ശബരിമലയില്‍ അവശ്യം കെട്ടിടങ്ങള്‍ കുറച്ചുള്ള വികസനം: മുഖ്യമന്ത്രി

ശബരിമലയില്‍ അവശ്യം കെട്ടിടങ്ങള്‍ കുറച്ചുള്ള വികസനം: മുഖ്യമന്ത്രി

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദം ചെലുത്തും

ശബരിമല: ശബരിമലയില്‍ മണ്ഡലക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ശബരിമലയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. സന്നിധാനത്തെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ വകയിരുത്തിയ 204 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയും ഉപയോഗിച്ചുള്ള വികസന പദ്ധതികളാണ് ശബരിമലയില്‍ നടപ്പാക്കാനിരിക്കുന്നത്. ഇതില്‍ പുണ്യ ദര്‍ശനം കോംപ്ലക്‌സ്, പാണ്ടിത്താവളത്ത് ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

മകരവിളക്ക് സീസണിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുടെയും വിവിധ വികസന പദ്ധതികളുടെയും അവലോകനവ യോഗവും സന്നിധാനത്ത് നടന്നു. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചതും ദേവസ്വം ബോര്‍ഡ് മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാണെന്ന് വിലയിരുത്തി. കുടിവെള്ള പൈപ്പുകള്‍ക്ക് മുകളിലും പരിസരത്തും മാലിന്യമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പമ്പയിലെ മാലിന്യത്തിന് പൂര്‍ണ ശുചീകരണത്തോടെയെ പരിഹാരം കാണാനാവൂ എന്നും ഇതിനായി നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ശബരിമലയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം. വന സംരക്ഷണത്തോടൊപ്പം ശബരിമല തീര്‍ത്ഥാടനത്തിനാവശ്യമായ സൗകര്യവും വനം വകുപ്പ് ഒരുക്കണം. വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടാവണമെന്നും ഇക്കൊല്ലത്തെ തീര്‍ത്ഥാടനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.ശബരിമല റെയ്ല്‍ പാതയും എയര്‍പോര്‍ട്ടും യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 15 ഓടെ 30 ലക്ഷം കണ്ടെയ്‌നര്‍ അരവണ റെഡിയാകുമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം അപ്പവും തയ്യാറാകും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു കോടി 86 ലക്ഷം ലിറ്റര്‍ വെള്ളം പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനുണ്ട്. ഇത്തവണ ക്യൂ കോംപ്ലക്‌സുകള്‍ പൂര്‍ണമായി ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചു. ക്യൂ കോംപ്ലക്‌സുകളില്‍ ദേവസ്വം ബോര്‍ഡ് ബാരിക്കേഡുകള്‍ ചെയ്തു നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പമ്പ മുതല്‍ പ്ലാപ്പള്ളി വരെ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ഫയര്‍ ഹൈഡ്രന്റുകള്‍ ദേവസ്വം അറ്റകുറ്റപ്പണി നടത്തണമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും. 140.76 കോടി രൂപയാണ് ഈ പ്രവൃത്തികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. 395 കിലോമീറ്റര്‍ റോഡാണ് നന്നാക്കുന്നത്. ഇതില്‍ 44 കിലോമീറ്റര്‍ റോഡ് 5 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരണ്ടിയോടെയാണ് പണിയുക. ഈ മാസം 31നകം എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 800 ശുചീകരണ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
പമ്പയിലും സന്നിധാനത്തുമായി വാട്ടര്‍ അതോറിറ്റി 134 കിയോസ്‌കുകള്‍ സ്ഥാപിക്കും. മണിക്കൂറില്‍ 250 ലിറ്റര്‍ വെള്ളം ലഭിക്കുന്ന പുതിയ സംവിധാനം ഇത്തവണ സ്ഥാപിക്കും. ഇതിലൂടെ ചൂട് വെള്ളവും തണുത്ത വെള്ളവും ഒരേ സമയം ലഭിക്കും. കെഎസ്ആര്‍ടിസി 400 ചെയിന്‍ സര്‍വീസുകള്‍ നടത്തും. മകരവിളക്കിന് 1000 ബസുകളുണ്ടാവും. പിആര്‍ഡിയുടെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ‘മിഷന്‍ ഗ്രീന്‍ ശബരിമല’ പ്രചാരണവും പിആര്‍ഡി നടത്തും.

Comments

comments

Categories: Slider, Top Stories

Related Articles