അന്താരാഷ്ട്ര ഐപിഒ മാറ്റിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ആരാംകോ

അന്താരാഷ്ട്ര ഐപിഒ മാറ്റിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ആരാംകോ

വിദേശ ഗവണ്‍മെന്റുകള്‍ക്കും മറ്റ് നിക്ഷേപകര്‍ക്കും സ്വകാര്യ ഓഹരി വില്‍പ്പന നടത്തുന്നതിലാണ് ഓയില്‍ ഭീമന്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നതെന്ന് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

റിയാദ്: സൗദി ആരാംകോയുടെ അന്താരാഷ്ട്ര ലിസ്റ്റിംഗ് മാറ്റിവെക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഓയില്‍ ഭീമന്‍. പ്രാഥമിക ഓഹരി വില്‍പ്പന അടുത്ത വര്‍ഷം തന്നെ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ഐപിഒ നടത്തുന്നതില്‍ നിന്ന് ആരാംകോ പിന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരാംകോ ഇതിനെ പൂര്‍ണമായി തള്ളി.

അന്താരാഷ്ട്ര ലിസ്റ്റിംഗിലെ പ്രായോഗികതയില്‍ ഉത്കണ്ഠയുള്ളതിനാല്‍ ചൈന ഉള്‍പ്പടെയുള്ള വിദേശ ഗവണ്‍മെന്റുകള്‍ക്കും മറ്റ് നിക്ഷേപകര്‍ക്കും സ്വകാര്യ ഓഹരി വില്‍പ്പന നടത്തുന്നതിലാണ് കമ്പനി കൂടുതല്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് ആരാംകോ പ്രതികരിച്ചു. ലിസ്റ്റിംഗ് നടത്തുന്നതിനായുള്ള വിദേശ ഓഹരി വിപണിയെക്കുറിച്ച് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും 2018 ല്‍ തന്നെ ഐപിഒ ഉണ്ടാകുമെന്നും കമ്പനി ട്വിറ്ററിലൂടെ പറഞ്ഞു.

ന്യൂയോര്‍ക്കിലേയും ലണ്ടനിലേയും സ്‌റ്റോക് മാര്‍ക്കറ്റുകളാണ് പ്രഥമ പരിഗണനയിലുള്ളത്

ലോകത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയായിരിക്കുമെന്നാണ് ആരാംകോയുടെ ഐപിഒയെ വിലയിരുത്തുന്നത്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നു പുറത്തുകടക്കുന്നതിനായി തയാറാക്കിയ രാജ്യത്തിന്റെ പരിഷ്‌കരണ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണിത്. 2018 ആവുമ്പോഴേക്കും ആരാംകോയെ സൗദി ഓഹരി വിപണിയിലും മറ്റൊരു വിദേശ വിപണിയിലും ലിസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കിലേയും ലണ്ടനിലേയും സ്‌റ്റോക് മാര്‍ക്കറ്റുകളാണ് പ്രഥമ പരിഗണനയിലുള്ളത്. എന്നാല്‍ ലിസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര മാര്‍ക്കറ്റിനെ തെരഞ്ഞെടുക്കാന്‍ കഷ്ടപ്പെടുകയാണ് കമ്പനി. വാള്‍ സ്ട്രീറ്റ് ജേണലില്‍ സമാനമായ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ റിപ്പോര്‍ട്ട് വന്നത്.

2014 വരെ സൗദിയിലെ വരുമാനത്തിന്റെ 90 ശതമാനവും വന്നിരുന്നത് എണ്ണയില്‍ നിന്നായിരുന്നു. എന്നാല്‍ എണ്ണ വില ഇടിയാന്‍ തുടങ്ങിയതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതിയിലാണ് രാജ്യം. മൂല്യ വര്‍ധിത നികുതി കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. മാര്‍ക്കറ്റിലുള്ള അധിക എണ്ണ വെട്ടിക്കുറച്ച് വിപണിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍. പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി നിയന്ത്രിച്ചു കൊണ്ടുള്ള കരാര്‍ കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്.

Comments

comments

Categories: Arabia