ചൈനയിലെ ഗ്രേറ്റ് ഫയര്‍വാള്‍ അഥവാ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്

ചൈനയിലെ ഗ്രേറ്റ് ഫയര്‍വാള്‍ അഥവാ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്

ഇന്റര്‍നെറ്റില്‍ ഇന്‍ഫര്‍മേഷനുകളുടെ പ്രവാഹം നിരീക്ഷി ക്കുകയും രാജ്യത്തെ വ്യവസ്ഥാപിതമായ രീതികള്‍ക്കെതിരായി ഇന്റര്‍നെറ്റില്‍ വര്‍ത്തിക്കുന്ന എന്തിനെയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്ന ശൃംഖലയാണു ഗ്രേറ്റ് ഫയര്‍വാള്‍. ചൈനീസ് ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ ഷീല്‍ഡ് പ്രൊജക് റ്റിനു കീഴിലുള്ള ഒരു നിരീക്ഷണ പദ്ധതി കൂടിയാണിത്

ചൈനീസ് സര്‍ക്കാരിന്റെ വമ്പന്‍ സെന്‍സര്‍ഷിപ്പ് ശൃംഖലയാണ് ദി ഗ്രേറ്റ് ഫയര്‍വാള്‍ ഓഫ് ചൈന (The Great Firewall of China ). ഇന്റര്‍നെറ്റില്‍ ഇന്‍ഫര്‍മേഷനുകളുടെ പ്രവാഹം നിരീക്ഷിക്കുകയും രാജ്യത്തെ വ്യവസ്ഥാപിതമായ രീതികള്‍ക്കെതിരായി ഇന്റര്‍നെറ്റില്‍ വര്‍ത്തിക്കുന്ന എന്തിനെയും (ഉദാ. പ്രസംഗം, ആശയവിനിമയം) ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്ന ശൃംഖലയാണു ഗ്രേറ്റ് ഫയര്‍വാള്‍. ചൈനീസ് ഭരണകൂടത്തിന്റെ ഗോള്‍ഡന്‍ ഷീല്‍ഡ് പ്രൊജക്റ്റിനു കീഴിലുള്ള ഒരു നിരീക്ഷണ പദ്ധതി കൂടിയാണിത്.

