പ്രവാസി ചിട്ടി മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും

പ്രവാസി ചിട്ടി മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും

പൂര്‍ണമായും ഓട്ടോമാറ്റഡ് ആയതുകൊണ്ട് സുതാര്യത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്റ്റര്‍ എ പുരുഷോത്തമന്‍

കൊച്ചി: കെഎസ്എഫ്ഇ പ്രവാസി ചിട്ടി മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ എ പുരുഷോത്തമന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. അടിസ്ഥാനതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടി മറ്റ് ജനറല്‍ ചിട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും പ്രവാസി ചിട്ടിയുടെ മുഴുവന്‍ കാര്യക്രമങ്ങളും ഓട്ടോമേറ്റഡായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണമായും ഓട്ടോമേറ്റഡ് ആയതുകൊണ്ടുതന്നെ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും എ പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.

രജിസ്‌ട്രേഷന്‍, പണമടയ്ക്കല്‍, ലേലം വിളി, പണം കൊടുക്കല്‍ തുടങ്ങിയ എല്ലാ പ്രക്രിയകളും ഓണ്‍ലൈനായി നടത്തും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയാറായിക്കഴിഞ്ഞു. ”മലയാളികള്‍ക്ക് എപ്പോഴും താല്‍പ്പര്യമുള്ള ഒന്നാണ് ചിട്ടി. ഒരു നൊസ്റ്റാള്‍ജിയ പോലെയാണ് ചിട്ടികളെ മലയാളികള്‍ കാണുന്നത്. നൊസ്റ്റാള്‍ജിയ ഇഷ്ടപ്പെടുന്ന പ്രവാസികള്‍ അതുകൊണ്ടുതന്നെ പ്രവാസി ചിട്ടിയെ സ്വീകരിക്കും,” പുരുഷോത്തമന്‍ പറയുന്നു. കെഎസ്എഫ്ഇ സര്‍ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനമാണെന്നത് ഒരു ഗ്യാരണ്ടി നല്‍കുന്ന ഘടകം തന്നെയാണ്. സര്‍ക്കാരിന്റെ പിന്തുണയാണ് കെഎസ്എഫ്ഇയെ മുന്നോട്ടു നയിക്കുന്നതെന്നും ലാഭം സൃഷ്ടിക്കുന്ന കമ്പനിയായി നിലനിര്‍ത്തുന്നത്. റിട്ടേണ്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചിട്ടിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും ഒരുക്കുമെന്നതും ഇതിന്റെ പ്രധാനനേട്ടമാണ്. പ്രവാസിചിട്ടി നടത്തുന്നതിന് ആവശ്യമായ ചട്ടഭേദഗതികള്‍ നിലവില്‍ വന്നിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭ്യമായി. ഇതുമായി ബന്ധപ്പെട്ട പുതിയ സംവിധാനങ്ങളില്‍ ജീവനക്കാരുടെ പരിശീലനപരിപാടിക്കും തുടക്കമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ സംഗമം ടെക്‌നോപാര്‍ക്കില്‍ നടന്നു. ഇനി മേഖലാ തലത്തിലും തുടര്‍ന്ന് ശാഖാതലത്തിലും യോഗങ്ങള്‍ നടക്കും. പ്രവാസികള്‍ക്കിടയില്‍ ചിട്ടിയുടെ പ്രചാരണത്തിന് തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മണ്ഡലാടിസ്ഥാനത്തിലും പ്രാദേശികതലത്തിലും പ്രവാസികളുടെ ബന്ധുക്കളുടെ സംഗമങ്ങള്‍ നാട്ടില്‍ സംഘടിപ്പിക്കും. പദ്ധതിയില്‍ 10 ലക്ഷം പ്രവാസികളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഈ മാസം 30ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

Comments

comments

Categories: Slider, Top Stories