ബുക്ക്‌മൈഷോയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ബുക്ക്‌മൈഷോയുടെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ഫഌപ്കാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ട് കൂടുതല്‍ ലയന, ഏറ്റെടുക്കല്‍ പദ്ധതികള്‍ക്ക് നീക്കങ്ങള്‍ നടത്തുന്നുണ്ട്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയുടെ ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരായ ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം. ഉപഭോക്തൃ അടിത്തറ മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലെ യുവത്വം ഓണ്‍ലൈനില്‍ ചെലവിടുന്നതിന്റെ ഉയര്‍ന്ന വിഹിതം നേടുന്നതിനുമാണ് ഫ്‌ളിപ്കാര്‍ട്ട് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ബിഗ്ട്രീ എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ബുക്ക്‌മൈഷോയുടെ ചില നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്നതിനൊപ്പം പുതിയ മൂലധന നിക്ഷേപം നടത്താനുമാണ് കമ്പനി ആലോചിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിര്‍ദിഷ്ട കരാര്‍ സാധ്യമാകുകയാണെങ്കില്‍ ബുക്ക്‌മൈഷോയുടെ മൂല്യം 500-700 മില്യണ്‍ ഡോളറായി മാറും. അതേസമയം ഫ്‌ളിപ്കാര്‍ട്ട് എത്ര രൂപയുടെ നിക്ഷേപമാണ് നടത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ട്രിപ്‌സ് ഗ്രൂപ്പ്, ആക്‌സല്‍ പാര്‍ട്‌ണേ്‌സ്, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, നെറ്റ്‌വര്‍ക്ക് 18 എന്നിവയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 550 കോടി രൂപ ബുക്ക്‌മൈഷോ സമാഹരിച്ചിരുന്നു. അതേതുടര്‍ന്ന് കമ്പനിയുടെ മൂല്യം 3000 കോടി രൂപയായി ഉയര്‍ന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18 ആണ് ബുക്ക്‌മൈഷോയിലെ ഏറ്റവും വലിയ ഓഹരിയുടമസ്ഥര്‍. 39 ശതമാനം ഓഹരികളാണ് അവര്‍ക്കുള്ളത്.

ഇന്ത്യന്‍ നഗരങ്ങളിലെ പ്രേക്ഷകരാണ് ബുക്ക്‌മൈഷോയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍. ഇന്ത്യയിലെ വളരെ ചുരുങ്ങിയ മൂലധനമുള്ള ലാഭകരമായ കമ്പനികളിലൊന്നാണ് ഇത്. 2016 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 248 കോടി രൂപ വരുമാനത്തില്‍ 3.1 കോടി രൂപ ലാഭം നേടിയതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമാ ടിക്കറ്റ് ബുക്കിംഗിലേക്ക് പേടിഎം പ്രവേശിച്ചത് ഉയര്‍ത്തിയ വെല്ലുവിളി മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന വളര്‍ച്ചയില്‍ ബുക്ക്‌മൈഷോ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമാ ടിക്കറ്റ് ബുക്കിംഗില്‍ ബുക്ക്‌മൈഷോ ആധിപത്യം പുലര്‍ത്തുന്നുണ്ട്. കായിക പരിപാടികള്‍ക്കും ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന കമ്പനി ജൂലൈയില്‍ റസ്റ്റൊറന്റ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ ബര്‍പ് വാങ്ങിയിരുന്നു.

ഇന്ത്യയിലെ തങ്ങളുടെ മുഖ്യ എതിരാളിയായ ആമസോണിനെ എതിരിടുന്നതിന് തന്നെയാണ് ബുക്ക്‌മൈഷോയുമായുള്ള പങ്കാളിത്തത്തിനും ഫ്‌ളിപ്കാര്‍ട്ട് ശ്രമിക്കുന്നത്. ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിലനിര്‍ത്തുന്നതിനായി ഈ പങ്കാളിത്തം വഴി സേവനങ്ങളുടെ ഒരു ശ്രേണി തന്നെ ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. ഈ വര്‍ഷം ഗ്രോസറി വില്‍പ്പന ആരംഭിക്കുന്നതിനും ഫ്‌ളിപ്കാര്‍ട്ടിന് പദ്ധതിയുണ്ട്.

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് എന്നിവയില്‍ നിന്നടക്കം 3 ബില്യണ്‍ ഡോളറോളം ഈ വര്‍ഷം സമാഹരിച്ച ഫ്‌ളിപ്കാര്‍ട്ട് കൂടുതല്‍ ലയന, ഏറ്റെടുക്കല്‍ പദ്ധതികള്‍ക്ക് നീക്കങ്ങള്‍ നടത്തുന്നുണ്ട്. മൊബില്‍, ഇലക്ട്രോണിക്‌സ് സേവനങ്ങള്‍ നല്‍കുന്ന എഫ് 1 ഇന്‍ഫൊ സൊല്യൂഷന്‍സിനെ കഴിഞ്ഞ മാസം ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു.ഈ ഇടപാടിന്റെ ഏറ്റെടുക്കല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 20തോളം കമ്പനികളില്‍ നിക്ഷേപം നടത്തുകയോ അവ വാങ്ങുകയോ ചെയ്തിട്ടുണ്ട് ഫ്‌ളിപ്കാര്‍ട്ട്.

Comments

comments

Categories: Business & Economy