യമഹയുടെ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് കൃത്രിമ ബുദ്ധി

യമഹയുടെ കണ്‍സെപ്റ്റ് മോട്ടോര്‍സൈക്കിളിന് കൃത്രിമ ബുദ്ധി

റൈഡറുമായും മറ്റുള്ളവരുമായും ആശയ വിനിമയം നടത്താന്‍ കഴിയുന്നതായിരിക്കും മോട്ടോറോയ്ഡ് എന്ന കണ്‍സെപ്റ്റ്

ഷിസുവോക്ക : ടോക്കിയോ മോട്ടോര്‍ ഷോയില്‍ യമഹ കൃത്രിമ ബുദ്ധിയുള്ള മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. റൈഡറുമായും മറ്റുള്ളവരുമായും ആശയ വിനിമയം നടത്താന്‍ കഴിയുന്നതായിരിക്കും മോട്ടോറോയ്ഡ് എന്ന കണ്‍സെപ്റ്റ്. റൈഡറുമായോ ഉടമയുമായോ ഇണക്കവും അന്യോന്യം ആശയവിനിമയവും നടത്താന്‍ കഴിയുന്നതായിരിക്കും സമീപഭാവിയിലെ മോട്ടോര്‍സൈക്കിളുകളെന്ന് യമഹ അറിയിച്ചു. മോട്ടോര്‍സൈക്കിളുകള്‍ മനുഷ്യപ്പറ്റുള്ളതായിരിക്കും എന്നര്‍ത്ഥം.

വൈദ്യുതിയില്‍ ഓടുന്നതായിരിക്കും യമഹയുടെ മോട്ടോറോയ്ഡ് മോട്ടോര്‍സൈക്കിള്‍. സമാനതകളില്ലാത്ത രൂപകല്‍പ്പനയാണ് മോട്ടോറോയ്ഡിന്റേത്. മോട്ടോര്‍സൈക്കിളിന്റെ സീറ്റിംഗ് തികച്ചും വ്യത്യസ്തമാണ്. റേസ് ബൈക്കിന് സമാനമാണ് ഹാന്‍ഡില്‍ ബാറുകള്‍. ഫ്രണ്ട് മഡ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവ കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വൈദ്യുതി ഉപയോഗിച്ച് ഓടുന്നതായിരിക്കും യമഹയുടെ മോട്ടോറോയ്ഡ് മോട്ടോര്‍സൈക്കിള്‍

ടോക്കിയോ മോട്ടോര്‍ ഷോയിലേക്ക് യമഹ കരുതിവെച്ചിരിക്കുന്ന ഒരേയൊരു ‘അസാധാരണ’ കണ്‍സെപ്റ്റല്ല മോട്ടോറോയ്ഡ്. ആകെ 20 മോഡലുകളാണ് യമഹയുടേതായി അരങ്ങിലെത്തുന്നത്. ഇവയില്‍ ആറെണ്ണം ലോകത്തിനുമുന്നില്‍ ഇതാദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. നാല് മോഡലുകളുടെ ലക്ഷ്യം ജാപ്പനീസ് വിപണി മാത്രമാണ്.

മോട്ടോബോട്ട് വേര്‍ഷന്‍ 2, എംഡബ്ല്യുസി-4 തുടങ്ങിയ യമഹയുടെ കണ്‍സെപ്റ്റ് മോഡലുകളും ടോക്കിയോയില്‍ കാണാം. 45 ാമത് ടോക്കിയോ മോട്ടോര്‍ ഷോ ഈ മാസം 27 ന് തുടങ്ങും.

Comments

comments

Categories: Auto