അധികയോഗ്യത ശാപമാകുമ്പോള്‍

അധികയോഗ്യത ശാപമാകുമ്പോള്‍

നിങ്ങളെ അര്‍ഹിക്കാത്ത സ്ഥാപനത്തെ കുഴപ്പിക്കാനും നിങ്ങള്‍ക്ക് കഴിയും

ആവശ്യത്തില്‍ കൂടുതല്‍ പഠിച്ചാല്‍ ജോലി കിട്ടാത്ത അവസ്ഥ ഇന്നത്തെക്കാലത്തുണ്ട്. കുറഞ്ഞ യോഗ്യതയുള്ളവരെ മാത്രമായിരിക്കും ചില ജോലികള്‍ക്ക് എടുക്കുക. കൂടുതല്‍ യോഗ്യതയുള്ളവര്‍ ചിലപ്പോള്‍ സ്ഥാപനത്തിനു തന്നെ ഉപദ്രവമുണ്ടാക്കാം. ക്യാനഡയിലെ ഒരു വിറ്റാമിന്‍ സപ്ലിമെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമാന്‍ഡ ഹീബെര്‍ട്ടിന്റെ കാര്യം ഏതാണ്ടിങ്ങനെയാണ്. വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അമാന്‍ഡയ്ക്ക് ലഭിച്ച ജോലിക്കാവശ്യമായതില്‍ കൂടുതല്‍ യോഗ്യതയുണ്ടെന്ന ബോധ്യവുമുണ്ടായിരുന്നു. കനത്ത ശമ്പളവും മികച്ച അവസരവുമാണ് ആ കമ്പനിയിലേക്ക് അവളെ ആകര്‍ഷിച്ചത്. എന്നാല്‍ കമ്പനിയില്‍ ചേര്‍ന്നതിനു ശേഷം ഇവിടെ താന്‍ വഹിക്കുന്ന പങ്ക് അത്ര പോരെന്ന് അവള്‍ക്കു തോന്നി. ഒരു വെല്ലുവിളിയുമില്ലാത്ത ജോലിയായതിനാല്‍ വളരെ വിരസത തോന്നിയിരുന്നുവെന്ന് അമാന്‍ഡ പറയുന്നു. കഴിവനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന തോന്നലായിരുന്നു എപ്പോഴുമെന്ന് അവര്‍ പറയുന്നു. രണ്ടു വര്‍ഷത്തിനു ശേഷം അവര്‍ ജോലി ഉപേക്ഷിച്ചു.

അമാന്‍ഡയുടെ അനുഭവം ഇന്നു പലര്‍ക്കുമുണ്ട്. ബ്രിട്ടണില്‍ ആറിലൊരാള്‍ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്നു കരുതുന്നവരാണ്. ജോലിക്കാരായ 58 ശതമാനം ബിരുദധാരികള്‍ സര്‍വകലാശാല ബിരുദം വേണ്ടാത്ത ജോലികളാണ് ചെയ്യുന്നത്. അമേരിക്കയില്‍ ജോലിക്കാരായ ബിരുദധാരികളില്‍ നാലിലൊരാള്‍ ഇപ്പോള്‍ ചെയ്യുന്നത് ബിരുദം ആവശ്യമില്ലാത്ത ജോലിയാണ്. നിരവധി തൊഴില്‍ദാതാക്കള്‍ ബിരുദം അടിസ്ഥാനയോഗ്യതയാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ചെയ്യുന്നതാകട്ടെ, മുമ്പു ബിരുദമില്ലാത്തവര്‍ ചെയ്തിരുന്ന ജോലികളും. ഇത് ജീവനക്കാര്‍ക്ക് ജോലിയിലുള്ള താല്‍പര്യം ക്ഷയിക്കാന്‍ ഇടയാക്കും. തൊഴില്‍ദാതാക്കളുടെ മാത്രം ഇഷ്ടത്തിനനുസരിച്ച് ജോലി ചെയ്യുന്നതോടെ ഇത് തിരിച്ചടി ഉണ്ടാക്കുന്നു. അധികയോഗ്യതയുള്ളവരുടെ നിരാശ, ചെയ്യുന്ന ജോലിയില്‍ പ്രകടമാകുന്നതിനാലാണിത്. അധിക യോഗ്യതയുള്ളവരെ ജോലിക്കു തെരഞ്ഞെടുക്കുന്ന കമ്പനികള്‍ ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുകയാണ് ചെയ്യുന്നത്.

