കാസര്‍ഗോഡ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ ഭൂമി നല്‍കും

കാസര്‍ഗോഡ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ ഭൂമി നല്‍കും

പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9ന് വിളിച്ചുചേര്‍ക്കും

തിരുവനന്തപുരം: സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിന് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയില്‍ സോളാര്‍ പാര്‍ക്ക് മാത്രമേ നിര്‍മിക്കാവൂ എന്ന വ്യവസ്ഥയിലാണ് ഭൂമി പാട്ടത്തിന് നല്‍കുന്നത്.

കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോള്‍ട്ടേജ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഏറനാട് ലൈന്‍സ് പാക്കേജ്, ഉത്തരമേഖല എച്ച്ടുഎല്‍എസ് പാക്കേജ് എന്നീ പ്രവൃത്തികള്‍ കരാറുകാരെ ഏല്‍പ്പിക്കുന്നത് മന്ത്രിസഭ അനുമതി നല്‍കി. ഏറനാട് ലൈന്‍സ് പാക്കേജിന് 455 കോടി രൂപയും ഉത്തരമേഖലാ പാക്കേജിന് 63 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാന്‍സ്ഗ്രിഡ് പദ്ധതി 2021 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 6375 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുളള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 8 പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്. സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇപ്പോള്‍ സബ് ഇന്‍സ്‌പെക്റ്റര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. റിപ്പോര്‍ട്ടില്‍
സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്ന് വിദഗ്ദ്ധ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററായി എംജി രാജമാണിക്യത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles