ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി

സമൂഹത്തിന്റെ കളിയാക്കലുകളും തുറിച്ചു നോട്ടവും അതിജീവിച്ചാണ് ജോയിറ്റ ഈ പദവിയിലെത്തിയിരിക്കുന്നത്. ശാരീരിക ലൈംഗിക ആക്രമണത്തേക്കാള്‍ ഭീകരമാണ് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തോടുളള അഭ്യസ്ത വിദ്യരായവരുടെ പെരുമാറ്റമൈന്നും അവര്‍ പറയുന്നു. 29 വര്‍ഷത്തെ തന്റെ ജീവിതത്തില്‍ വിസ്മരിക്കാനാവാത്ത സമ്മാനമാണ് ലോക് അദാലത്തിലെ ജഡ്ജി പദവി. വര്‍ഷങ്ങള്‍ക്കു മുമ്പ് വീടു വിട്ടിറങ്ങി ഒരു താമസ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ രാത്രികാലങ്ങളില്‍ അന്തിയുറങ്ങിയിരുന്ന അതേ ബസ് സ്റ്റാന്റിനടുത്താണ് ഈ കോടതിയും സ്ഥിതി ചെയ്യുന്നത്.

നമ്മുടെ സമൂഹത്തില്‍ ഭിന്ന ലിംഗക്കാരോടുള്ള (ട്രാന്‍സ്‌ജെന്‍ഡര്‍) സമീപനത്തില്‍ ഇപ്പോള്‍ വലിയ തോതില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ടു കാലത്ത് അവര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത വിവിധ മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കാനും സമൂഹത്തെ ഭയക്കാതെ മുന്നോട്ടു വരാനുള്ള സാഹചര്യവും അതിനാവശ്യമായ പ്രചോദനവും ഇന്ന് അവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍ നിന്നുള്ള പലര്‍ക്കും മറ്റുള്ളവര്‍ക്കൊരു റോള്‍ മോഡലാകാന്‍ കഴിയുന്നു എന്നതാണ് വാസ്തവം. ഇതിന് ഉത്തമ ഉദാഹരണമാണ് കൊല്‍ക്കത്ത സ്വദേശിനിയായ ജോയിറ്റ മൊണ്ടാല്‍. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി എന്ന നിലയിലാണ് ജോയിറ്റ ജനശ്രദ്ധ നേടുന്നത്.

പശ്ചിമ ബംഗാളിലെ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തില്‍ ജനിച്ച ജോയിറ്റക്ക് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ അക്കാലത്തെ സാമൂഹ്യ വിവേചനങ്ങളും കളിയാക്കലുകളുമെല്ലാം സഹിക്കേണ്ടി വന്നിട്ടുണ്ട്. ലിംഗപരമായ ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പലപ്പോഴും ബസ് സ്റ്റാന്റുകളില്‍ ഉറങ്ങുകയും തെരുവോരങ്ങളില്‍ ഭിക്ഷ യാചിക്കേണ്ടിയും വന്നിട്ടുണ്ട് ഈ ഇരുപത്തിയൊമ്പതുകാരിക്ക്. എന്നാലിന്ന് ഇതൊന്നുംതന്നെ ജോയിറ്റയെ അലട്ടുന്നില്ല. തന്റെ ജീവിതം മറ്റുള്ളവര്‍ക്കൊരു പ്രചോദനമാകുന്നതില്‍ അതീവ സന്തുഷ്ടയാണ് ഈ യുവതി. ” സ്‌കൂളിലെ മറ്റ് ആണ്‍കുട്ടികളുടെ കളിയാക്കലുകള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്ന് ഞാന്‍ ഒരിക്കലും കുടുംബത്തോട് തുറന്നു പറഞ്ഞിട്ടില്ല. തൊട്ടടുത്തുള്ള ജില്ലയായ ദിന്‍ജാപൂരില്‍ ഒരു ജോലി ലഭിച്ചെന്നു കള്ളം പറഞ്ഞാണ് പണ്ട് വീട് വിട്ടത്. ജോലി മികച്ചതല്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ തിരികെ വരുമെന്നറിയിച്ചതോടെ അമ്മ സമ്മതിക്കുകയും ചെയ്തു,” ജോയിറ്റ പറയുന്നു.

സ്‌കൂളില്‍ ആണ്‍കുട്ടികളില്‍ നിന്നുള്ള കളിയാക്കലുകളേക്കാള്‍ ഭീകരമായിരുന്നു വീട് വിട്ടിറങ്ങിയപ്പോള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ജോയിറ്റക്ക് നരിടേണ്ടി വന്നത്. ട്രാന്‍സ് ജെന്‍ഡര്‍ ആയതിന്റെ പേരില്‍ ഹോട്ടലുകള്‍ റൂം നിഷേധിച്ചതോടെ ബസ് സ്റ്റാന്റില്‍ ഉറങ്ങേണ്ടി വന്നത് ഇന്നും മറക്കാനാവാത്ത മുറിപ്പാടാണെന്ന് അവര്‍ പറയുന്നു. ”എനിക്കെതിരെ ശാരീരിക, ലൈംഗിക ആക്രമണള്‍ ഒരുക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ സമൂഹം എന്നെകുറിച്ച് വിലയിരുത്തുന്നതും കളിയാക്കലുകളും അവരുടെ തുറിച്ചു നോട്ടവുമാണ് ഏറ്റവും വേദനയുണ്ടാക്കിയിട്ടുള്ളത്,” ജോയിറ്റ പറയുന്നു.

