30,000 വീടുകള്‍; വരുന്നൂ 6.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പ്രൊജക്റ്റ്

30,000 വീടുകള്‍; വരുന്നൂ 6.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പ്രൊജക്റ്റ്

ബ്രിട്ടീഷ് ഫീലോടു കൂടിയതാകും ഈ പദ്ധതിയെന്ന് അസീസി ഡെവലപ്‌മെന്റ്‌സ്

ദുബായ്: ഇതാ ഒരു സൂപ്പര്‍ പദ്ധതി എത്തുന്നു ദുബായ് നഗരത്തിന്റെ മനം കവരാന്‍. അസീസി ഡെവലപ്‌മെന്റ്‌സ് വികസിപ്പിക്കുന്ന പദ്ധതിയില്‍ 30,000 വീടുകളുണ്ടാകും. ചെലവ് 6.8 ബില്ല്യണ്‍ ഡോളര്‍. തനി ബ്രിട്ടീഷ് ഫീലോടെയുള്ള പദ്ധതിയുടെ നിര്‍മാണം ഈ നവംബര്‍ മാസത്തില്‍ തുടങ്ങുമെന്ന് അസീസി ഡെവലപ്‌മെന്റ്‌സ് അറിയിച്ചു. പദ്ധതിക്ക് ഇതുവരെ പേര് നല്‍കിയിട്ടില്ല. കമ്യൂണിറ്റി പ്രൊജക്റ്റ് എന്ന നിലയിലായിരിക്കും പുതുസംരംഭം.

വര്‍ത്തമാന ബ്രിട്ടീഷ് സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതാകും പദ്ധതിയുടെ ഡിസൈന്‍ എന്ന് അസീസി പത്രക്കുറിപ്പില്‍ പറഞ്ഞു. മൊത്തം 30,000 അപ്പാര്‍ട്ട്‌മെന്റുകളാണുണ്ടാകുക. അതില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളും റീട്ടെയ്ല്‍ സ്‌പേസും പെടും. 105 വീതം മിഡ്‌സൈസ്, ഹൈറൈസ് റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകള്‍ പദ്ധതിയിലുണ്ടാകും.

ഞങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ തന്നെ ഈ നഗരത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ജീവിതനിലവാരമാകും ഇവിടെ ലഭ്യമാക്കുക-അസീസി ഗ്രൂപ്പ് ചെയര്‍മാന്‍ മിര്‍വയ്‌സ് അസീസി പറഞ്ഞു. സെന്‍ട്രല്‍ ദുബായില്‍ ആയിരിക്കും പദ്ധതി ഉയരുക, 33 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍. ഫ്രഞ്ച് റിവൈറയുടെ മാതൃകയില്‍ ദുബായില്‍ കമ്പനി നിര്‍മിക്കുന്ന അസിസി റിവൈരയുടെ ഇരട്ടിയോളം വരുമിത്.

അസീസി റിവൈറയുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചെന്ന് കഴിഞ്ഞ ജൂലൈയില്‍ യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസിസി ഡെവലപ്‌മെന്റ്‌സ് അറിയിച്ചിരുന്നു. 3.27 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഈ പദ്ധതി നിര്‍മിക്കുന്നത്.

അസീസി ഡെവലപ്‌മെന്റ്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലുകളായിരിക്കും അസിസി റിവൈറയും പേരിടാത്ത പുതിയ പദ്ധതിയും എന്നാണ് വിലയിരുത്തല്‍

മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം സിറ്റി മെയ്ഡന്‍ വണ്‍ പ്രൊജക്റ്റിന് സമീപം നിര്‍മിക്കുന്ന അസിസി റിവൈരയില്‍ 69 മിഡ്‌റൈസ് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലായി 13,000 യൂണിറ്റുകളാണുള്ളത്. ഒന്നും രണ്ടും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും ഇതില്‍ ഉള്‍പ്പെടും. വലിയ റീട്ടെയ്ല്‍ സമുച്ചയവും ഫോര്‍ സ്റ്റര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പദ്ധതിയിലുണ്ടാകും.

യുഎഇയിലേയും ദുബായിലേയും റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ നിക്ഷേപകര്‍ക്ക് വലിയ താല്‍പ്പര്യമുണ്ട് എന്നതിന് തെളിവാണ് അസീസിയുടെ പുതിയ പദ്ധതികള്‍. അസീസി ഡെവലപ്‌മെന്റ്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലുകളായിരിക്കും അസിസി റിവൈറയും പേരിടാത്ത പുതിയ പദ്ധതിയും എന്നാണ് വിലയിരുത്തല്‍.

ഇരു പദ്ധതികളുടെയും പ്രധാന ഭാഗമായ റീട്ടെയ്ല്‍ സ്‌പേസില്‍ പ്രമുഖ ബ്രാന്‍ഡുകളും വിവിധ തരത്തിലുള്ള വിനോദ സൗകര്യങ്ങളും ഉണ്ടാകും. നടപ്പാതകള്‍, ജല ഗതാഗതം, ഉല്ലാസബോട്ട് യാത്രകള്‍ എന്നിവ റിവൈറ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളുടെ നിര്‍മാണം 2018 ഡിസംബറില്‍ പൂര്‍ത്തിയാകും.

Comments

comments

Categories: Arabia