എണ്ണ ആവശ്യകതയില്‍ വര്‍ധന പ്രതീക്ഷിച്ച് ഒപെക്

എണ്ണ ആവശ്യകതയില്‍ വര്‍ധന പ്രതീക്ഷിച്ച് ഒപെക്

കാറ്റ്, സൂര്യന്‍, ജിയോതെര്‍മല്‍, ഫോട്ടോവോള്‍ട്ടെയ്ക് എന്നിവയില്‍ നിന്നുമുള്ള ഊര്‍ജ്ജമാണ് ഇനി ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുക

കുവൈറ്റ് സിറ്റി: അടുത്ത അഞ്ച് വര്‍ഷത്തില്‍ ഓയില്‍ ഡിമാന്‍ഡില്‍ ആരോഗ്യകരമായ വളര്‍ച്ചയുണ്ടാക്കുമെന്ന് ഒപെക് മേധാവി. എന്നാല്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ മികച്ച രീതിയില്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം. 2022 ലെ അസംസ്‌കൃത എണ്ണയുടെ ആവശ്യം പ്രതിദിനം ശരാശരി 1.2 മില്യണ്‍ ബാരലായി വര്‍ധിക്കും. എന്നാല്‍ 2035 മുതല്‍ 2040 വരെയുള്ള കാലഘട്ടത്തില്‍ ഇത് മൂന്ന് ലക്ഷം ബാരലായി ചുരുങ്ങുമെന്നും ഒപെക് സെക്രട്ടറി ജനറല്‍ മൊഹമ്മദ് ബര്‍കിന്‍ഡോ പറഞ്ഞു. നവംബര്‍ ഏഴിന് പ്രസിദ്ധീകരിക്കാനുള്ള ഒപെകിന്റെ 2017 വേള്‍ഡ് ഓയില്‍ ഔട്ട്‌ലുക്കിനേക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ഊര്‍ജ്ജത്തിലെ ഫോസില്‍ ഫ്യുവലിന്റെ പങ്ക് 2020 ആവുമ്പോള്‍ 80 ല്‍ താഴെയായി ചുരുങ്ങുമെന്നും 2040 ല്‍ ഇത് 75.4 ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റ്, സൂര്യന്‍, ജിയോതെര്‍മല്‍, ഫോട്ടോവോള്‍ട്ടെയ്ക് എന്നിവയില്‍ നിന്നുമുള്ള ഊര്‍ജ്ജമാണ് ഇനി ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുക. 2015 മുതല്‍ 2040 വരെയുള്ള കാലഘട്ടത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ശരാശരി 6.8 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ മികച്ച വളര്‍ച്ച കൈവരിച്ചാലും ലോകത്തിലെ മൊത്തം ഊര്‍ജ്ജത്തിന്റെ 5.5 ശതമാനത്തില്‍ താഴെ പങ്ക് വഹിക്കാനെ ഇതിന് കഴിയൂ എന്നും അദ്ദേഹം.

2022 ലെ അസംസ്‌കൃത എണ്ണയുടെ ആവശ്യം പ്രതിദിനം ശരാശരി 1.2 മില്യണ്‍ ബാരലായി വര്‍ധിക്കും. എന്നാല്‍ 2035 മുതല്‍ 2040 വരെയുള്ള കാലഘട്ടത്തില്‍ ഇത് മൂന്ന് ലക്ഷം ബാരലായി ചുരുങ്ങുമെന്നും ഒപെക് സെക്രട്ടറി ജനറല്‍ മൊഹമ്മദ് ബര്‍കിന്‍ഡോ

2014ലെ എണ്ണ വിലയുടെ പകുതിയായി അസംസ്‌കൃത എണ്ണ വില കുറയാന്‍ കാരണമായത് വിപണിയിലുള്ള അധിക എണ്ണയാണ്. ഇത് പരിഹരിക്കാനുള്ള ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബര്‍കിന്‍ഡോ ചര്‍ച്ച ചെയ്തു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനുള്ള കരാര്‍ നീട്ടുന്നതിനെക്കുറിച്ച് ഒപെക് രാജ്യങ്ങളും റഷ്യയും മറ്റ് ഉല്‍പ്പാദകരും വലിയ സംവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അടുത്തമാസം നടക്കുന്ന ഒപെക് മീറ്റിംഗില്‍ ഇതിനെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 വരെ ഓയില്‍ ഡിമാന്‍ഡില്‍ ആരോഗ്യകരമായ വര്‍ധനവുണ്ടാകുമെന്നും ബര്‍കിന്‍ഡോ പറഞ്ഞു. 2040 ല്‍ ആഗോള വിപണിയിലെ എണ്ണയുടെ പങ്കില്‍ കുറവുണ്ടാകുമെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ ഊര്‍ജ്ജമായി തുടരുമെന്നും അദ്ദേഹം. എണ്ണ വിപണി വളരെ വേഗത്തിലാണ് മെച്ചപ്പെടുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ച ഈ വര്‍ഷത്തെ പ്രതിദിന ഓയില്‍ ഡിമാന്‍ഡ് 1.45 മില്യണ്‍ ബാരലാക്കി ഉയര്‍ത്തുമെന്ന് ബര്‍കിന്‍ഡോ പറഞ്ഞു.

Comments

comments

Categories: Arabia