കൊല്‍ക്കത്തയിലെ സ്വന്തം വീട് ഉപേക്ഷിച്ചിറങ്ങി 10 വര്‍ഷം പിന്നിടുമ്പോഴാണ് ജോയിറ്റയെ തേടി ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ജഡ്ജി എന്ന പദവിയെത്തുന്നത്. വടക്കന്‍ ദിന്‍ജാപൂരിലെ നാഷണല്‍ ലോക് അദാലത്ത് (സിവില്‍ കോടതി) ബെഞ്ചില്‍ ഈ വര്‍ഷം ജൂലൈ 8നാണ് ജോയിറ്റ നിയമിതയായത്. ജഡ്ജ്ഷിപ്പ് ഓണ്‍ഡ്യൂട്ടി എന്ന വിഭാഗത്തിലാണ് നിയമനം

വീടു വിട്ടിറങ്ങി ദിന്‍ജാപൂര്‍ ജില്ലയിലെ ഇസ്ലാംപൂരിലെത്തിയ ജോയിറ്റ് പിന്നീട് തിരികെ പോയിട്ടില്ല. നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നെങ്കിലും ജീവിതത്തില്‍ മുന്നേറണമെന്ന ചിന്തയില്‍ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ ജോയിറ്റക്ക് കഴിഞ്ഞു. ഒരു ട്രാന്‍സ് ജെന്‍ഡര്‍ എന്ന നിലയില്‍ സമൂഹത്തില്‍ നിന്നും മാറി നിലനില്‍ക്കാനല്ല അവര്‍ ആഗ്രഹിച്ചത്, മറിച്ച് പുറംലോകം കാണാതെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് തനിക്കു കഴിയാവുന്നതു ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ സമൂഹത്തില്‍ വിവേചനം നേരിടുന്നവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട്. ഇതിനൊപ്പം വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ നിയമ ബിരുദം നേടാനും കഴിഞ്ഞു. ഒരു പ്രമുഖ നാഷണല്‍ ബാങ്കിന്റെ കോള്‍ സെന്റര്‍ വിഭാഗത്തിലും അവര്‍ ജോലി ചെയ്തിട്ടുണ്ട്. ദിന്‍ജാപൂരില്‍ സ്ഥിര താമസമാക്കിയതോടെ 2010ല്‍ ഈ ജില്ലയില്‍ നിന്നും വോട്ടര്‍ ഐഡി ലഭിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തി എന്ന നേട്ടവും ജോയിറ്റക്ക് കരസ്ഥമാക്കാനായി.

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ദിന്‍ജാപൂര്‍ നൊട്ടൂണ്‍ ആലോ സൊസൈറ്റി എന്ന പേരില്‍ ഒരു ട്രാന്‌സ് ജെന്‍ഡര്‍ സംഘടന ജോയിറ്റ രൂപീകരിച്ചു. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വിവേചനം നേരിടുന്ന ആയിരക്കണക്കിന് ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്. ജോയിറ്റയുടെ നേതൃത്വത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടെ നിരവധി അംഗങ്ങളെ കോര്‍ത്തിണക്കിയ ഈ പ്രസ്ഥാനം നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനപരിപാലനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്.

കൊല്‍ക്കത്തയിലെ സ്വന്തം വീട് ഉപേക്ഷിച്ചിറങ്ങി 10 വര്‍ഷം പിന്നിടുമ്പോഴാണ് ജോയിറ്റയെ തേടി ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ജഡ്ജി എന്ന പദവിയെത്തുന്നത്. വടക്കന്‍ ദിന്‍ജാപൂരിലെ നാഷണല്‍ ലോക് അദാലത്ത് (സിവില്‍ കോടതി) ബെഞ്ചില്‍ ഈ വര്‍ഷം ജൂലൈ 8നാണ് ജോയിറ്റ നിയമിതയായത്. ജഡ്ജ്ഷിപ്പ് ഓണ്‍ഡ്യൂട്ടി എന്ന വിഭാഗത്തിലാണ് നിയമനം. വര്‍ഷങ്ങള്‍ക്കു മുമ്പ് വീടു വിട്ടിറങ്ങി ഒരു താമസ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ജോയിറ്റ രാത്രികാലങ്ങളില്‍ ഉറങ്ങിയിരുന്ന അതേ ബസ് സ്റ്റാന്റിനടുത്താണ് ഈ കോടതിയും സ്ഥിതി ചെയ്യുന്നത്. 29 വര്‍ഷത്തെ തന്റെ ജീവിതത്തില്‍ വിസ്മരിക്കാനാവാത്ത സമ്മാനമായിട്ടാണ് ജോയിറ്റ ഈ പദവിയെ കാണുന്നത്.

” ദുര്‍ബല സമൂഹത്തില്‍ നിന്നും ഒരു വ്യക്തിയെ ഉയര്‍ന്ന പദവിയില്‍ സര്‍ക്കാര്‍ നിയമിക്കുന്നത് പതിവാണ്. അതോടെ ആ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഒതുക്കിവെയ്ക്കപ്പെടുമെന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ ഞാന്‍ ഇത് അനുവദിക്കില്ല. ഇസ്ലാംപൂരിലെ രണ്ടോ മൂന്നോ ശതമാനം ആളുകള്‍ക്കു മാത്രമാണ് സമൂഹത്തില്‍ മാന്യതയുള്ള ജോലി ലഭിച്ചിട്ടുള്ളത്. എന്റെ നിയമനം ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് ലഭിച്ച അംഗീകാരമായാണ് കാണുന്നത്. അവര്‍ക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്,” ജോയിറ്റ പറയുന്നു. 150-200 രൂപയ്ക്കായി ലൈംഗിക തൊഴിലാളി ജീവിതം നയിക്കാതെ ഈ വിഭാഗത്തിലെ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും മാന്യമായി ജോലി ചെയ്യാന്‍ ആവശ്യമായ സഹായം ചെയ്യാനാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK Special, Slider