സിലിക്കണ്‍ വാലിയില്‍ ഡിഇഡബ്ല്യുഎയുടെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

സിലിക്കണ്‍ വാലിയില്‍ ഡിഇഡബ്ല്യുഎയുടെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

ജുമൈറ എനര്‍ജി ഇന്റര്‍നാഷണല്‍ സിലിക്കണ്‍ വാലി കമ്പനിയിലൂടെ ഗവേഷണം, വികസനം, ഇന്നോവേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദുബായ്: ഗൂഗിള്‍ ഉള്‍പ്പടെയുള്ള ലോകത്തിലെ ഏറ്റവും പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ആരംഭിച്ച് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഡിഇഡബ്ല്യുഎ). ഗവേഷണം, വികസനം, ഇന്നോവേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ഇതിലൂടെ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലിഫോര്‍ണിയയില്‍ നടന്ന പരിപാടിയില്‍ ഡിഇഡബ്ല്യുഎയുടെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ സയീദ് മൊഹമ്മെദ് അല്‍ ടയെറാണ് ജുമൈറ എനര്‍ജി ഇന്റര്‍നാഷണല്‍ സിലിക്കണ്‍ വാലി കമ്പനി പുറത്തിറക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേറ്റീവ് രാജ്യങ്ങളില്‍ ഒന്നാക്കി യുഎഇയെ മാറ്റുന്നതിനായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം കൊണ്ടുവന്ന നാഷണല്‍ ഇന്നോവേഷന്‍ സ്ട്രാറ്റജിയെ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. സിലിക്കണ്‍ വാലിയില്‍ ഇന്‍വെസ്റ്റ്‌മെന്റ്, ഇന്നോവേഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനി തുടങ്ങുന്ന മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള ആദ്യത്തെ സംഘടനയാണ് ഡിഇഡബ്ല്യൂഎ എന്നും അല്‍ ടയെര്‍ വ്യക്തമാക്കി.

ലക്ഷ്യം ദുബായ് നഗരത്തെ ഇന്നൊവേറ്റീവ് ആക്കുക

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററുകളുമായും സര്‍വകലാശാലകളുമായും റിസര്‍ച്ച് സംഘടനകളുമായും ജെഇഐ സിലിക്കണ്‍ വാലി പുതിയ തന്ത്രപരമായ ബന്ധം കണ്ടെത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യും. നിലവിലെ പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ പദ്ധതികള്‍ ഒരുക്കുന്നതിനായി ആധുനിക വിപണികളുമായും വ്യവസായങ്ങളുമായും നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും കമ്പനിക്ക് ലഭിക്കുമെന്നും അദ്ദേഹം.

സിലിക്കണ്‍ വാലിയിലും കാലിഫോര്‍ണിയയിലും യുഎസിലെ മറ്റ് ഭാഗങ്ങളിലുള്ള സ്റ്റാര്‍ട്ട് അപ് നെറ്റ് വര്‍ക്കുകളുമായി നേരിട്ട് ബന്ധപ്പെടാനും പുതിയ സംരംഭത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി. നിലവില്‍ മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം സോളാര്‍ പാര്‍ക്കില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഡിഇഡബ്ല്യുഎ.

Comments

comments

Categories: Arabia