എന്തുകൊണ്ട് ഞാന്‍ പോരാട്ടം തുടരുന്നു

എന്തുകൊണ്ട് ഞാന്‍ പോരാട്ടം തുടരുന്നു

വളരെയധികം ദുഃഖകരമായ കാര്യം കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം ഒരു മഹാമാരിയായി പടര്‍ന്ന് പിടിക്കുന്നുവെന്നതാണ്. ഇരകള്‍ മിക്കവരും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്ന കുടുംബങ്ങളില്‍ നിന്നാണ്. ഇവരെ ആക്രമിക്കുന്നവരാകട്ടെ ഡ്രൈവര്‍മാര്‍, അധ്യാപകര്‍, അയല്‍ക്കാര്‍, അടുത്ത ബന്ധുക്കള്‍ എന്നിവരും. കുട്ടികള്‍ തിരിച്ച് വീട്ടിലെത്താന്‍ വൈകുമ്പോള്‍ രാജ്യമെമ്പാടുമുള്ള മാതാപിതാക്കളില്‍ ഭയം പടരുകയാണ്

സ്വാതന്ത്ര്യം ഒരിക്കലും ആരും നമുക്ക് ഒരു സമ്മാനമായി പൊതിഞ്ഞ് തരില്ല. ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്നത് ഒരു പോരാട്ടമാണ്. അത് അനുകമ്പയ്ക്കും സ്ഥൈര്യത്തിനും വേണ്ടിയുള്ള അനന്തമായ അന്വേഷണമാണ്. എല്ലാ തലത്തിലും പെട്ട വിഷയങ്ങളെ കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ, ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം, നമുക്ക് ഏറ്റവും വിലപ്പെട്ട കുട്ടികളെ കുറിച്ചുള്ള ഒരു വിഷയം വരുമ്പോള്‍ എത്രത്തോളം ഗൂഢമായ നിശബ്ദതയാണ് ഇവിടെ നിറയുന്നത് എന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ക്രൂരന്‍മാരായ ചിലരുടെ ലൈംഗിക ആക്രമണത്തിന് വിധേയരായ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ ഞാന്‍ കണ്ടു. ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായ കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളെ ഞാന്‍ കണ്ടു. കടത്തിക്കൊണ്ടുപോകലിന് വിധേയരായ കുഞ്ഞുങ്ങളുടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ പരമാവധി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവരുടെ വേദനയും ദുഃഖവും നമ്മുടെ സമൂഹത്തിന് നേരെയുള്ള കുറ്റപ്പെടുത്തല്‍ മാത്രമല്ല, മറിച്ച് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ ശ്രമങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത ഒരു പോരാട്ടമാണെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത് കൂടിയാണ്

അതുകൊണ്ടാണ് വീണ്ടുമൊരു മാര്‍ച്ച് നടത്താന്‍ ഞാന്‍ തീരുമാനിച്ചത്. എനിക്കും ഈ നാട്ടിലെ കുട്ടികള്‍ക്കും, ലൈംഗിക ചൂഷണത്തിനും കടത്തിക്കൊണ്ടുപോകലുകള്‍ക്കും എതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനം കൂടിയാണ് ഈ മാര്‍ച്ച്. ഇനിയും ഈ വിഷയത്തിലെ മൗനം സ്വീകാര്യമല്ല. ഇരകള്‍ ഭീതിയില്‍ കഴിയുമ്പോള്‍ ഈ നരാധമന്‍മാര്‍ ഭയമില്ലാതെ സ്വതന്ത്രരായി ചുറ്റിയടിക്കുന്നത് എനിക്ക് അസ്വീകാര്യമാണ്. ഞാന്‍ മാര്‍ച്ച് നടത്തുന്നത് ഈ നിസ്സഹായരായ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയുടെ മനഃസാക്ഷിയെ വീണ്ടും ഉണര്‍ത്താനുമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം അവസാനിപ്പിച്ചേ മതിയാകൂ

ഈ ചരിത്രപരമായ മാര്‍ച്ചില്‍ പങ്കാളിയാകാനും കുട്ടികളുടെ ശബ്ദമാകാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. സെപ്റ്റംബര്‍ 11ന് കന്യാകുമാരി മുതല്‍ ഡെല്‍ഹി വരെയുള്ള ഭാരത് യാത്രക്ക് തുടക്കം കുറിക്കുകയാണ്. ഞാനും നിങ്ങളെപോലെയുള്ള നൂറ് കണക്കിന് സാധാരണക്കാരും ശ്രീനഗറില്‍ നിന്നും തുടങ്ങുന്ന വടക്കന്‍ മേഖലയിലെ യത്രയിലും ഗുവാഹത്തിയില്‍ നിന്നും ആരംഭിക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളിലെ യാത്രയിലും പങ്കെടുക്കുമെന്നും പിന്തുണ നല്‍കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്നാണ് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രക്ക് തുടക്കം കുറിക്കുന്നത്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ ഏകസ്വരം ഈ മാര്‍ച്ചില്‍ ഉയരും.

