2020 ഓടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ ഉയരുന്നത് 34 പുതിയ മാളുകള്‍

2020 ഓടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ ഉയരുന്നത് 34 പുതിയ മാളുകള്‍

ഇത്രയും മാളുകളിലായി ആകെ 13.6 മില്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസ് വിപണിയില്‍ ലഭ്യമാകും

ബെംഗളൂരു / മുംബൈ : ഇന്ത്യയിലെ എട്ട് പ്രമുഖ നഗരങ്ങളില്‍ 2020 ഓടെ 34 ഓളം പുതിയ മാളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് കമ്പനിയായ കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡ്. ഇത്രയും മാളുകളിലായി ആകെ 13.6 മില്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസ് വിപണിയില്‍ പുതുതായി ലഭ്യമാകും. ആകെ റീട്ടെയ്ല്‍ സ്‌പേസിന്റെ 20 ശതമാനത്തോളം.

മാള്‍ സ്‌പേസ് ലീസിംഗ് വിഭാഗത്തിലെ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ റീട്ടെയ്ല്‍ മേഖലയൊന്നാകെ ഇപ്പോള്‍ നല്ല ആവേശത്തിലാണ്. 2017 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ റീട്ടെയ്ല്‍ സ്‌പേസ് 55 ശതമാനമാണ് (2.3 മില്യണ്‍ ചതുരശ്ര അടി) വര്‍ധിച്ചതെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേകാലയളവില്‍ റീട്ടെയ്ല്‍ സ്‌പേസ് വിഭാഗത്തില്‍ പുതുതായി 63 ശതമാനം അധികം സ്‌പേസാണ് വിപണിയില്‍ ലഭ്യമായത്. മുന്‍ വര്‍ഷത്തേക്കാള്‍ 1.9 മില്യണ്‍ ചതുരശ്ര അടി അധികം.

റീട്ടെയ്ല്‍ മേഖല സംബന്ധിച്ച് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ ഈ മേഖലയില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു എന്നതാണ് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. 2016 ജനുവരി-2017 സെപ്റ്റംബര്‍ കാലയളവില്‍ മാളുകളില്‍ 7,959 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ നടത്തിയിരിക്കുന്നത്.

2020 ഓടെ ഹൈദരാബാദിലാണ് ഏറ്റവുമധികം റീട്ടെയ്ല്‍ മാളുകള്‍ ഉയരുന്നത്. പതിനൊന്ന് എണ്ണം

2020 ഓടെ ഹൈദരാബാദിലാണ് ഏറ്റവുമധികം റീട്ടെയ്ല്‍ മാളുകള്‍ ഉയരുന്നത്. പതിനൊന്ന് എണ്ണം. നിലവില്‍ ഹൈദരാബാദില്‍ 3 മില്യണില്‍ താഴെ ചതുരശ്ര അടി മാള്‍ സ്‌പേസ് ആണ് ഉള്ളതെങ്കില്‍ 2020 ഓടെ ഇരട്ടിയിലധികം വര്‍ധിച്ച് 6 മില്യണ്‍ ചതുരശ്ര അടിയിലധികമാകും. മാധപുര്‍, ഗച്ചിബൗളി, പഞ്ചഗുട്ട, ബീഗംപേട്ട്, ഉപ്പല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ മാളുകള്‍ തുറക്കുന്നത്. മുംബൈ, ഡെല്‍ഹി-ദേശീയ തലസ്ഥാന മേഖല, പുണെ, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങള്‍.

ഏറെക്കാലം തളര്‍ച്ച നേരിട്ട റീട്ടെയ്ല്‍ മേഖല ഇപ്പോള്‍ ഗ്രഹണകാലം പിന്നിട്ടിരിക്കുകയാണ്. റീട്ടെയ്ല്‍ മാളുകള്‍ക്കാണ് ഇനി വര്‍ധിച്ച പ്രാധാന്യമെന്ന് മനസ്സിലാക്കിയിരിക്കുന്നു. ഇ-കൊമേഴ്‌സ് കമ്പനികള്‍ പോലും മിക്ക മാളുകളിലും ‘എക്‌സ്പീരിയന്‍സ്’ സ്റ്റോറുകള്‍ തുറന്നുതുടങ്ങി. 2020 ഓടെ ഡെല്‍ഹി-എന്‍സിആര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ പുതുതായി യഥാക്രമം എട്ട് മാളുകളും (4 മില്യണ്‍ ചതുരശ്ര അടി) ആറ് മാളുകളും (3 മില്യണ്‍ ചതുരശ്ര അടി) തുറക്കും.

Comments

comments

Categories: Business & Economy