ചിലര്‍ അങ്ങനെയാണ്

ചിലര്‍ അങ്ങനെയാണ്

കാട്ടില്‍ വലിയൊരു മത്സരം നടക്കുകയാണ്. കാട്ടിലെ മരത്തവളകളുടെ ഇടയിലാണ് മത്സരം. മത്സരം കാണുവാനായി മൃഗങ്ങളെല്ലാം ഒത്തു കൂടിയിട്ടുണ്ട്. ആകെയൊരു ഉത്സവമേളം.
കാട്ടിലെ ഏറ്റവും ഉയരമുള്ള മരത്തിന്റെ മുകളില്‍ കയറി കഴിവ് തെളിയിക്കണം. അതാണ് മത്സരം. ചുറുചുറുക്കുള്ള മരത്തവളകളെല്ലാം മത്സരത്തില്‍ പങ്കെടുക്കുവാനായി ഒരുങ്ങി നില്‍ക്കുന്നു.

ഒരു മരത്തവളക്കുപോലും ഇത്രയും വലിയ മരത്തിന്റെ മുകളിലെത്താന്‍ സാധിക്കില്ല. അത്രമാത്രം ബുദ്ധിമുട്ടുള്ളതാണ് ഈ മത്സരം. മത്സരം വീക്ഷിക്കാനെത്തിയ മൃഗങ്ങള്‍ ഇതു പറഞ്ഞുകൊണ്ടിരുന്നു. മത്സരം ആരംഭിച്ചു. തവളകള്‍ മരത്തില്‍ കയറാന്‍ തുടങ്ങി. ചിലര്‍ കൈവിട്ടു താഴെ വീണു. മൃഗങ്ങള്‍ അവരെ ആര്‍ത്തു വിളിച്ച് കളിയാക്കി. മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന മറ്റു തവളകളെ നോക്കി അവര്‍ പറഞ്ഞു- ”ഇപ്പോള്‍ താഴെ വീഴും.” ഇതുകേട്ട കുറെ തവളകള്‍ താഴേക്ക് വീണു. അവരുടെ വീഴ്ച കണ്ട മൃഗങ്ങള്‍ അലറിച്ചിരിച്ചു.

ചില തവളകള്‍ മരത്തിന്റെ പകുതിയോളം എത്തി. അവരെ നോക്കി മൃഗങ്ങള്‍ വിളിച്ച് പറഞ്ഞു- ”നിങ്ങളെ കൊണ്ട് ഈ മരത്തിന്റെ മുകളിലെത്താന്‍ സാധിക്കില്ല. താഴെ വീണു കാലൊടിയേണ്ടെങ്കില്‍ വേഗം തിരിച്ചിറങ്ങിക്കൊള്ളൂ.” ഇതു കേട്ട കുറെ തവളകള്‍ പേടിച്ച് തിരിച്ചിറങ്ങി പോന്നു.

മുകളിലേക്ക് കയറിക്കൊണ്ടിരുന്നവരെയെല്ലാം മൃഗങ്ങള്‍ നിരുല്‍സാഹപ്പെടുത്തി. കയറിക്കൊണ്ടിരുന്ന തവളകള്‍ ഓരോരുത്തരായി പേടിച്ച് തിരികെ ഇറങ്ങിക്കൊണ്ടിരുന്നു.

അവസാനം ഒരു മുടന്തന്‍ തവളയൊഴിച്ച് ബാക്കിയെല്ലാവരും മത്സരത്തില്‍ നിന്നും പിന്‍വാങ്ങി. വാശിയോടെ മത്സരിച്ച മുടന്തന്‍ തവള മരത്തിന് മുകളിലെത്തി വിജയിയായി. താഴെ ഇറങ്ങിയ മുടന്തന്‍ തവളയെ മൃഗങ്ങള്‍ ആര്‍പ്പു വിളികളോടെ സ്വീകരിച്ചു. എല്ലാവരും അവനെ അഭിനന്ദിച്ചു. ആരോഗ്യവാന്മാരായ മിടുക്കരായ മറ്റു തവളകള്‍ തോറ്റു പിന്മാറിയ സ്ഥാനത്ത് എങ്ങനെയാണ് നിനക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ആ രഹസ്യം എന്താണ് മൃഗങ്ങള്‍ ചോദിച്ചു.

മുടന്തന്‍ തവള ഒന്നും പറഞ്ഞില്ല. അപ്പോള്‍ വയസായ ഒരു തവള പറഞ്ഞു-”അവന് ചെവി കേള്‍ക്കില്ല. അതുകൊണ്ട് നിങ്ങളുടെ നിരുല്‍സാഹപ്പെടുത്തലുകള്‍ അവന്‍ കേട്ടില്ല. നിങ്ങളുടെ നിരുല്‍സാഹപ്പെടുത്തലുകളെ അവന്‍ പ്രോത്സാഹനമാണെന്ന് വിചാരിച്ചു. അത് കൊണ്ടു തന്നെ അവന്‍ ഉത്സാഹപൂര്‍വ്വം പ്രയത്‌നിച്ചു.”
നമുക്ക് ചുറ്റും ഇതുപോലെയുള്ള ആളുകള്‍ ഉണ്ട്. നാം വിജയിക്കില്ല എന്ന് നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നവര്‍. അവര്‍ പ്രശ്‌നങ്ങളുടെ മോശം വശങ്ങളെ മാത്രമേ കാണൂ. തങ്ങള്‍ സത്യമാണ് പറയുന്നതെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ അവര്‍ നമ്മെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മുടെ കഴിവിനേക്കാള്‍ നമ്മുടെ ദൗര്‍ബല്യത്തിലാണ് അവരുടെ ശ്രദ്ധ. ഏതു പ്രവര്‍ത്തി നാം ചെയ്യാന്‍ തുടങ്ങിയാലും നമുക്കതിനാവില്ല എന്ന് അവര്‍ നമുക്ക് ചുറ്റും കൂടി നിന്ന് പറഞ്ഞുകൊണ്ടേയിരിക്കും.

ജീവിതത്തില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കുന്നതില്‍ ഇവര്‍ക്ക് വലിയൊരു പങ്കുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഇവര്‍ക്ക് വേണമെന്നില്ല. നിരുല്‍സാഹപ്പെടുത്തല്‍ അവരുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വിജയിക്കുവാന്‍ പരിശ്രമിക്കുന്നവനെ വലിച്ചു താഴെ ഇറക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

ഇവിടെ ബധിര കര്‍ണ്ണങ്ങളാണ് നമുക്കാവശ്യം. ഈ നിരുല്‍സാഹപ്പെടുത്തലുകള്‍ നാം കേള്‍ക്കുന്നതേയില്ല. അവരുടെ ശബ്ദഘോഷങ്ങള്‍ നമുക്ക് പ്രോല്‍സാഹനങ്ങളായി തോന്നണം. ഇവരെ നേരിടാന്‍ അതു മാത്രമേ വഴിയുള്ളൂ. ജീവിതത്തിന്റെ പാതയില്‍ ഇവരെ നാം പലയിടങ്ങളില്‍ കണ്ടുമുട്ടും. നമ്മുടെ വിജയത്തെ തടുക്കുന്ന ഇവരുടെ വാക്കുകള്‍ക്ക് നേരെ ചെവി അടച്ച് പിടിക്കൂ.

Comments

comments

Categories: FK Special, Slider