മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലേക്ക്

മഹീന്ദ്ര ജെന്‍സെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയിലേക്ക്

2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കും

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള, യുഎസ് ആസ്ഥാനമായ ജെന്‍സെ എന്ന ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നു. ജെന്‍സെയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും നിലവില്‍ യുഎസ് വിപണിയില്‍ മാത്രമാണ് വില്‍ക്കുന്നത്. കമ്പനിയുടെ ഇന്നൊവേറ്റീവ്, കണക്റ്റഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും യുഎസ് വിപണിയില്‍ വലിയ ഹിറ്റാണ്.

ഇന്ത്യ ഉള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളിലേക്ക് കയറ്റുമതി നടത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ജെന്‍സെ അധികൃതര്‍ വെളിപ്പെടുത്തി. എന്നാല്‍ എപ്പോള്‍ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ല. നിക്ഷേപങ്ങളെക്കുറിച്ചും ഉല്‍പ്പന്നങ്ങളുടെ സ്‌പെസിഫിക്കേഷനുകളെക്കുറിച്ചും മൗനം പാലിച്ചു.

കൈകള്‍ ഉപയോഗിച്ച് അസ്സംബ്ള്‍ ചെയ്യുന്നതാണ് ജെന്‍സെയുടെ വാഹനങ്ങള്‍

2030 ഓടെ ഇന്ത്യ ഇലക്ട്രിക് വാഹന രാജ്യമായി മാറണമെന്ന ലക്ഷ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരുന്നത്. സിലിക്കണ്‍ വാലിയിലാണ് ജെന്‍സെ ബ്രാന്‍ഡ് പിറന്നതെങ്കിലും മിഷിഗണിലാണ് സ്‌കൂട്ടറുകളും ഇ-ബൈക്കുകളും നിര്‍മ്മിക്കുന്നത്. കൈകള്‍ ഉപയോഗിച്ച് അസ്സംബ്ള്‍ ചെയ്യുന്നതാണ് ജെന്‍സെയുടെ വാഹനങ്ങള്‍.

ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വ്യാപകമായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. 2022-23 ഓടെ 2.20 ലക്ഷം യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കണമെന്ന് ഹീറോ ഇലക്ട്രിക് തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായ ഏതര്‍ എനര്‍ജിയില്‍ ഹീറോ മോട്ടോകോര്‍പ്പ് 205 കോടി രൂപയുടെ നിക്ഷേപമാണ് നത്തിയിരിക്കുന്നത്. 2018 ല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വ്യക്തമാക്കിയിരുന്നു.

ഒക്കിനാവ ഓട്ടോടെക് റിഡ്ജ് എന്നുപേരായ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുന്നുണ്ട്. ചൈനീസ് ടെക്‌നോളജി പങ്കാളിയായ ഷിജിയാംഗ് ലുയുവാന്‍ ഇലക്ട്രിക് കമ്പനിയുമായി ചേര്‍ന്ന് 300 കോടി രൂപയുടെ നിക്ഷേപം നടത്താനും ഒക്കിനാവ ഓട്ടോടെക് ആലോചിക്കുന്നു. പ്രതിവര്‍ഷം 12,000-14,000 യൂണിറ്റ് വില്‍പ്പനയാണ് ലക്ഷ്യം.

Comments

comments

Categories: Auto