സംഘടിതമായ ഇത്തരം ചെറിയ ശബ്ദങ്ങള്‍ അടിയന്തരമായി ഉയരേണ്ടതുണ്ട്. ഈ സാമൂഹ്യ തിന്മക്കെതിരേ ഇന്ത്യയുടെ ശബ്ദം ഉയരാന്‍ ഭാരത് യാത്ര പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഞാനോ നിങ്ങളോ കുട്ടികളുടെ സുരക്ഷ ആവശ്യപ്പെട്ടില്ലെങ്കില്‍ അത് ആര് നിര്‍വഹിക്കാനാണ്?

നാല് വര്‍ഷം മുമ്പ് അഞ്ച് വയസുകാരിയായ ഒരു പെണ്‍കുട്ടി അവളുടെ വീടിന് സമീപം മനുഷ്യത്വരഹിതമായ രീതിയില്‍ ആക്രമിക്കപ്പെട്ടു. അവളിപ്പോള്‍ ആ ആഘാതത്തില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരായ മുന്നേറ്റത്തിന് അവളുടെ പിതാവ് പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സിംലയില്‍ സ്‌കൂള്‍ വിട്ടുവരും വഴി ഒരു പതിനാറുകാരി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. അവളുടെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണ്. ഇനിയൊരു പെണ്‍കുട്ടി കൂടി ഇത്തരത്തില്‍ ആക്രമിക്കപ്പെടരുതെന്ന് ആ പിതാവ് ആഗ്രഹിക്കുന്നു. അദ്ദേഹവും ഈ യാത്രയില്‍ എന്റെ കൂടെയുണ്ട്.

വളരെയധികം ദുഃഖകരമായ കാര്യം കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം ഒരു മഹാമാരിയായി പടര്‍ന്ന് പിടിക്കുന്നുവെന്നതാണ്. ഇരകള്‍ മിക്കവരും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിയുന്ന കുടുംബങ്ങളില്‍ നിന്നാണ്. ഇവരെ ആക്രമിക്കുന്നവരാകട്ടെ ഡ്രൈവര്‍മാര്‍, അധ്യാപകര്‍, അയല്‍ക്കാര്‍, അടുത്ത ബന്ധുക്കള്‍ എന്നിവരും. കുട്ടികള്‍ തിരിച്ച് വീട്ടിലെത്താന്‍ വൈകുമ്പോള്‍ രാജ്യമെമ്പാടുമുള്ള മാതാപിതാക്കളില്‍ ഭയം പടരുകയാണ്. ഈ ഭയം തുടച്ചുനീക്കപ്പെടേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 50 കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതേസമയം തന്നെ അടുത്ത ബന്ധുക്കള്‍ അക്രമികളാകുന്ന സംഭവങ്ങളില്‍ മാതാപിതാക്കള്‍ പരാതിപ്പെടാത്തതിനാല്‍ ഈ കണക്കിനേക്കാള്‍ എത്രയോ അധികം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടാകാം. ചൂഷണം ചെയ്യുന്നത് ബന്ധുക്കളാണെങ്കിലും പ്രതികളെ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ മാര്‍ച്ചിലൂടെ മാതാപിതാക്കളെ പ്രേരിപ്പിക്കും. കുടുംബത്തിന്റെ അഭിമാനത്തേക്കാള്‍ മൂല്യമുള്ളതാണ് കുട്ടികള്‍.

2012ല്‍ പോക്‌സോ നിയമം നടപ്പാക്കിയത് ഒഴിച്ച് നിര്‍ത്തിയാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനുള്ള നിയമം ഒന്നും തന്നെ പ്രാബല്യത്തില്‍ വന്നിട്ടില്ല എന്നത് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഡെല്‍ഹിയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണകേസുകള്‍ പരിഹരിക്കുന്നതിന് 12 വര്‍ഷമെങ്കിലും എടുക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ഇത് 20 വര്‍ഷമാണ്. ഗുജറാത്തിലാകട്ടെ 40 വര്‍ഷവും. നീതി വൈകുന്നത് ബലാല്‍സംഗം ചെയ്യപ്പെട്ടവരും കൊല്ലപ്പെട്ടവര്‍ക്കുമുള്ള നീതി നിഷേധം കൂടിയാണ്. ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ഈ പ്രകടനം.

1993ല്‍ ബാലവേലക്കെതിരെ ബിഹാറില്‍ നിന്നും ഡെല്‍ഹിയിലേക്ക് യാത്ര സംഘടിപ്പിച്ചപ്പോള്‍ എല്ലാവരും സന്ദേഹം പ്രകടിപ്പിച്ചു. 1998ല്‍ ആഗോള തലത്തില്‍ ബാലവേലക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ലോകമെമ്പാടും ദോഷൈകദൃക്കോടെയാണ് അതിനെ വീക്ഷിച്ചത്. ബാലവേല ഒരു സാധാരണ സംഭവം പോലെയാണ് അന്ന് നോക്കിക്കണ്ടിരുന്നത്. എന്നാല്‍ നിരവധി കുട്ടികള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ജനീവയിലെ ആസ്ഥാനമന്ദിരത്തിനുള്ളില്‍ എന്നോടൊപ്പം മാര്‍ച്ച് നടത്തിയപ്പോള്‍ അത് ലോകം ശ്രദ്ധിച്ചു

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി കഴിഞ്ഞ 36 വര്‍ഷം ഞാന്‍ ചെലവഴിച്ചു. ഞാന്‍ നിരവധി യാത്രകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ കേസുകളിലും വൃത്തികെട്ട യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യുമ്പോള്‍ വൈരവും അനുകമ്പയില്ലായ്മയും ഹൃദയശൂന്യതയും ഞാന്‍ നേരിട്ടിട്ടുണ്ട്. പക്ഷേ, അതിന് ശേഷം ഇരകള്‍ തങ്ങള്‍ നേരിട്ട ദുരന്തം ധൈര്യത്തോടെ തുറന്നു പറയുമ്പോള്‍ ഈ കാഴ്ചപ്പാട് മാറുകയും പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യാറുണ്ട്. 1993ല്‍ ബാലവേലക്കെതിരെ ബിഹാറില്‍ നിന്നും ഡെല്‍ഹിയിലേക്ക് യാത്ര സംഘടിപ്പിച്ചപ്പോള്‍ എല്ലാവരും സന്ദേഹം പ്രകടിപ്പിച്ചു. 1998ല്‍ ആഗോള തലത്തില്‍ ബാലവേലക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ലോകമെമ്പാടും ദോഷൈകദൃക്കോടെയാണ് അതിനെ വീക്ഷിച്ചത്. ബാലവേല ഒരു സാധാരണ സംഭവം പോലെയാണ് അന്ന് നോക്കിക്കണ്ടിരുന്നത്. എന്നാല്‍ നിരവധി കുട്ടികള്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ജനീവയിലെ ആസ്ഥാനമന്ദിരത്തിനുള്ളില്‍ എന്നോടൊപ്പം മാര്‍ച്ച് നടത്തിയപ്പോള്‍ അത് ലോകം ശ്രദ്ധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ബാലവേല നിയമവിരുദ്ധമായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു. ചെറിയ ശബ്ദങ്ങള്‍ക്കും വലിയ പ്രതിഫലനം സൃഷ്ടിക്കാനാവും.

സംഘടിതമായ ഇത്തരം ചെറിയ ശബ്ദങ്ങള്‍ അടിയന്തരമായി ഉയരേണ്ടതുണ്ട്. ഈ സാമൂഹ്യ തിന്മക്കെതിരേ ഇന്ത്യയുടെ ശബ്ദം ഉയരാന്‍ ഭാരത് യാത്ര പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഞാനോ നിങ്ങളോ കുട്ടികളുടെ സുരക്ഷ ആവശ്യപ്പെട്ടില്ലെങ്കില്‍ അത് ആര് നിര്‍വഹിക്കാനാണ്?

(നൊബേല്‍ സമ്മാന ജേതാവും കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകനുമാണ് ലേഖകന്‍) 

Comments

comments

Categories: FK Special, Slider