‘വേണ്ട ബ്രോ, നമുക്ക് ലഹരി വേണ്ട ‘

‘വേണ്ട ബ്രോ, നമുക്ക് ലഹരി വേണ്ട ‘

വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ അവബോധം സൃഷ്ടിക്കാന്‍ പുതിയ അടവ് നയം പയറ്റി തൃശ്ശൂര്‍ ജില്ലാ പോലീസ് രംഗത്ത്. ‘വേണ്ട ബ്രോ’ എന്ന പേരില്‍ ഒരു പുതിയ കാംപെയിനിന് രൂപം നല്‍കിയിരിക്കുകയാണിവര്‍. 

സ്‌കൂള്‍ കുട്ടികളില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗങ്ങള്‍ക്ക് എതിരെ അവബോധം സൃഷ്ടിക്കാന്‍ വേറിട്ട രീതികളുമായി എത്തിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍. ജനമൈത്രി പോലീസ് വന്നതോടെ മീശ പിരിച്ചും ഭീഷണിപ്പെടുത്തിയും ആളുകളെ പേടിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. പണ്ടത്തെ പോലീസ് മുറകളൊന്നും ഇന്നത്തെ ന്യൂജന്‍ പിള്ളേരുടെയടുത്ത് വിലപ്പോകില്ലെന്നു കണ്ട തൃശൂര്‍ പോലീസ് ഒരു ന്യൂജന്‍ ട്രെന്‍ഡ് കാംപെയിനാണ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊണ്ടു വന്നിരിക്കുന്നത്. ‘വേണ്ട ബ്രോ എന്നു പേരിട്ടിരിക്കുന്ന കാംപെയിനിന് തൃശൂരില്‍ നിന്നാണ് തുടക്കം.

കുറച്ച് കാലം മുമ്പുവരെ കോളെജ് കുട്ടികളില്‍ കണ്ടുവന്ന മയക്കുമരുന്ന് ഉപയോഗം ഇന്ന് ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളിലേക്ക് വ്യാപകമാവുകയാണ്. മയക്കു മരുന്നു മാഫിയകള്‍ തന്നെയാണ് കുട്ടികളില്‍ ദുശ്ശീലം വ്യാപകമാക്കുന്നതിന് പിന്നിലെന്ന് അധികാരികള്‍ തറപ്പിച്ചു പറയുന്നു. ഇങ്ങനെ പോലീസ് സ്‌റ്റേഷനുകളില്‍ വരെയെത്തുന്ന കേസുകള്‍ കൂടിവരുന്നതായും തൃശൂര്‍ പോലീസ് മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. കേസുകളും ഭീഷണിയുംകൊണ്ട് പേടിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായറിന്റെ നേതൃത്വത്തില്‍ ‘ വേണ്ട ബ്രോ’ കാംപെയിന്‍ തുടക്കമിട്ടത്. ഇക്കഴിഞ്ഞ 13ന് തൃശൂരിലായിരുന്നു ഔദ്യോഗിക തുടക്കം. കാംപെയിനിന് പൂര്‍ണ പിന്തുണയുമായി സിഐ, വി വി ബെന്നി അടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വനിതാ പോലീസുകാരടക്കം നാല്‍പതോളം പോലീസുകാരും കോളെജ് വിദ്യാര്‍ത്ഥികളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും ചേര്‍ന്നാണ് പദ്ധതിയുടെ ഉദ്ഘാടനദിവസം ഫഌഷ് മോബ് നടത്തിയത്. വേണ്ട ബ്രോ കാംപെയിനിന്റെ പ്രധാന പദ്ധതികളില്‍ ഒന്ന് കോളെജ് വിദ്യാര്‍ഥികളുടെ ഫഌഷ് മോബ് ആണ്. ഈ മാസം 23 നാണ് തുടര്‍ച്ചയായുള്ള ഫഌഷ് മോബിന് ആരംഭിക്കുന്നത്. തൃശൂരില്‍ നിന്നും തെരഞ്ഞെടുത്ത മുപ്പതോളം കോളെജുകളിലെ വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഫഌഷ് മോബ് നടത്തുന്നത്.

സാധാരണ ഫഌഷ് മോബില്‍ നിന്നും തികച്ചും വ്യത്യസ്തയോടെ, ഒരു മത്സരമായാണ് ഇവര്‍ ഫഌഷ് മോബ് നടത്തുന്നത്. മത്സരം 28 വരെ നീളും. ഇത്തരമൊരു പദ്ധതിക്ക് കേരളത്തിലാദ്യമായി സാക്ഷ്യം വഹിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപവ്‌പെടുന്ന തൃശൂരാണ്. ഒരു വര്‍ഷം നീളുന്ന കാംപെയിന്‍ പരിപാടികളാണ് പോലീസ് മേധാവികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഫഌഷ് മോബിനു പുറമെ കൗണ്‍സിലിംഗ് ക്ലാസുകള്‍, റാലികള്‍, മനുഷ്യചങ്ങലകള്‍ എന്നിവയും നടത്താന്‍ ഉദ്ദേശിക്കുന്നതായി തൃശൂര്‍ സിറ്റി പോലീസ് അധികാരികള്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ നിന്നും ലഹരി പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അവര്‍ പറയുന്നു. പോലീസ് അധികാരികള്‍ക്കു പുറമെ ചേംബര്‍ ഓഫ് കൊമേഴ്‌സ്, കുടുംബശ്രീ മിഷന്‍, ഓട്ടോ തൊഴിലാളികള്‍, മറ്റ് സംഘടകള്‍ എന്നിവരുടെ സഹകരണത്തോടു കൂടിയാണ് വേണ്ട ബ്രോ കാംപെയിന്‍ നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വേണ്ട ബ്രോയുടെ ഭാഗമായുള്ള ആളുകള്‍ ചേര്‍ന്ന് ഈ മാസം 20-ാം തീയതി തൃശൂരില്‍ മനുഷ്യചങ്ങല നടത്തും. സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം സിനിമാ മേഖലയില്‍ നിന്നുളള നിരവധി പ്രമുഖ വ്യക്തികളും ഈ കാംപെയിനിന്റെ ഭാഗമാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. സാമൂഹിക തിന്മകള്‍ക്കെതിരെ നിരവധി കാംപെയിനുകള്‍ക്ക് ജന്മം നല്‍കിയ ഇടമാണ് തൃശൂര്‍. ആളുകള്‍ അത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം വേണ്ട ബ്രോ കാംപെയിനിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

Comments

comments

Categories: FK Special, Slider

Related Articles