ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും അമേരിക്കയുടെ ഇടപെടല്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും അമേരിക്കയുടെ ഇടപെടല്‍

ഒരു വശത്ത് ഗള്‍ഫ് പ്രതിസന്ധി സൃഷ്ടിക്കാന്‍ എണ്ണയിട്ട അമേരിക്ക വീണ്ടും വിഷയത്തില്‍ ഇടപെടുകയാണ്. പരിഹാരം ഇത്തവണയുണ്ടാകുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്

റിയാദ്: ഖത്തറിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തീര്‍ക്കാന്‍ വീണ്ടും യുഎസ് ഇടപെടുന്നു. ഇതിന്റെ ഭാഗമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ മേഖലയിലേക്ക് ഒരിക്കല്‍ കൂടി എത്തുകയാണ്. അതേസമയം അമേരിക്കയുടെ ചില സമാന്തര നീക്കങ്ങളുടെ കൂടി ഫലമായാണ് പ്രതിസന്ധി രൂപപ്പെട്ടതെന്ന വൈരുദ്ധ്യം ഇതുവരെ അവര്‍ തുറന്ന് അംഗീകരിച്ചിട്ടില്ല.

ബ്ലൂബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ടില്ലേഴ്‌സണ്‍ പറഞ്ഞത് പ്രശ്‌നപരിഹാരത്തിന് തനിക്ക് അത്ര വലിയ പ്രതീക്ഷയൊന്നും ഇ്‌ല്ലെന്നാണ്. എങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടാകും അദ്ദേഹം മടങ്ങിപ്പോകുക. ആദ്യം സൗദിയിലെത്തിയ ശേഷമായിരിക്കും ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ഭാഗമായ ടില്ലേഴ്‌സണ്‍ ഖത്തറിലേക്ക് തിരിക്കുക.

പ്രതിസന്ധിയുടെ തുടക്കത്തില്‍ സൗദിയോട് ഒപ്പം ചേര്‍ന്ന് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാക്ഷേപിച്ച് ഖത്തറിനോടൊപ്പം നില്‍ക്കുക ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ പിന്നീട് അദ്ദേഹം പ്രഖ്യാപിച്ചത് എത്രയും പെ്‌ട്ടെന്ന് പ്രശ്‌നം പരിഹരിക്കും എന്നാണ.്

ജൂണ്‍ മാസം ആദ്യമാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കുന്നതിനായി ആദ്യഘട്ടത്തില്‍ റെക്‌സ് ടില്ലേഴ്‌സണ്‍ ഇടപെട്ടതിനെതുടര്‍ന്ന് അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍വെച്ചു. എന്നാല്‍ ഖത്തറിന്റെ പരമാധികാരം അടിയറവുവെപ്പിക്കാന്‍ പോന്നവയായിരുന്നു സൗദി സഖ്യത്തിന്റെ ഡിമാന്‍ഡുകള്‍.

പ്രതിസന്ധി പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് ഇപ്പോള്‍ അമേരിക്ക ശരിക്കും ചിന്തിക്കുന്നുണ്ടെന്നാണ് ചില നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍

അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നും തുര്‍ക്കി സൈനികരെ പുറത്താക്കണമെന്നും ഇറാനുമായുള്ള ബന്ധം ദുര്‍ബലമാക്കണമെന്നും അറബ് രാജ്യങ്ങളുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചുള്ള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമെല്ലാമുള്ള നിരവധി ആവശ്യങ്ങളാണ് ഖത്തറിന് മുന്നില്‍ വെച്ചത്. ഡിമാന്‍ഡുകള്‍ അംഗീകരിച്ച് നല്ല കുട്ടിയാവാന്‍ അനുവദിച്ച സമയം അവസാനിച്ചെങ്കിലും ഖത്തര്‍ അനങ്ങിയില്ല. പിന്നീട് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇടയ്ക്കിടെ സൗദിയും കൂട്ടരും പ്രഖ്യാപിച്ചുകൊണ്ടിരുന്നു.

