20,000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ടാറ്റ ടെലിസര്‍വീസസ്

20,000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി ടാറ്റ ടെലിസര്‍വീസസ്

തീരുമാനം 18ന് ചേരുന്ന ഉന്നതസമിതി യോഗത്തില്‍

മുംബൈ: ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടെലികോം കമ്പനിയായ ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ് (ടിടിഎംഎല്‍) 20,000 കോടി രൂപ നിക്ഷേപം സ്വരൂപിക്കാന്‍ പദ്ധതിയിടുന്നു. പ്രിഫറന്‍സ് ഓഹരികള്‍ വഴിയോ ബോണ്ടുകള്‍ മുഖേനയോ ധനസമാഹരണം നടത്താനാണ് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ടാറ്റ ടെലിസര്‍വീസസ് മഹാരാഷ്ട്രയുടെ കണ്‍സ്യൂമര്‍ മൊബീല്‍ ബിസിനസ് ടാറ്റ ഗ്രൂപ്പും എയര്‍ടെലുമായുള്ള ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമാണ്.

നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും ഈ മാസം 18ന് ഉന്നതതലസമിതി യോഗം ചേരുമെന്ന് ടാറ്റ ടെലിസര്‍വീസസ് അറിയിച്ചിട്ടുണ്ട്. അതേസമയം, നിക്ഷേപസമാഹരണത്തിന്റെ ഉദ്ദേശ്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 18ന് നടക്കുന്ന യോഗത്തിലുണ്ടാകുമെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗ്‌സില്‍ കമ്പനി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് വയര്‍ലെസ് ബിസിനസ് എയര്‍ടെലിനു വില്‍ക്കാനുള്ള തീരുമാനം ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. പൂര്‍ണമായും സൗജന്യമായി നടക്കുന്ന ഇടപാടില്‍ കമ്പനിയുടെ പകുതി കടബാധ്യത എയര്‍ടെല്‍ ഏറ്റെടുക്കും. വര്‍ഷങ്ങളായി പ്രതിസന്ധി നേരിടുന്ന മൊബീല്‍ ബിസിനസിനെ കൈപിടിച്ചുയര്‍ത്താനും പ്രതിസന്ധികള്‍ അതിജീവിക്കാനും മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ബിസിനസ് വിറ്റൊഴിയാനുള്ള തീരുമാനത്തില്‍ ടാറ്റ ഗ്രൂപ്പ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എയര്‍ടെലുമായുള്ള കരാറിലൂടെ കണ്‍സ്യൂമര്‍ മൊബീല്‍ ബിസിനസ് വിഭാഗം അടച്ചുപൂട്ടുമ്പോഴുള്ള ചെലവിടല്‍ ഒഴിവാക്കാന്‍ ടാറ്റ സണ്‍സിനെ സഹായിക്കും. ഏകദേശം 30,000 കോടി രൂപയുടെ കടബാധ്യതയാണ് ടാറ്റാ ടെലി സര്‍വീസസിനുള്ളത്.

Comments

comments

Categories: Business & Economy