ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റ പാതയില്‍: ഐഎംഎഫ് മേധാവി

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റ പാതയില്‍: ഐഎംഎഫ് മേധാവി

നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 6.7 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം

വാഷിംഗ്ടണ്‍: ഇടക്കാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ കരുത്തുറ്റ പാതയിലാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡ്. ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതിയും ചരിത്രപരമാണെന്നും ലൊഗാര്‍ഡ് പരാമര്‍ശിച്ചു. ഈ പരിഷ്‌കാരങ്ങളുടെ ഫലമായി ഹ്രസ്വകാലത്തില്‍ അല്‍പ്പം മാന്ദ്യം മാത്രമാണ് ഉണ്ടായകുന്നത് എന്നത് ആശ്ചര്യകരമാണെന്നും അവര്‍ പറഞ്ഞു. നടപ്പു വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഐഎംഎഫ് വെട്ടിക്കുറച്ചിരുന്നു.

‘ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷയില്‍ ഞങ്ങള്‍ അല്‍പ്പം കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലമായി ഇടക്കാല, ദീര്‍ഘകാല വളര്‍ച്ചയുടെ പാതയില്‍ ഇന്ത്യ കരുത്ത് കൈവരിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നത്’, ഐഎംഎഫ് മേധാവി പറഞ്ഞു. ഐഎംഎഫ്- ലോക ബാങ്ക് സംയുക്ത സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധനക്കമ്മിയുടെ കുറവ്, പണപ്പെരുപ്പത്തിലെ ഗണ്യമായ താഴ്ച, യുവജനങ്ങള്‍ക്ക് ഭാവിയില്‍ കൂടുതല്‍ തൊഴിലുകള്‍ എന്നിവയെല്ലാം സാധ്യമാക്കുന്ന സാമ്പത്തിക നടപടികളില്‍ വളരെയധികം പ്രതീക്ഷകളാണുള്ളതെന്നും അവര്‍ പറഞ്ഞു.

നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ 6.7 ശതമാനം ജിഡിപി വളര്‍ച്ച സ്വന്തമാക്കുമെന്നാണ് ഐഎംഎഫിന്റെ ഏറ്റവും പുതിയ അവലോകനം വ്യക്തമാക്കുന്നത്. നേരത്തെയുണ്ടായിരുന്ന നിഗമനത്തില്‍ നിന്ന് 0.5 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ കുറിച്ചുള്ള വളര്‍ച്ചാ നിഗമനവും 0.3 ശതമാനം കുറച്ച് 7.4 ആക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories