കലാകാരന്മാര്‍ ബിനാലെയ്ക്ക് സംഭാവന ചെയ്ത സൃഷ്ടികളുടെ ലേലം ഒക്ടോബര്‍ 31 ന് മുംബൈയില്‍

കലാകാരന്മാര്‍ ബിനാലെയ്ക്ക് സംഭാവന ചെയ്ത സൃഷ്ടികളുടെ ലേലം ഒക്ടോബര്‍ 31 ന് മുംബൈയില്‍

ബിനാലെ നാലാം ലക്കത്തിന്റെ ധനശേഖരണാര്‍ത്ഥം കൊച്ചി ബിനാലെ ഫൗണ്ടേഷന് വിഖ്യാത കലാകാരന്മാര്‍ സംഭാവനയായി നല്‍കിയ സൃഷ്ടികള്‍ ലേലം ചെയ്യുന്നു. ഒക്ടോബര്‍ 31 ന് മുംബൈയില്‍ നടക്കുന്ന ലേലത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ പങ്കെടുക്കാവുന്നതാണ്.

അമൃതാ ഷെര്‍ഗില്‍, എ രാമചന്ദ്രന്‍, വിവാന്‍ സുന്ദരം, സുബോധ് ഗുപ്ത തുടങ്ങിയ 41 കലാകാരന്മാരുടെ സൃഷ്ടികളാണ് ലേലത്തില്‍ വയ്ക്കുന്നത്. തെക്കന്‍ മുംബൈയിലെ പ്രഭാദേവിയിലുള്ള സാഫ്രനാര്‍ട്ടില്‍ വച്ചായിരിക്കും ലേലം. ലേലദിവസം വൈകീട്ട് 7 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. തുടര്‍ന്ന് 8 മണിക്കാണ് ലേലം ആരംഭിക്കുന്നത്. തത്സമയം കൂടാതെ ഓണ്‍ലൈനിലും സാഫ്രനാര്‍ട്ടിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലും ലേലം വിളിയുണ്ടാകും.

ലേലത്തിനു വച്ചിരിക്കുന്ന കലാസൃഷ്ടികളുടെ പ്രിവ്യൂ ഒക്ടോബര്‍ 26ന് സാഫ്രനാര്‍ട്ടിന്റെ മുംബൈ ഓഫീസിലുണ്ടാകും.

ഇത് രണ്ടാം തവണയാണ് സാഫ്രനാര്‍ട്ടുമായി സഹകരിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ലേലം നടത്തുന്നത്. മൂന്നാം ലക്കത്തിനായി 2015 ല്‍ നടത്തിയ ലേലത്തില്‍നിന്ന് 2.29 കോടി രൂപയാണ് ലഭിച്ചത്. ലേലത്തുകയിലധകമായി തുകയൊന്നും കൊടുക്കേണ്ടെന്നതാണ് ഈ ലേലത്തിന്റെ പ്രത്യേകത. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുകമുഴുവന്‍ ബിനാലെയുടെ ആവശ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.

വിഭവസമാഹകരണത്തിന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്വീകരിച്ചിട്ടുള്ള ഏക മാര്‍ഗമാണ് ഈ ലേലമെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെയ്ക്കുവേണ്ടി കലാകാരന്മാര്‍ സൗജന്യമായാണ് തങ്ങളുടെ സൃഷ്ടികള്‍ സംഭാവന ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിനാലെയിലുള്ള കലാകാരന്മാരുടെ വിശ്വാസമാണ് ഇതിലൂടെ കാണിക്കുന്നത്. ബിനാലെയ്ക്കാവശ്യമായ ബിനാലെയില്‍ നിന്നുതന്നെ സമാഹരിക്കണമെന്നതാണ് ലക്ഷ്യം. ബിനാലെയുടെ മുന്‍ ലക്കങ്ങില്‍ പങ്കെടുത്തിട്ടുള്ളവരാണ് ഈ കലാരന്മരിലധികവും. പലരും രണ്ടാം തവണയാണ് തങ്ങളുടെ സൃഷ്ടികള്‍ സംഭാവന ചെയ്യുന്നതെന്നും ബോസ് പറഞ്ഞു.

കഴിഞ്ഞ തവണ ലേലം ധൃതിയില്‍ നടത്തേണ്ടിവന്നുവെന്ന ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. എന്നാല്‍ ഇന്ന് ദക്ഷിണേഷ്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കലാ ലേലമായി ഇത് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി ലേലം മികച്ച സംഘാടനത്തിലാണ്. നേരിട്ടും ഓണ്‍ലൈനിലുമായി ലേലം സംഘടിപ്പിക്കുന്നതിനാല്‍ കലാസ്‌നേഹികളില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി ലേലവസ്തുകളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

സമകാലീന കലയിലെ അതികായരായ സഹേജ് രാഹല്‍, ഭാരതി ഖേര്‍, അതുല്‍ ദോഡിയ, ടിവി സന്തോഷ്, പുഷ്പമാല എന്‍, അബീര്‍ കര്‍മാക്കര്‍, പ്രജക്ത പോട്‌നിസ്, പാര്‍വതി നയ്യാര്‍, മഞ്ജുനാഥ് കാമത്ത്, കേരളത്തില്‍ നിന്നുള്ള ഭാഗ്യനാഥ്, ബെനിത പേര്‍സിയാല്‍, പി എസ് ജലജ, കെ പി റെജി, ശോശ ജോസഫ്, വിവേക് വിലാസിനി, ജിജി സ്‌കറിയ തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ ഫ്രാന്‍സിസ്‌കോ ക്ലെമെന്റാണ് ലേലത്തില്‍ സൃഷ്ടികള്‍ നല്‍കിയിരിക്കുന്ന ഏക വിദേശി.

പ്രീമിയം ഇല്ലാതെയാണ് ഈ ആര്‍ട്ടിസ്റ്റുകള്‍ ഉദാരമായി തങ്ങളുടെ സൃഷ്ടികള്‍ നല്‍കിയിരിക്കുന്നത്. ബിനാലെ തങ്ങളുടെ സ്വന്തമാണെന്ന കലാകാരന്മാരുടെ വിശ്വാസമാണ് സൃഷ്ടികളുടെ ധനപരമായ മൂല്യത്തേക്കാള്‍ വിലമതിക്കുന്നതെന്ന് റിയാസ് പറഞ്ഞു. കലാകരന്മാര്‍ തന്നെ ബീജവാപം നടത്തുകയും ക്യൂറേറ്റ് ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ ബിനാലെയാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബൈ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കം 2018 ഡിസംബറിലാണ് തുടങ്ങുന്നത്. രാഷ്ട്രത്തലവന്മാര്‍ മുതല്‍ സാധാരണ പൗരന്മാരുള്‍പ്പെടെ പതിനഞ്ച് ലക്ഷത്തോളം പേരാണ് 2012 മുതല്‍ നടന്നുവന്ന മൂന്നു ബിനാലെകളിലായി നൂറുകണക്കിനു വരുന്ന കലാസൃഷ്ടികള്‍ ആസ്വദിച്ചത്.

Comments

comments

Categories: FK Special, Slider