മിഡിൽ ഈസ്റ്റിലെ ഓൺലൈൻ ഇടപാടുകളിൽ 22 ശതമാനം വർധന

മിഡിൽ ഈസ്റ്റിലെ ഓൺലൈൻ ഇടപാടുകളിൽ 22 ശതമാനം വർധന

സൗദി അറേബ്യയിലും ഈജിപ്റ്റിലും യുഎഇയിലുമാണ് ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്

ദുബായ്: 2016ൽ മിഡിൽ ഈസ്റ്റ് മേഖലയിൽ നടന്ന ഓൺലൈൻ ഇടപാടുകളിൽ 22 ശതമാനത്തിന്റെ വർധനവ് വന്നതായി റിപ്പോർട്ട്. ആമോസോണിന്റെ കീഴിലുള്ള പേഫോർട്ടാണ് കണക്കുകൾ പുറത്തുവിട്ടത്. സൗദി അറേബ്യയിലും (27 ശതമാനം) ഈജിപ്റ്റിലും (22 ശതമാനം) യുഎഇയിലുമാണ് (21 ശതമാനം) ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയതെന്ന് പേഫോർടിന്റെ സ്‌റ്റേറ്റ് ഓഫ് പേയ്‌മെന്റ് ഇൻ ദി അറബ് വേൾഡ് റിപ്പോർട്ടിൽ പറയുന്നു.

ജോർദാൻ, കുവൈറ്റ്, ലെബനൻ, ഖത്തർ എന്നീ മറ്റ് പ്രധാന രാജ്യങ്ങളുടേയും നാല് ഓൺലൈൻ പേയ്‌മെന്റ് വിഭാഗങ്ങളുടേയും വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവന്റ്‌സ് ആൻഡ് എന്റർടെയ്ൻമെന്റാണ് ഏറ്റവും വേഗത്തിൽ വളരുന്ന ഓൺലൈൻ പേയ്‌മെന്റ് മേഖല. 2015ലും 2016ലും മേഖലയിൽ 33 ശതമാനത്തിന്റെ വളർച്ച ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2014 ൽ സ്‌റ്റേറ്റ് ഓഫ് പേയ്‌മെന്റ് പദ്ധതി ആരംഭിച്ചതിന് ശേഷം ഏറ്റവും മികച്ച മാറ്റം രേഖപ്പെടുത്തിയിരിക്കുന്ന റിപ്പോർട്ടാണ് ഇതെന്ന് പേഫോർടിന്റെ മാനേജിംഗ് ഡയറക്റ്റർ ഒമർ സൗദോദി പറഞ്ഞു.

പുതിയ ആപ്ലിക്കേഷനുകളോടും സർവീസുകളോടുമുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം പഠനത്തിലൂടെ വിലയിരുത്തി. യുഎഇയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 17 ശതമാനം പേർ അന്താരാഷ്ട്ര പണം കൈമാറ്റത്തിന് നിലവിലുള്ളതിനേക്കാൾ മികച്ച സംവിധാനം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. 2016 ൽ 30.4 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങളുടേയും സേവനങ്ങളുടേയും ഓൺലൈൻ ഇടപാടുകളാണ് ഏഴ് രാജ്യങ്ങളിൽ നടന്നത്. 2015 ൽ ഇത് 24.9 ബില്യൺ ഡോളറായിരുന്നു.

ഇവന്റ്‌സ് ആൻഡ് എന്റർടെയ്ൻമെന്റാണ് ഏറ്റവും വേഗത്തിൽ വളരുന്ന ഓൺലൈൻ പേയ്‌മെന്റ് മേഖല

ഡോളർ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 12.4 ബില്യൺ ഡോളർ ഇടപാടുകൾ നടന്ന യുഎഇയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യം. സൗദി അറേബ്യയിൽ 8.3 ബില്യൺ ഡോളറിന്റേയും ഈജിപ്റ്റിൽ 6.2 ബില്യൺ ഡോളറിന്റേയും ഇടപാടുകളാണ് നടന്നത്. എയർലൈൻ, ട്രാവൽ മേഖലകളാണ് സൗദി അറേബ്യയിൽ ഏറ്റവും വേഗത്തിൽ വളർന്നത്. വിമാനകമ്പനികളുടെ പേയ്‌മെന്റിൽ മുൻ വർഷത്തേക്കാൾ 21 ശതമാനത്തിന്റേയും ട്രാവൽ ആൻഡ് ടൂറിസത്തിൽ 36 ശതമാനത്തിന്റേയും വർധനവുണ്ടായി.

ഏഴ് രാജ്യങ്ങളിൽ ഓൺലൈൻ ഷോപ്പിംഗിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് ഈജിപ്റ്റാണ്. പേയ്‌മെന്റുകളുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവാണുണ്ടായത്. യുഎഇയിൽ ഇവന്റ്‌സ് ആൻഡ് എന്റർടെയ്ൻമെന്റാണ് മികച്ച വളർച്ച കാഴ്ചവെച്ചത് (33 ശതമാനം).

സുരക്ഷയിൽ സംശയം പ്രകടിപ്പിച്ചാണ് ഉപഭോക്താക്കൾ സാധനങ്ങളും സേവനങ്ങളും ഓൺലൈനിലൂടെ വാങ്ങാൻ തയാറാവാത്തത്. ഓൺലൈൻ ഇടങ്ങളിലെ സുരക്ഷയിൽ പൂർണ വിശ്വാസം നേടിയതിന് ശേഷം മാത്രമേ ഇതിലേക്ക് കടക്കുകയൊള്ളുവെന്ന് കാഷ് ഓൺ ഡെലിവറി ഉപഭോക്താക്കളിലെ 50 ശതമനത്തിന് മുകളിൽ വരുന്നവർ പറഞ്ഞു.

ഈജിപ്റ്റിലും (70 ശതമാനം ഉപയോഗം) ലെബനനിലുമാണ് (60 ശതമാനം ഉപയോഗം) കാഷ് ഓൺ ഡെലിവറി ഏറ്റവും പ്രചാരത്തിലുള്ളത്. മൊബീലിലൂടെയുള്ള പണം ഇടപാടിൽ വലിയ വർധനവാണുള്ളത്. മൊബീൽ വാലറ്റുകളുടെ ഉപയോഗവും മേഖലയിൽ കാര്യമായി വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments

comments

Categories: Arabia