നിര്‍മിത ബുദ്ധിയില്‍ മായാജാലം തീര്‍ക്കാന്‍ യുഎഇ

നിര്‍മിത ബുദ്ധിയില്‍ മായാജാലം തീര്‍ക്കാന്‍ യുഎഇ

ഷേഖ് മൊഹമ്മദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി അവതരിപ്പിച്ചു

ദുബായ്: ലോകം മുഴുവന്‍ കൃത്രിമ ബുദ്ധി അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ശാസ്ത്രശാഖയുടെ പുറകെയാണ്. നിര്‍മിത ബുദ്ധിയെന്നും വിളിക്കപ്പെടുന്ന ഈ ശാഖ സമസ്ത മേഖലകളിലേക്കും കടന്നുകയറുമെന്ന പ്രതീക്ഷയിലും നിരാശയിലുമാണ് ലോകം. എന്നാല്‍ ബിസിനസ് ലോകം ചിന്തിക്കുന്നത് നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വമ്പന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ചാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി ലോകത്തെ മാറ്റിയെടുക്കുന്നതിനാണ് സാങ്കേതികവിദഗ്ധര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഗുണങ്ങളും ദോഷങ്ങളും എല്ലാം സജീവ ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ടിന് 100 ജീവനക്കാര്‍ക്ക് പകരമാകാന്‍ സാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്

വിവിധ രംഗങ്ങളുടെ ഗതി മാറ്റി മറിക്കുന്ന നിര്‍മിത ബുദ്ധിയെ പുല്‍കാന്‍ തന്നെയാണ് യുഎഇയുടെയും തീരുമാനം.

ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവന ചെയ്യാന്‍ എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നും ഷേഖ് മൊഹമ്മദ് പറഞ്ഞു

ഇത് മുന്നില്‍ കണ്ട് രാജ്യത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ അല്‍ മക്തൂം.

യുഎഇയുടെ 2070 ലക്ഷ്യങ്ങളിലെ പ്രധാനഭാഗമാണ് ഇത്. സര്‍ക്കാരിന്റെ വിവിധ മേഖലകളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ തീര്‍ത്തും ഇന്നൊവേറ്റീവും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളതുമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും പുതിയ നയം ഉപകരിക്കുമെന്നാണ് യുഎഇയുടെ പ്രതീക്ഷ.

എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വരുമാനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്നതിനോടൊപ്പം പുതിയ അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ഷേഖ് മൊഹമ്മദ് പറഞ്ഞു.

ഭാവിയിലേക്ക് ശക്തമായ അടിത്തറയൊരുക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോളിസിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായുള്ള സാങ്കേതികവിദ്യകളുടെ ഹബ്ബായി മാറാനാണ് യുഎഇ ലക്ഷ്യമിടുന്നത്‌

16 വര്‍ഷം മുമ്പാണ് ഇലക്ട്രോണിക് സേവനങ്ങള്‍ നമ്മള്‍ ആരംഭിച്ചത്. ഇന്ന് നമ്മള്‍ നിര്‍മിത ബുദ്ധിയിലേക്ക് തിരിയുന്നു. സര്‍ക്കാര്‍ സേവനങ്ങളുടെ വിവിധ തലങ്ങളില്‍ അത് ഉപയോഗപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകും-ഷേഖ് മൊഹമ്മദ് കൂട്ടിച്ചേര്‍ത്തു.

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായുള്ള സാങ്കേതികവിദ്യകളുടെ ഹബ്ബായി മാറാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും യുവ എമിറേറ്റികള്‍ അതില്‍ പരിശീലനം നേടണമെന്നും പരമോന്നതമായ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് വലിയ സംഭാവന ചെയ്യാന്‍ എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നും ഷേഖ് മൊഹമ്മദ് പറഞ്ഞു.

Comments

comments

Categories: Arabia