വില്‍പ്പന സംതൃപ്തി സൂചികയില്‍ മഹീന്ദ്ര ഒന്നാമത്

വില്‍പ്പന സംതൃപ്തി സൂചികയില്‍ മഹീന്ദ്ര ഒന്നാമത്

2016 സെപ്റ്റംബറിനും 2017 ഏപ്രില്‍ മാസത്തിനുമിടയില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയ 7,831 പേരുടെ പ്രതികരണങ്ങളാണ് തേടിയത്

ന്യൂ ഡെല്‍ഹി : ജെഡി പവറിന്റെ 2017 ലെ വില്‍പ്പന സംതൃപ്തി സൂചികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്നാമത്. ടൊയോട്ട, ഫോഡ് തുടങ്ങിയ അന്തര്‍ദേശീയ വാഹന നിര്‍മാതാക്കളെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനി സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. മഹീന്ദ്ര 866 പോയന്റ് സ്വന്തമാക്കിയപ്പോള്‍ 856 പോയന്റുമായി ടൊയോട്ട രണ്ടാമതും 846 പോയന്റുമായി ഫോഡ് മൂന്നാമതുമായി. 840 പോയന്റാണ് വിപണി ശരാശരി. 2016 സെപ്റ്റംബറിനും 2017 ഏപ്രില്‍ മാസത്തിനുമിടയില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയ 7,831 പേരുടെ പ്രതികരണങ്ങളാണ് സര്‍വ്വെയുടെ ഭാഗമായി തേടിയത്.

2017 ജെഡി പവര്‍ വില്‍പ്പന സംതൃപ്തി സൂചിക തയ്യാറാക്കുന്നതിന് ആറ് കാര്യങ്ങളാണ് പ്രധാനമായും തിരക്കിയത്. ഡീലര്‍ഷിപ്പുകളുടെ വില്‍പ്പനയ്ക്ക് മുന്‍കയ്യെടുക്കല്‍ (17 ശതമാനം), ഡീലര്‍മാര്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ (17 ശതമാനം), കടലാസ് ജോലികള്‍ക്കുശേഷം ഇടപാട് പൂര്‍ത്തിയാക്കല്‍ (17 ശതമാനം), കൃത്യസമയത്ത് ഡെലിവറി (17 ശതമാനം), സെയ്ല്‍സ്‌പേഴ്‌സണ്‍ (16 ശതമാനം), ഡെലിവറി സംബന്ധമായ നടപടികള്‍ (16 ശതമാനം) എന്നിവ ഉപയോക്താക്കളില്‍നിന്ന് ചോദിച്ചറിഞ്ഞു.

വാഹന വിപണിയിലെ വില്‍പ്പന സംതൃപ്തി സൂചിക ഗണ്യമായി മെച്ചപ്പെട്ടതായി ജെഡി പവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2016 ല്‍ വില്‍പ്പന സംതൃപ്തി സൂചിക 31 പോയന്റ് വര്‍ധിച്ചിരുന്നു. ഡീലര്‍ഷിപ്പുകളിലെ സൗകര്യങ്ങള്‍ വര്‍ധിച്ചതും ഉപഭോക്താക്കള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും മറ്റും കുറഞ്ഞതുമെല്ലാം സൂചിക മെച്ചപ്പെടുന്നതിന് കാരണങ്ങളായി.

ഓരോ വര്‍ഷം കഴിയുന്തോറും ഡീലര്‍ഷിപ്പുകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച സംതൃപ്തി വര്‍ധിച്ചുവരുന്നതായി പഠനത്തില്‍ കണ്ടെത്തി. വൈഫൈ, സൗകര്യപ്രദമായി ഇരിക്കാനുള്ള ഇടങ്ങള്‍, ബ്രോഷറുകള്‍ തുടങ്ങിയവ തങ്ങളുടെ ഡീലര്‍ ഒരുക്കിയിരുന്നതായി 65 ശതമാനത്തോളം ഉപയോക്താക്കളും സര്‍വ്വെയില്‍ വ്യക്തമാക്കി. സര്‍വ്വേയില്‍ പങ്കെടുത്ത നാല് ശതമാനം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഡീലര്‍ഷിപ്പുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നത്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ 49 ശതമാനം പേരും ഇന്റര്‍നെറ്റില്‍ വിശദാംശങ്ങള്‍ തിരക്കുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി

പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരില്‍ 49 ശതമാനം പേരും ഇന്റര്‍നെറ്റില്‍ വിശദാംശങ്ങള്‍ തിരക്കുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം പോയന്റുകളുടെ വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഹ്യുണ്ടായ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 838 പോയന്റ് നേടി മാരുതി സുസുകി അഞ്ചാം സ്ഥാനത്തെത്തി. 836 പോയന്റ് നേടിയ ഡാറ്റ്‌സണ്‍ ആറാം സ്ഥാനത്താണ്. ഹോണ്ടയും ടാറ്റയും 834 പോയന്റ് നേടി തൊട്ടുപിന്നിലെത്തി. ഫോക്‌സ്‌വാഗണ്‍, റെനോ കമ്പനികള്‍ യഥാക്രമം 826, 819 പോയന്റ് നേടി അവസാന സ്ഥാനക്കാരായി.

കാലിഫോര്‍ണിയ ആസ്ഥാനമായ ആഗോള മാര്‍ക്കറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് കമ്പനിയാണ് ജെഡി പവര്‍ ആന്‍ഡ് അസ്സോസിയേറ്റ്‌സ്. 1968 ല്‍ ജെയിംസ് ഡേവിഡ് പവര്‍ മൂന്നാമനാണ് കമ്പനി ആരംഭിച്ചത്. പതിനെട്ടാമത് വര്‍ഷമാണ് ജെഡി പവര്‍ വില്‍പ്പന സംതൃപ്തി സൂചിക തയ്യാറാക്കുന്നത്.

Comments

comments

Categories: Auto