സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇന്ത്യയില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 5,000 ലധികം പേര്‍

സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇന്ത്യയില്‍ ഓരോ വര്‍ഷവും മരിക്കുന്നത് 5,000 ലധികം പേര്‍

ഓരോ മണിക്കൂറിലും 55 മരണം എന്നതാണ് ഇതുസംബന്ധിച്ച പുതിയ കണക്ക്

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വാഹന വിപണി അതിവേഗമാണ് വളരുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മണിക്കൂറിലും 55 മരണം എന്നതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ കണക്ക്. ഓരോ ദിവസവും വാഹനാപകടങ്ങളെതുടര്‍ന്ന് മരിക്കുന്നത് 1320 പേര്‍. അശ്രദ്ധ, ട്രാഫിക് നിയമങ്ങളുടെ ലംഘനം, സ്വയരക്ഷ സംബന്ധിച്ച തികഞ്ഞ അജ്ഞത തുടങ്ങിയവയാണ് മിക്ക റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്നത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇന്ത്യയില്‍ വര്‍ഷം തോറും അയ്യായിരത്തിലധികം പേര്‍ മരിക്കുന്നു എന്ന വാര്‍ത്തയും ഞെട്ടിപ്പിക്കുന്നതാണ്. മാരുതി സുസുകിയുടെ ഗവേഷണ വികസന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സിവി രാമന്‍ ഇതുസംബന്ധിച്ച് ലേഖനമെഴുതിയിരിക്കുകയാണ്.

ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഗവേഷണത്തിനും മറ്റുമായി കാര്‍ കമ്പനികള്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹരിയാണ റോഹ്തക്കിലെ ഗവേഷണ വികസന കേന്ദ്രത്തില്‍ തങ്ങളുടെ ഓരോ മോഡലിന്റെയും 35-40 കാറുകളാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നതെന്ന് സിവി രാമന്‍ അറിയിച്ചു. മാരുതി സുസുകിയുടെ കാറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എയര്‍ബാഗ് പോലും യാത്രക്കാര്‍ക്ക് അത്യാഹിതം വരുത്തിവെയ്ക്കും

റോഡപകടങ്ങളെതുടര്‍ന്നുള്ള പരുക്കുകളും മരണങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇന്ത്യയിലെ നിരത്തുകളില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം ആളുകളാണ് മരിക്കുന്നത്. 2020 ഓടെ ഇത്തരം മരണങ്ങള്‍ പകുതിയായി കുറയ്ക്കുകയെന്ന വെല്ലുവിളി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഏറ്റെടുത്തിട്ടുണ്ട്.

കാറിനുള്ളിലെ സീറ്റ് ബെല്‍റ്റിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന് പലര്‍ക്കും അറിയില്ലെന്ന് സിവി രാമന്‍ പറഞ്ഞു. അപകട സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എയര്‍ബാഗ് പോലും യാത്രക്കാര്‍ക്ക് അത്യാഹിതം വരുത്തിവെയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഡ്രൈവര്‍മാരുടെയും മുന്‍ സീറ്റ് യാത്രക്കാരുടെയും മരണങ്ങള്‍ 45-50 ശതമാനം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന 2015 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതര പരുക്കുകള്‍ സംഭവിക്കുന്നത് 45 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയും. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ മരിക്കുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും 25 ശതമാനത്തോളം കുറയ്ക്കാം.

Comments

comments

Categories: Auto