സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്തതെങ്കിലും സാമ്പത്തിക രംഗത്തെ തളര്‍ച്ച, പദ്ധതി നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. വരും വര്‍ഷങ്ങളില്‍ 2.53 ശതമാനമായിരിക്കും സാമ്പത്തിക വളര്‍ച്ച.

ഇത് കൂടാതെ എണ്ണ ഇതര കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച നടപടികളൊന്നും വിഷന്‍ 2030 ല്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കാപ്പിറ്റല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക പരിഷ്‌കരണത്തിലൂടെ മാത്രമേ എണ്ണ ഇതര മേഖലകളില്‍ വളര്‍ച്ച കൊണ്ടുവരാന്‍ സാധിക്കുകയൊള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിലും സൗദി പൗരന്‍മാരും പ്രവാസി തൊഴിലാളികളും തമ്മില്‍ നിലനില്‍ക്കുന്ന ശമ്പള വ്യത്യാസം കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുമുള്ള പദ്ധതികള്‍ ഇല്ലാത്തത് തിരിച്ചടി നല്‍കും.

സൗദി അറേബ്യയിലെ ഏറ്റവും വലിയ വ്യവസായമായ എണ്ണ വിപണിയിലെ ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് ഇടിയുന്നത് ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള മേഖലകളുടെ വികസനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ മികവ് കൈവരിക്കാത്തതിനാലാണ് കഴിവുറ്റ തൊഴിലാളികളെ ലഭ്യമാകാത്തത്. ഫുട്‌ബോളും ടൂറിസവും ഉള്‍പ്പടെയുള്ള മേഖലകളെ വരുമാനസ്രോതസ്സുകളാക്കി മാറ്റാനുള്ള നീക്കം എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

Comments

comments

Categories: Arabia

Related Articles