മാതൃഭാഷയുടെ പ്രാധാന്യം

മാതൃഭാഷയുടെ പ്രാധാന്യം

സ്‌കൂള്‍ വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെ നിര്‍ബന്ധമാക്കണമെന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. ഏറെ അര്‍ത്ഥതലങ്ങളുണ്ട് അതിന്

ഇംഗ്ലീഷ് ഭാഷയുടെ പുറകെ യുക്തിയില്ലാതെ ഓടിയതിന്റെ ഫലമാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ സംഭവിച്ച പല അപചയങ്ങളും. ഒരു ഭാഷയും ശ്രേഷ്ഠമല്ലാത്തതല്ല. ഇംഗ്ലീഷും അതുപോലെ തന്നെയാണ്. എന്നാല്‍ മാതൃഭാഷയെ ചവറ്റുകൊട്ടയിലെറിഞ്ഞ് ഇംഗ്ലീഷല്ല, ഏത് ഭാഷയെ പുല്‍കാനുള്ള ശ്രമവും ആശാസ്യമായതല്ല. ഒരു കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം അവന്റെ മാതൃഭാഷയില്‍ നല്‍കുന്നതാണ് ഏറ്റവും അഭികാമ്യം. അവനിലേക്കോ അവളിലേക്കോ തുടക്കത്തില്‍ അറിവ് സന്നിവേശിപ്പിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം അതാണെന്ന് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതല്ലാതെ ജനിച്ചു വീഴുമ്പോഴേ അന്യഭാഷ പഠിപ്പിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് പുരോഗതി കൈവരൂ എന്ന ചിന്തയെല്ലാം ഇല്ലാതാകേണ്ട കാലം കഴിഞ്ഞു. പ്രാഥമിക ക്ലാസുകളില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും വിവിധ വിഷയങ്ങളില്‍ അറിവില്ലാത്തതിന് പ്രധാന കാരണം ഇത്തരത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ ഭാഷാ സംസ്‌കാരമാണ്. ഈ പശ്ചാത്തലത്തില്‍ തീര്‍ത്തും ശ്രദ്ധേയമാകുന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് മാതൃഭാഷ നിര്‍ബന്ധമാക്കണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിന് സമൂഹവും നയരൂപകര്‍ത്താക്കളും വേണ്ടത്ര പ്രാധാന്യം നല്‍കണം. ഒരു സമൂഹത്തിന്റെ ആത്മാവാണ് ഭാഷ. വിവിധ സംസ്‌കൃതികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നൂല്‍.

മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ആധാരമായി വര്‍ത്തിക്കുന്നത് വിവിധ തലങ്ങളിലൂടെ രൂപപ്പെട്ടുവന്ന പ്രാദേശിക ഭാഷകളാണ്. ഒരു സംസ്‌കൃതിയുടെ ജീവനാഡിയായ ഭാഷ തന്നെയാണ് ചരിത്രനിര്‍മിതിയില്‍ മുഖ്യമായ പങ്കുവഹിക്കുന്നതും. അത്യാധുനിക വികസനത്തിന് പേരുകേട്ട ഇസ്രയേല്‍ അവരുടെ ഹീബ്രൂ ഭാഷയ്ക്ക് നല്‍കുന്ന പ്രാധാന്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഹിന്ദിയോ ഇംഗ്ലീഷോ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യം ഇന്ത്യയില്‍ ഒഴിവാകേണ്ടതുണ്ട്. അസംഖ്യം പ്രാദേശിക ഭാഷകളുള്ള ഇത്രയും സങ്കീര്‍ണമായ ഒരു സമൂഹത്തില്‍ ദേശീയ ഐക്യത്തിന്റെ ഭാഗമായും ആഗോള തലത്തില്‍ ഇടപെടലുകള്‍ നടത്താനും ഭാഷകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിക്കാമെങ്കിലും അടിച്ചേല്‍പ്പിക്കല്‍ അരുത്. അത് വിപരീത ഫലം ചെയ്യും. ഉപരാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് മാതൃഭാഷകളില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്.

Comments

comments

Categories: Editorial, Slider