സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍ നാലാം സ്ഥാനത്ത് ഡെല്‍ഹി

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍ നാലാം സ്ഥാനത്ത് ഡെല്‍ഹി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ മുഖം നഷ്ടപ്പെട്ട് രാജ്യതലസ്ഥാനമായ ഡെല്‍ഹി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിലാണ് ഡെല്‍ഹി ഇടം പിടിച്ചിട്ടുള്ളത്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സര്‍വെയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം, ബലാത്സംഗം, പീഡനം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ ഭയക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ബ്രസീലിലെ സാവോപോളോയോടൊപ്പമാണ് ഡെല്‍ഹിയുടെ സ്ഥാനം.

ഓടുന്ന ബസില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായതിന് ഡെല്‍ഹി നഗരം സാക്ഷിയായിട്ട് അഞ്ച് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായി ജനങ്ങള്‍ പ്രതിഷേധിക്കുകയും സ്ത്രീകള്‍ക്കു വേണ്ടി മികച്ച രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.

ലോകത്തിലെ 19 വന്‍കിട നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വെ നടത്തിയത്. സര്‍വെയുടെ ഭാഗമായി 380 വിദഗ്ധരില്‍ നിന്നും ലൈംഗികാതിക്രമത്തിന്റെ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സ്ത്രീകള്‍ക്ക് ഏറ്റവും ഭയാനകമായിട്ടുള്ള നഗരം ഈൗജിപ്തിന്റെ തലസ്ഥാനമായ കയ്‌റോയാണ്. മെക്‌സിക്കോ സിറ്റി, ധാക്ക എന്നിവയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പുറകിലാണ്. നാലാം സ്ഥാനത്താണ് പട്ടികയില്‍ ഡെല്‍ഹിയുടെ സ്ഥാനം. ലൈംഗികാതിക്രമത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള നഗരം ജപ്പാനിലെ ടോക്കിയോ ആണെന്നും സര്‍വെ വ്യക്തമാക്കുന്നു.

Comments

comments

Categories: Top Stories