ചൈനയില്‍, ആഭ്യന്തരതലത്തില്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നത് ഗ്രേറ്റ് ഫയര്‍വാളാണ്. ഈ ശൃംഖല വളരെ ബൃഹത്തായ സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ സേനയില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അധികം പേര്‍ ഗ്രേറ്റ് ഫയര്‍വാളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്റര്‍നെറ്റിനു മേല്‍ പരമാവധി നിയന്ത്രണം ഗ്രേറ്റ് ഫയര്‍വാളിലൂടെ ഉറപ്പുവരുത്തുന്നു.
ചൈനയില്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ജി മെയ്ല്‍, യു ട്യൂബ് പോലുള്ള സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇതെല്ലാം സാധ്യമാക്കിയത് ഗ്രേറ്റ് ഫയര്‍വാളാണ്. ചൈനയില്‍ ഈ ശൃംഖലയ്ക്കാണു വെബ്‌സൈറ്റുകളും, ആപ്പുകളും, മറ്റ് ഡിജിറ്റല്‍ സേവനങ്ങളും ബ്ലോക്ക് ചെയ്യാനും ഫില്‍ട്ടര്‍ ചെയ്യാനും അധികാരമുള്ളത്. 1997-ലാണു ചൈനയില്‍ ആദ്യ ഇന്റര്‍നെറ്റ്/ കമ്പ്യൂട്ടര്‍ ക്രൈം നിയമം രൂപീകരിച്ചത്. അതേ വര്‍ഷം തന്നെ ചൈനയിലെ നിയമനിര്‍മാണ സംഘമായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ക്രിമിനല്‍ നിയമം 1997 അഥവാ സിഎല്‍ 97 ഭേദഗതി ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങളെ ഈ നിയമം പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കി. 2016-ല്‍ ചൈനീസ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സുരക്ഷാ നിയമം പാസാക്കുകയും ചെയ്തു. ഈ നിയമത്തില്‍ ഐഎസ്പി (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍), ഗേറ്റ്‌വേ കണക്ഷന്‍, അതുമല്ലെങ്കില്‍ ഇന്റര്‍നെറ്റിലേക്ക് പ്രവേശനം സാധ്യമാക്കുന്ന ഏതുതരം സംവിധാനങ്ങളെയും ബ്ലോക്ക് ചെയ്യാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. ചൈനയില്‍ ഇന്റര്‍നെറ്റില്‍ ഡമോക്രസി, ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലപാതകം തുടങ്ങിയ പദങ്ങള്‍ സെര്‍ച്ച് ചെയ്താല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ നിരാശപ്പെടും. കാരണം ഈ പദാവലികളൊന്നും നെറ്റില്‍ ലഭ്യമല്ല. അതു സര്‍ക്കാര്‍ ഫില്‍ട്ടര്‍ ചെയ്തിരിക്കുകയാണ്. വെബ്‌സൈറ്റുകള്‍ക്കു മാത്രമല്ല, ആപ്പുകള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള(വിപിഎന്‍) പ്രവേശനമാര്‍ഗം ബ്ലോക്ക് ചെയ്യാന്‍ ചൈനയിലെ ടെലകമ്മ്യൂണിക്കേഷന്‍സ് പ്രൊവൈഡര്‍മാരോട് ഭരണകൂടം ഉത്തരവിട്ടിരുന്നു. വെബ്‌സൈറ്റുകളിലുള്ള നിയന്ത്രണങ്ങള്‍ മറികടക്കാന്‍ യൂസര്‍മാരെ സഹായിക്കുന്ന സംവിധാനമാണു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍. ഇതോടെ ചൈനയിലുള്ളവര്‍ക്ക് ഗ്രേറ്റ് ഫയര്‍വാള്‍ അനുവദിക്കുന്ന സൈറ്റുകള്‍ മാത്രം സന്ദര്‍ശിച്ചു തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. ഇത്തരം നിയന്ത്രണങ്ങള്‍ ചൈനയെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതില്‍നിന്നും പിന്‍വലിക്കുന്ന ഘടകമാണ്. ഗ്ലോബല്‍ ഇന്നൊവേഷന്റെ ഹബ്ബായി ചൈനയെ മാറ്റാനുള്ള ശ്രമം ഇത്തരം നിയന്ത്രങ്ങള്‍ ഹനിക്കുമെന്ന ഭയവും ചൈനയിലെ അക്കാദമീഷ്യന്മാര്‍ക്കുണ്ട്.
ചൈനയുടെ അടിത്തറ ഇളക്കാന്‍ പര്യാപ്തമായിരിക്കും ഇന്റര്‍നെറ്റ് ഫ്രീഡം എന്നാണു ഭരണകൂടം വിചാരിക്കുന്നത്. 2010-11 കാലഘട്ടത്തില്‍ വീശിയടിച്ച അറബ് വസന്തം പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏകാധിപതികളെ സ്ഥാനഭ്രഷ്ടരാക്കിയ സംഭവങ്ങള്‍ ഉദാഹരണമായി ചൈനയ്ക്ക് മുന്‍പിലുണ്ട്. അറബ് വസന്തത്തിന്റെ വിജയം സാധ്യമാക്കിയത് ഗൂഗിളും ഫേസ്ബുക്കും യൂ ട്യൂബുമൊക്കെയാണ്. ഇക്കാര്യം അറിയാത്തവരല്ല ചൈനീസ് ഭരണകൂടം. പക്ഷേ ഇതിന്റെ പേരില്‍ ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ രാജ്യം നേരിടാന്‍ പോകുന്നത് മറ്റൊരു നഷ്ടമാണ്. അത് ശാസ്ത്രസാങ്കേതിക രംഗത്തും, ഐടി രംഗത്തും എന്തിന് രാജ്യത്തിന്റെ വികസനരംഗത്ത് പോലും ദോഷം ചെയ്യുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

Comments

comments

Categories: FK Special, Slider