അധികയോഗ്യതയുള്ളവര്‍ കമ്പനികള്‍ക്ക് ഒരു അനുഗ്രഹം തന്നെയായിരിക്കും. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒരു നിഷേധാത്മകമനോഭാവം വളര്‍ത്തിക്കൊണ്ടിരിക്കും. സ്വന്തം കഴിവിലുള്ള അഹംബോധം അവരില്‍ വളരുന്നതിനാലാണിത്. കമ്പനിയുടെ ഓരോ കോണിലും ഈ ദോഷചിന്ത അവര്‍ വിതറുന്നു. ഈ അഹംഭാവം എല്ലാവരെയും ദോഷകരമായി ബാധിക്കും. ഒരു ദൗത്യം മുന്‍നിര്‍ത്തി ജോലിചെയ്യുന്ന സംഘത്തെയാണ് കൂടുതല്‍ ബാധിക്കുക. സംഘത്തില്‍ താനാണു കേമന്‍ എന്ന ബോധമാകും എപ്പോഴും അവരെ നയിക്കുക. ഇത് കാലാന്തരത്തില്‍ ഒറ്റപ്പെടലിലും ഏകാന്തതയിലും അവസാനിക്കും. ഇത്തരക്കാര്‍ക്ക് ജോലിയോട് അര്‍പ്പണഭാവം കുറവായിരിക്കും. ഏല്‍പ്പിച്ച ജോലിയെ വളരെ നിസാരമായി കാണുന്നവരായിരിക്കും അവര്‍. ജോലിയോട് കുറഞ്ഞ ധാര്‍മ്മികത പുലര്‍ത്തുന്ന അവര്‍ക്ക് ജോലിയില്‍ വിരസത അനുഭവപ്പെടും. അതിനാല്‍ ആവശ്യമായ ശ്രമം പോലും എടുക്കില്ല.

അധികയോഗ്യത ഉള്ളവരുടെ സമീപനം യുവജീവനക്കാരില്‍ കൂടുതലായിരിക്കും. സ്വന്തം കാര്യത്തിലും തൊഴില്‍ദാതാവിന്റെ കാര്യത്തിലും അമിതപ്രതീക്ഷയുള്ള 30കളിലെത്തിയവര്‍ക്ക് മറ്റുള്ളവരോട് പ്രത്യേകമനോഭാവമായിരിക്കും. സ്വയം ഉന്നതരാണെന്നു വിശ്വസിക്കുന്ന ചെറുപ്പക്കാരായ ജോലിക്കാര്‍ അത്യധികം അസ്വസ്ഥരും ജോലിയില്‍ വിമുഖരുമായിരിക്കുമെന്ന് ഫ്‌ളോറിഡയിലെ അറ്റ്‌ലാന്റിക് സര്‍വകലാശാല അടുത്തു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഇവര്‍ വിമതസ്വഭാവം പ്രകടിപ്പിക്കുന്നു. ഓഫിസില്‍ വൈകി വരുക, സഹപ്രവര്‍ത്തകരുമായി കലഹിക്കുക തുടങ്ങിയ സ്വഭാവമുള്ളവരായിരിക്കും ഇവര്‍. എന്നാല്‍ ഇത് എല്ലാ അവസരത്തിലും ശരിയായിക്കൊള്ളണമെന്നില്ല. ഉന്നതയോഗ്യതയുള്ളവര്‍ക്ക് ചില ഗുണപരമായ വശങ്ങളുണ്ട്. ജോലിസ്ഥലത്ത് അവര്‍ അനിതസാധാരണമായ സഹകരണമനോഭാവം പ്രദര്‍ശിപ്പിക്കാറുണ്ടെന്ന് ഡുറാം സര്‍വകലാശാല ബിസിനസ് സ്‌കൂളിലെ എര്‍ദോഗനും ഹോംഗ് ഡെംഗും നടത്തിയ പഠനത്തില്‍ മനസിലാക്കാനായി. ഇത്തരക്കാരുടെ വ്യക്തിത്വ സവിശേഷതകളിലൊന്നാണിത്.

മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനാകുന്ന വ്യക്തിപ്രഭാവമുള്ളവര്‍ സഹപ്രവര്‍ത്തകരുടെ ആദരവും പ്രീതിയും പിടിച്ചുപറ്റുന്നു. സ്ഥാപനത്തിലുള്ളവര്‍ക്ക് അവര്‍ പ്രചോദകരും നല്ല രീതിയില്‍ പെരുമാറുന്നവരുമായി നിലകൊള്ളുന്നു. ലളിതമായി പറഞ്ഞാല്‍ വ്യക്തിപരമായ സ്വാധീനമെന്നു പറഞ്ഞാല്‍, മടുപ്പിക്കുന്ന നിങ്ങളുടെ ജോലിയില്‍ നിന്നും തൊഴില്‍ദാതാവില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ത്തന്നെ ചുറ്റുപാടിനോട് ഒരു സൗഹൃദഭാവം സൂക്ഷിക്കുകയെന്നാണ് അര്‍ത്ഥം. ശക്തമായ നേതൃത്വത്തിന് വ്യതിയാനം വരുത്താനാകുന്ന സാഹചര്യമാണിത്. അധികയോഗ്യതയുള്ളവരെ ജോലിയില്‍ വ്യാപൃതരാക്കാന്‍ അവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണം. കമ്പനിയിലെ മറ്റു സംഘങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഇതോടൊപ്പം ഇത്തരക്കാരോട് സഹപ്രവര്‍ത്തകര്‍ക്കുണ്ടാകാവുന്ന അനിഷ്ടത്തെക്കുറിച്ചും കമ്പനികളും മാനേജര്‍മാരും ജാഗ്രത പുലര്‍ത്തണം. അത്തരമൊരാളെ സംഘത്തോട് ചേര്‍ക്കുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ സംഘത്തോട് വിശദീകരിക്കുന്നതായിരിക്കും ഉചിതം.

ബ്രിട്ടണില്‍ ആറിലൊരാള്‍ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്നു കരുതുന്നവരാണ്. ജോലിക്കാരായ 58 ശതമാനം ബിരുദധാരികള്‍ സര്‍വകലാശാല ബിരുദം വേണ്ടാത്ത ജോലികളാണ് ചെയ്യുന്നത്. അമേരിക്കയില്‍ ജോലിക്കാരായ ബിരുദധാരികളില്‍ നാലിലൊരാള്‍ ഇപ്പോള്‍ ചെയ്യുന്നത് ബിരുദം ആവശ്യമില്ലാത്ത ജോലിയാണ്

ഇത്തരം നിഷേധാത്മകചിന്ത വെച്ചു പുലര്‍ത്തുന്നവരെ നേരിടാന്‍ തൊഴില്‍ദാതാക്കള്‍ക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗം തുറന്നു പറച്ചിലാണ്. ഒരു ഇന്റര്‍വ്യൂവില്‍ സംഭവിച്ച കാര്യം എര്‍ദോഗന്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അധിക യോഗ്യതയുള്ള ഒരാളെ ഇന്റര്‍വ്യു ചെയ്ത ഒരു മാനേജര്‍, നിങ്ങള്‍ നിശ്ചിതകാലത്തേക്ക് സ്ഥാപനത്തില്‍ നില്‍ക്കുകയാണെങ്കില്‍ സ്ഥാനക്കയറ്റം നല്‍കാമെന്നു പറഞ്ഞു. കഴിവില്‍ വിശ്വാസമുള്ളയാള്‍ താന്‍ ഈ ജോലിയില്‍ കല്‍പ്പാന്തകാലത്തോളം നില്‍ക്കുകയില്ലെന്നും വേറെ ജോലി നോക്കിക്കൊള്ളാമെന്നും അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇറങ്ങിപ്പോയി. ഇത് നിങ്ങള്‍ക്ക് ബാധകമാണോയെന്നു പരിശോധിക്കുക. ഈ നിഷ്‌കളങ്കത അധികയോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നവരെ സഹായിച്ചേക്കാം. നിരവധി തൊഴിലന്വേഷകര്‍ അമാന്‍ഡയുടെ വികാരമുള്ളവരായിരിക്കും. തങ്ങളുടെ അനുഭവപരിജ്ഞാനവും വൈദഗ്ധ്യവും വേണ്ടാത്ത ജോലിയിലായിരിക്കും അവര്‍ പ്രവേശിക്കുക. അത്തരക്കാര്‍ ജോലി എന്തിനാണെന്നും ആ ജോലിയില്‍ നിങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ കഴിയുമോയെന്നും പരിശോധിച്ചു വേണം അതില്‍ പ്രവേശിക്കാന്‍. നിങ്ങളുടെ കരിയറും നേട്ടങ്ങളും ദുരുപയോഗിക്കരുത്. തന്നോടു തന്നെ സത്യസന്ധത പുലര്‍ത്തുക.

Comments

comments

Categories: FK Special, Slider