പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത

പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത

ഇന്ത്യയുടെ പ്രതിരോധ മേഖല സ്വയം പര്യാപ്തത കൈവരിക്കാനാണ് നീങ്ങുന്നതെന്ന പ്രതിരോധ സഹമന്ത്രിയുടെ പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നതാണ്

പ്രതിരോധസേനകള്‍ക്ക് വേണ്ടത്ര ആയുധങ്ങളില്ലെന്ന വിമര്‍ശനങ്ങളെ തള്ളിക്കളയുന്നതായാണ് ഇന്ത്യയുടെ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് അദ്ദേഹം അതിനെ സാധൂകരിക്കാന്‍ പറഞ്ഞത്. അതിലുപരിയായി പ്രതിരോധ സഹമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷ നല്‍കുന്ന ഒന്നുണ്ട്. പ്രതിരോധ മേഖല സ്വയം പര്യാപ്തത കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കാലങ്ങളായി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണ് പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തത. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയ്ക്ക് പുതിയ മാനം തന്നെ കൈവന്നിട്ടുണ്ട്. ഈ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ അത്യന്തം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഏറ്റവും മുന്‍ഗണന നല്‍കുന്ന പദ്ധതികളിലൊന്നായി തന്നെ വേണം ഇതിനെ കാണാന്‍. എന്നാല്‍ പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തതയുടെ പേരില്‍ കഴിവും വൈദഗ്ധ്യവുമൊന്നുമില്ലാത്ത കമ്പനികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഒരു കാരണവശാലും ഇടവരരുത്. ഇതില്‍ ശക്തമായ മോണിറ്ററിംഗ് തന്നെ വേണം.

നേരിട്ടുള്ള വിദേശനിക്ഷേപം മേഖലയില്‍ അനുവദിക്കുമ്പോഴും നയങ്ങള്‍ ഉദാരമാക്കുമ്പോള്‍ പ്രാഥമിക ലക്ഷ്യം സേനയുടെ സുരക്ഷ തന്നെയാകണം. പ്രതിരോധ മേഖലയിലേക്കുള്ള ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ ഇപ്പോഴും നന്നേ കുറവാണ്. ഇന്ത്യയുടെ എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍)കള്‍ക്ക് മികച്ച അവസരമാണ് പ്രതിരോധ നിര്‍മാണ രംഗം. ഒരു സൂപ്പര്‍ പവര്‍ എന്ന നിലയില്‍ കുതിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് പ്രതിരോധ ഉപകരണങ്ങള്‍ക്കു വേണ്ടി ഇറക്കുമതിയെ മാത്രം ആശ്രയിക്കുകയെന്നത് ആശാസ്യമല്ല. രാജ്യത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മികച്ച ഭാവിക്ക് പ്രതിരോധ ഉല്‍പ്പാദന രംഗത്തിന്റെ തദ്ദേശീയവല്‍ക്കരണം അനിവാര്യമാണ്. ആഭ്യന്തര പ്രതിരോധ വ്യവസായ രംഗത്തെ പുഷ്ടിപ്പെടുത്താതെ ഒരു രാജ്യത്തിന് വന്‍ശക്തിയാകാന്‍ കഴിയില്ലെന്നാണ് ഒരിക്കല്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതിരോധരംഗത്തെ തദ്ദേശീയവല്‍ക്കരണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാല്‍ അത് വേണ്ട രീതിയില്‍ നടപ്പാക്കുകയെന്നത്, കടുത്ത വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അനിവാര്യമായ നടപടിയാണ്.

ദീര്‍ഘനാള്‍ വിദേശ ഇറക്കുമതിയെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഒരേസമയം സുരക്ഷയുടെ വീക്ഷണകോണിലും സാമ്പത്തികപരമായ വീക്ഷണകോണിലും രാജ്യത്തിന് ഭൂഷണമല്ല. കാരണം അത്രമാത്രം മൂല്യവര്‍ധനയുണ്ടാക്കാന്‍ ശേഷിയുള്ള രംഗമാണ് പ്രതിരോധം. അതു കണക്കിലെടുത്താണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ മേഖലയിലുള്ള സംരംഭങ്ങളായിരിക്കുമെന്ന് പ്രധാനമന്ത്രി ഏറെ മുമ്പ് വ്യക്തമാക്കിയത്. ഇതുവരെ പ്രതിരോധ നിര്‍മാണ രംഗത്ത് പൊതുമേഖലാ കമ്പനികളുടെയും ഡിആര്‍ഡിഒയുടെയും മാത്രം സജീവ ഇടപെടലാണ് നമ്മള്‍ കണ്ടത്. ഇനി സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തി പ്രതിരോധ വ്യവസായ രംഗത്ത് വിപ്ലവം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. 2001ലാണ് പ്രതിരോധ വ്യവസായ രംഗത്ത് സ്വകാര്യ മേഖലയ്ക്കും വരാം എന്ന സുപ്രധാനമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 26 ശതമാനമായും നിശ്ചയിച്ചു. എന്നാല്‍ അത്രമാത്രം വളര്‍ച്ചയൊന്നും ഈ വ്യവസായത്തില്‍ സ്വകാര്യ മേഖലയ്ക്ക് കൈവരിക്കാന്‍ സാധിച്ചിട്ടില്ല. 3-4 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ കാര്യമായ ഇടപെടല്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട്. സര്‍ക്കാര്‍ ഈ മേഖലയെ അടിമുടി മാറ്റുന്നതിനും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനും വേണ്ടി ഇച്ഛാശക്തിയോടെ നടപടികള്‍ കൈക്കൊള്ളണം. ഒപ്പം ശക്തമായ നിയന്ത്രണവും വേണം.

Comments

comments

Categories: Editorial, Slider