ഖത്തറും മറ്റ് അയല്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ശക്തമാവുകയാണെങ്കില്‍ യുഎസിന് മറ്റേതെങ്കിലും സഖ്യ രാജ്യത്തേക്ക് തങ്ങളുടെ സൈനികതാവളം മാറ്റി സ്ഥാപിക്കേണ്ടതായി വരും. ഗള്‍ഫ് യുദ്ധത്തിന് ശേഷം സൗദി അറേബ്യയിലാണ് യുഎസ് എയര്‍ബേസ് സ്ഥാപിച്ചത്. യുഎസ് സൈന്യത്തിന്റെ സാന്നിധ്യം സൗദി ഭരണാധികാരികള്‍ക്ക് നല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. എന്നാല്‍ ഇറാഖിലേക്കുള്ള ബുഷ് ഭരണകൂടത്തിന്റെ കടന്നുകയറ്റം സൗദിയെ ആശങ്കയിലാഴ്ത്തി.

ഈ സമയത്താണ് പ്രകൃതി വാതക ഉള്‍പ്പാദനത്തിന്റെ ശക്തിയില്‍ ഖത്തര്‍ വളര്‍ച്ച കൈവരിക്കുന്നത്. സംരക്ഷണം ആവശ്യമെന്ന് തോന്നിയതുകൊണ്ടാകാം ദോഹയ്ക്ക് സമീപം ഉല്‍ ഉദെയ്ദ് നിര്‍മിച്ച് യുഎസിന്റെ സൈന്യത്തെ അങ്ങോട്ടേക്ക് ഖത്തര്‍ ക്ഷണിച്ചത്. ഇതോടെ 2013 ല്‍ യുഎസിന്റെ സൈനിക താവളം ഖത്തറിലേക്ക് മാറ്റി. പകരം ലക്ഷക്കണക്കിന് ആളുകള്‍ മാത്രം താമസിക്കുന്ന ചെറിയ രാജ്യത്തിന് ആവശ്യമായ മുഴുവന്‍ സുരക്ഷയും അവര്‍ ഉറപ്പു നല്‍കി.

ഖത്തറും സൗദി അറേബ്യയും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സാമ്പത്തികമായി ഇരു രാജ്യങ്ങളും വളരെ ശക്തരാണ്. പ്രകൃതി വാതകത്തിന്റെ ശക്തിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക ശക്തി ആര്‍ജിക്കുന്നതും ഖത്തറിന്റെ അല്‍ ജസീറയുടെ പ്രവര്‍ത്തനവും സൗദിയെ വളരെ അധികം പ്രകോപിപ്പിച്ചു. ഇത് കൂടാതെ തങ്ങളുടെ പ്രധാന ശത്രുക്കളായ ഇറാനുമായുള്ള ഖത്തറിന്റെ ചങ്ങാത്തം സൗദിക്ക് വെല്ലുവിളിയായി. ഇറാനുമായി ഖത്തറിനേക്കാള്‍ ബന്ധം സൂക്ഷിക്കുന്നത് ഒമാനാണ്. എന്നാല്‍ ഒമാനിനെ ഒഴിവാക്കിക്കൊണ്ട് ഖത്തറിനെ തെരഞ്ഞെടുത്തത്, സൗദിയുമായി തൊട്ടുനില്‍ക്കുന്ന രാജ്യമായതുകൊണ്ടാണ്.

പ്രതിസന്ധിക്ക് പരിഹാരമാകാതെ ഖത്തറില്‍ നിന്ന് യുഎസിന്റെ സൈനിക കേന്ദ്രം മാറ്റാനിടയായാല്‍ ഖത്തറിനെതിരെ ട്രംപ് കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. താവളം മാറ്റാതിരിക്കാനാണ് ഇപ്പോള്‍ ട്രംപിന് താല്‍പ്പര്യമെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ പ്രതിസന്ധി പരിഹരിക്കേണ്ടത് ആവശ്യമാണെന്ന് ഇപ്പോള്‍ അമേരിക്ക ശരിക്കും ചിന്തിക്കുന്നുണ്ടെന്നാണ് ചില നയതന്ത്രവിദഗ്ധരുടെ വിലയിരുത്തല്‍.

Comments

comments

Categories: Arabia