ബിറ്റ്‌കോയിനില്‍ വ്യക്തത വരുത്തണം

ബിറ്റ്‌കോയിനില്‍ വ്യക്തത വരുത്തണം

ബിറ്റ്‌കോയിനെ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് ആഗോള സമ്പദ് വ്യവസ്ഥയുടെ ആവശ്യമാണ്. വിവിധ ആഗോള സ്ഥാപനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്

ക്രിപ്‌റ്റോ കറന്‍സികളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ബിറ്റ്‌കോയിന്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. എന്നാല്‍ ഇതിനോട് ഏത് രീതിയിലാണ് പ്രതികരിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും രാജ്യങ്ങള്‍ക്കോ ആഗോള സാമ്പത്തിക സ്ഥാപനങ്ങള്‍ക്കോ വലിയ ധാരണയില്ല. കഴിഞ്ഞ ദിവസമാണ് ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ. ചെയര്‍മാന്‍ ജാമി ഡിമോണ്‍ ബിറ്റ്‌കോയിനെ ക്രിമിനലുകള്‍ക്കും തട്ടിപ്പുകാര്‍ക്കുമുള്ള ആയുധമെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അതേ ദിവസം തന്നെയാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ ബിറ്റ്‌കോയിനെക്കുറിച്ച് പോസിറ്റീവ് അഭിപ്രായവുമായി രംഗത്തെത്തിയത്. ധനകാര്യ സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സികളെ ഗൗരവകരമായി കാണേണ്ടതുണ്ടെന്നായിരുന്നു ലഗാര്‍ഡെയുടെ പ്രതികരണം.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍, കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം. ഇടനിലക്കാരോ കേന്ദ്ര ബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ബാങ്കിംഗ് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊണ്ടത്.

അതുകൊണ്ടുതന്നെ വ്യവസ്ഥാപിത ബാങ്കുകള്‍ക്ക് അതിനോട് ഒരിക്കലും വലിയ പ്രതിപത്തി തോന്നിയിരുന്നില്ല. കാലം മാറിയതോടെ ബിറ്റ്‌കോയിന്റെ മൂല്യം വളരെയധികം കൂടിയിട്ടുണ്ട്. അത് മുഖ്യധാരയിലേക്ക് പോലും ഒരുപക്ഷേ വന്നേക്കാം. ബാങ്കുകള്‍ ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം പദ്ധതികള്‍ തയാറാക്കുന്നതും അതിനെ എങ്ങനെ ഉള്‍ക്കൊള്ളാം എന്ന് പഠിക്കുന്നതുമായിരിക്കും ഗുണം ചെയ്യുക. എച്ച്എസ്ബിസിയും ബാര്‍ക്ലേയ്‌സും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും എല്ലാം ക്രിപ്‌റ്റോകറന്‍സി നയത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Editorial, Slider