വികസിത സമ്പദ്ഘടനകളിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയില്‍ ആശങ്ക: ജയ്റ്റ്‌ലി

വികസിത സമ്പദ്ഘടനകളിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയില്‍ ആശങ്ക: ജയ്റ്റ്‌ലി

വികസിത രാജ്യങ്ങള്‍ പൊടുന്നനെ വായ്പാ നയങ്ങളില്‍ മാറ്റം വരുത്തുന്നത് വികസ്വര രാഷ്ട്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തും

വാഷിംഗ്ടണ്‍: ആഗോള സമ്പദ്ഘടന വേഗത്തില്‍ തിരിച്ചു വരുമ്പോള്‍ പോലും വികസിത സമ്പദ്ഘടനകളിലെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും, സാധ്യമായ വളര്‍ച്ചയും ആശങ്കകള്‍ നിലനിര്‍ത്തുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആഗോളതലത്തില്‍ സമ്പദ് രംഗത്തിന്റെ വീണ്ടെടുപ്പ് വേഗത്തിലായിയെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസില്‍ അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി.

യൂറോ മേഖല, ജപ്പാന്‍, വളരുന്ന ഏഷ്യ, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ വളര്‍ച്ചാ വേഗത മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് 2017ലും 2018 ലും ആഗോള ജിഡിപി വളര്‍ച്ച വര്‍ധിപ്പിക്കും. വികസിത സമ്പദ്‌വ്യവ്യസ്ഥ കളില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വളരുന്ന വിപണികളിലെയും വികസ്വര സമ്പദ്ഘടനകളിലെയും (ഇഎംഡിഇ) വളര്‍ച്ച മുന്നോട്ടു പോകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കുറഞ്ഞ ചരക്ക് വിലകള്‍ക്കായുള്ള നയങ്ങള്‍ മൂലം ചരക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി തുടരുകയാണ്. വിപുലമായ സാമ്പത്തിക ക്രമീകരണങ്ങളുടെയും ഘടനാപരമായ പരിഷ്‌കാരങ്ങളുടെയും ഫലമായി ആരോഗ്യകരമായ പ്രകടനം ഇന്ത്യ തുടരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

മികച്ച മൂലധനവും പണമൊഴുക്കും പൊതുവെ ബാങ്കിംഗ് മേഖലയുടെ ആരോഗ്യം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പരമ്പരാഗത പ്രശ്‌നങ്ങളും കുറഞ്ഞ ലാഭക്ഷമതയും മൂലം അവയില്‍ പലതിലും പ്രതിസന്ധി തുടരുകയാണ്. കുറഞ്ഞ പലിശ നിരക്കുകള്‍ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഇടക്കാല വെല്ലുവിളി ഉയര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങള്‍ പൊടുന്നനെ വായ്പാ നയങ്ങളില്‍ മാറ്റം വരുത്തുന്നത് വികസ്വര രാഷ്ട്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തും. ജനസംഖ്യാ വളര്‍ച്ചയും വ്യാപാര വ്യാപ്തിയിലെ നഷ്ടവും ആഗോള വീണ്ടെടുക്കലിനെ പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തി വരുന്ന പുരോഗമനപരമായ നടപടികള്‍ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറകള്‍ നല്‍കുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories