ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണം: പ്രധാനമന്ത്രി

ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണം: പ്രധാനമന്ത്രി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 30 വര്‍ഷമായി ഐടി വിപ്ലവം നമ്മള്‍ കാണുന്നുവെന്നും ഇനി വേണ്ടത് പാരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ പരിപാലിച്ചു കൊണ്ടുള്ള ആരോഗ്യ വിപ്ലവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടേയും ആയുര്‍വേദത്തിന്റെയും വളര്‍ച്ചയ്ക്കായി സ്വകാര്യ മേഖലകള്‍ സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 157 കോടി രൂപ ചെലവിട്ട് ന്യൂഡെല്‍ഹിയില്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആധുനിക സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ( എയിംസ്) മാതൃകയിലായിരിക്കും ആയുഷ് മന്ത്രാലയത്തിനു കീഴില്‍ സ്ഥാപനം പ്രവര്‍ത്തിക്കുക.

യോഗയും ആയുര്‍വേദവും സൈനികര്‍ക്ക് ഫലപ്രദമാണ്. അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ആയുര്‍വേദത്തിന്റെ ഗുണമേന്മ നിരവധിയാണ്. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുന്നുണ്ട്. നിലവിലുള്ള ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണമെന്നും മികച്ച രീതിയില്‍ ആയുര്‍വേദ മരുന്നുകള്‍ പാക്ക് ചെയ്ത് വേണം വിതരണം ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.

പൈതൃകം നഷ്ടപ്പെടുത്തി പുരോഗതി കൈവരിക്കാനാകില്ല. യോഗ ഇന്ന് ലോകമെമ്പാടും വ്യാപിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. ആയുര്‍വേദ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയം രാജ്യത്തെ എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കും. നല്ല ആരോഗ്യം പ്രദാനം ചെയ്യുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധിക്കും. ഔഷധച്ചെടികള്‍ കൃഷി ചെയ്യുന്നത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. ഇതിനായി കര്‍ഷകര്‍ക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ആയുഷ്,കൃഷി മന്ത്രാലയങ്ങള്‍ നല്‍കും. 2022ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഈ നീക്കം പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories