സര്‍വകാല നേട്ടം കൊയത് ഓഹരി വിപണികള്‍

സര്‍വകാല നേട്ടം കൊയത് ഓഹരി വിപണികള്‍

ബുധനാഴ്ചയാണ് സംവത് 2073 വ്യാപാരം അവസാനിപ്പിക്കുന്നത്

മുബൈ: ദീപാവലിയോട് അനുബന്ധിച്ച് നടന്ന വ്യാപാരത്തില്‍ (സംവത് 2073) ഓഹരി വിപണികള്‍ സര്‍വകാല നേട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. 2016 ഒക്‌റ്റോബറില്‍ 30ലെ 13,583ല്‍ നിന്നും ബിഎസ്ഇ (ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്) സ്‌മോള്‍ ക്യാപ് സൂചിക 3,320 പോയ്ന്റ് ഉയര്‍ന്ന് നടപ്പു വര്‍ഷം ഓക്‌റ്റോബര്‍ 12ന് 16,903ല്‍ എത്തി. ഇക്കാലയളവില്‍ വിവിധ മേഖലകളിലെ ഓഹരികളുടെ മൂല്യത്തില്‍ 1000 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

സംവത് 2073ല്‍ ബിഎസ്ഇ സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത് ഇന്ത്യാബുള്‍സ് വെഞ്ച്വേഴ്‌സ് ആണ്. ഇക്കാലയളവില്‍ ഇന്ത്യാ ബുള്‍സ് ഓഹരികളുടെ മൂല്യം 1,013 ശതമാനം ഉയര്‍ന്നു. തൊട്ടുപുറകില്‍ ഗ്രാഫൈറ്റ് ഇലക്ട്രോഡ് മാനുഫാക്ച്ചറിംഗ് കമ്പനികളായ എച്ച്ഇജി യുടെ ഓഹരികള്‍ 607 പോയ്ന്റും ഗ്രാഫൈറ്റ് ഇന്ത്യയുടെ ഓഹരികള്‍ 468 പോയ്ന്റും ഉയര്‍ന്നു. ഐടിഐ, അദാനി ട്രാന്‍സ്മിഷന്‍, വെന്‍കിസ് (ഇന്ത്യ), അവന്തി ഫീഡ്‌സ്, ഗ്രവിറ്റ ഇന്ത്യ എന്നിവയാണ് ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ നേട്ടം കൊയ്ത മറ്റ് കമ്പനികള്‍.

ആഗോള തലത്തിലും ആഭ്യന്തര തലത്തിലുമുള്ള നിരവധി തടസങ്ങള്‍ ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചിരുന്നു. യുഎസ് ഭരണതലപ്പത്ത് ഡൊണാള്‍ഡ് ട്രംപ് അവരോധിക്കപ്പെട്ടതും, മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പ്രത്യാഘാതങ്ങളും ജിഎസ്ടി പ്രാബല്യത്തില്‍ വന്നതുമുള്‍പ്പെടെയുള്ള ആശങ്കകള്‍ക്കു പുറമെ പ്രാദേശികമായ മറ്റു വെല്ലുവിളികളും വളര്‍ച്ചാ നിരക്കില്‍ അനുഭവപ്പെട്ട ഇടിവും ഇന്ത്യന്‍ വിപണിയെ പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍, ദീപാവലിയോടനുബന്ധിച്ചു നടന്ന വ്യാപാരത്തില്‍ പ്രകടമായ ആവേശം സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം പിടിച്ചുനിര്‍ത്താന്‍ വിപണിയെ സഹായിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.

പഞ്ചസാര കമ്പനിയായ ഉത്തം ഷുഗര്‍ മില്‍സ് (251% ഉയര്‍ന്നു), ടെക്‌സ്റ്റൈല്‍ കമ്പനിയായ ബോംബെ ഡൈയിംഗ് (269%), പമ്പ് മാനുഫാക്ച്ചറേഴ്‌സ് ശക്തി പമ്പ്‌സ് (245%), ടിവിഎസ് ഇലക്ട്രോണിക്‌സ്, ദിലിപ് ബില്‍ഡ്‌കോണ്‍, ജെനിസിസ് ഇന്റര്‍നാഷണല്‍, ടിന്‍പ്ലേറ്റ് കമ്പനി, ബസാലി എന്‍ജിനീയറിംഗ്, റെയ്ന്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയും ദീപാവലിയോടനുബന്ധിച്ച് വിപണിയില്‍ നേട്ടം കൊയ്തു. എനര്‍ജി ഡെവലപ്‌മെന്റ് കമ്പനി, ജെഎംടി ഓട്ടോ, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സിഗ്നെറ്റ് ഇന്‍ഡസ്ട്രീസ്, ലന്‍കോ ഇന്‍ഫ്രാടെക് എന്നിവയുടെ ഓഹരികളാണ് നഷ്ടം നേരിട്ടത്.

ഇന്നലെ നടന്ന വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നലെ ഉച്ചയോടെ സെന്‍സെക്‌സ് 122.17 പോയ്ന്റ് ഉയര്‍ന്ന് (0.38%) 32,554.86ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 39.45 പോയ്ന്റ് ഉയര്‍ന്ന് 10,206.90 എന്ന തലത്തിലാണ് വ്യാപാരം നടത്തിയത്. ബുധനാഴ്ചയാണ് സംവത് 2073 വ്യാപാരം അവസാനിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories