ഇരുചക്രവാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നില്‍

ഇരുചക്രവാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നില്‍

ബജാജ് ഓട്ടോ 6,83,876 ഇരുചക്ര വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 6.60 ശതമാനം വര്‍ധന

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്നുള്ള ഇരുചക്ര വാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നില്‍. 2017 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബജാജ് ഓട്ടോ 6,83,876 ഇരുചക്ര വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 6.60 ശതമാനം വര്‍ധന. 2,36,740 ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്ത ടിവിഎസ് മോട്ടോര്‍ കമ്പനി രണ്ടാമതും 1,82,548 ഇരുചക്ര വാഹനങ്ങള്‍ കയറ്റി അയച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്നാമതുമെത്തി. യമഹ മോട്ടോര്‍ ഇന്ത്യ 1,06,265 ഇരുചക്ര വാഹനങ്ങളാണ് കയറ്റി അയച്ചത്. ഹീറോ മോട്ടോകോര്‍പ്പാകട്ടെ 88,879 എണ്ണം മാത്രം.

ഇന്ത്യയില്‍നിന്നുള്ള ആകെ വാഹന കയറ്റുമതിയില്‍ 70 ശതമാനത്തിലധികം ഇരുചക്ര വാഹനങ്ങളാണ്

എന്നാല്‍ കയറ്റുമതി വളര്‍ച്ച പരിഗണിക്കുമ്പോള്‍ മികച്ച നേട്ടം കരസ്ഥമാക്കിയത് യമഹയാണ്. 2016 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിനേക്കാള്‍ 40.03 ശതമാനം വളര്‍ച്ചയാണ് യമഹ കൈവരിച്ചത്. 33.72 ശതമാനം വളര്‍ച്ച നേടി ഹോണ്ടയും 28.30 ശതമാനം വളര്‍ച്ചയോടെ ടിവിഎസ്സും കയറ്റുമതി മോശമാക്കിയില്ല. ഹീറോ മോട്ടോകോര്‍പ്പ് 3.27 ശതമാനം കയറ്റുമതി വളര്‍ച്ച മാത്രമാണ് നേടിയത്.

ഇന്ത്യയില്‍നിന്നുള്ള ആകെ വാഹന കയറ്റുമതിയില്‍ 70 ശതമാനത്തിലധികം ഇരുചക്ര വാഹനങ്ങളാണ്. 12,00,522 മോട്ടോര്‍സൈക്കിളുകളും 1,57,551 യൂണിറ്റ് സ്‌കൂട്ടറുകളും 6,240 യൂണിറ്റ് മോപഡുകളും കയറ്റുമതി ചെയ്തതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 13,64,313 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. വളര്‍ച്ച 15.22 ശതമാനം. 

Comments

comments

Categories: Auto