ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് കാര്‍ കമ്പനികള്‍

ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് കാര്‍ കമ്പനികള്‍

വിലയില്‍ ഇളവുകള്‍, ബൈബാക്ക്, സമ്മാനങ്ങള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ന്യൂ ഡെല്‍ഹി : വിലയില്‍ ഒരു ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ദീപാവലി വിപണി കൊഴുപ്പിക്കാന്‍ മത്സരിക്കുകയാണ് വിവിധ കാര്‍ കമ്പനികളുടെ ഡീലര്‍മാര്‍. വിലയില്‍ ഇളവുകള്‍, ബൈബാക്ക്, സമ്മാനങ്ങള്‍ എന്നീ ഓഫറുകളാണ് ഡീലര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കുശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വില്‍പ്പന ഉഷാറാണ് എന്നത് ഡീലര്‍മാരെ ആവേശഭരിതരാക്കിയിട്ടുണ്ട്. കാറുകളുടെ എക്‌സ് ഷോറൂം വിലയില്‍ ഒരു ലക്ഷം രൂപ വരെ ഇളവ് നല്‍കാനാണ് കമ്പനികള്‍ തയ്യാറായിരിക്കുന്നത്. ഡീലര്‍ഷിപ്പ് തലത്തിലുള്ള ഇളവുകളാണ് ഇനി പറയുന്നതെന്നതിനാല്‍ ഓരോ നഗരത്തിലും വ്യത്യാസമുണ്ടാകും.

ആള്‍ട്ടോ, ആള്‍ട്ടോ കെ10, സെലേറിയോ, സ്വിഫ്റ്റ് മോഡലുകള്‍ക്കാണ് മാരുതി സുസുകി ഡീലര്‍മാര്‍ ഇളവുകള്‍ നല്‍കുന്നത്. ആള്‍ട്ടോ 800 ന് 50,000 രൂപ വരെ ഇളവ് ലഭിക്കും. 47,000 രൂപ ഇളവ് നല്‍കിയാണ് ആള്‍ട്ടോ കെ10 എഎംടി വില്‍ക്കുന്നത്. സെലേറിയോ മാന്വല്‍ ട്രാന്‍സ്മിഷന്റെ വിലയില്‍ 44,000 രൂപയും എഎംടി വേരിയന്റിന് 54,000 രൂപയും ഇളവ് ലഭിക്കും. വിറ്റാര ബ്രെസ്സ, പുതിയ ഡിസയര്‍, ബലേനോ, സിയാസ് മോഡലുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ മാരുതി സുസുകി തയ്യാറായില്ല.

ഇയോണ്‍, 2017 ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20/ആക്റ്റീവ്, ടക്‌സണ്‍ തുടങ്ങിയ കാറുകള്‍ക്ക് ഹ്യുണ്ടായ് ഡീലര്‍മാര്‍ വമ്പിച്ച ഇളവുകളാണ് നല്‍കുന്നത്. ഇയോണ്‍ ഹാച്ച്ബാക്കിന്റെ വിലയില്‍ 50,000 രൂപ ഇളവ് നല്‍കിയാണ് വില്‍ക്കുന്നത്. ഗ്രാന്‍ഡ് ഐ10 ന് 40,000 രൂപയുടെ ആനുകൂല്യം ലഭിക്കും. 15,000 രൂപ ഇളവില്‍ എലൈറ്റ് ഐ20/ആക്റ്റീവ് ഐ20 വാങ്ങാം. 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ആണ് ഹ്യുണ്ടായ് ടക്‌സണ് നല്‍കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വില്‍പ്പന ഉഷാറാണ് എന്നത് ഡീലര്‍മാരെ ആവേശഭരിതരാക്കിയിട്ടുണ്ട്

ഹോണ്ട ബ്രിയോ, ജാസ്, അമേസ്, ബിആര്‍-വി എന്നീ മോഡലുകള്‍ക്കാണ് ഹോണ്ട ഡീലര്‍മാര്‍ ഇളവുകള്‍ നല്‍കുന്നത്. അതേസമയം ഡബ്ല്യുആര്‍-വി, 2017 ഹോണ്ട സിറ്റി എന്നിവയ്ക്ക് ഓഫറുകളൊന്നും നല്‍കുന്നില്ല. ബ്രിയോ, ജാസ് മോഡലുകള്‍ക്ക് 10,000 രൂപ കാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഹോണ്ട ബിആര്‍-വി മോഡലിന് പരാമവധി ഒരു ലക്ഷം രൂപ ആനുകൂല്യം ലഭിക്കും.

ഇളവുകള്‍ നല്‍കുന്നതില്‍ ടാറ്റ ഡീലര്‍മാരും മോശക്കാരല്ല. നാനോ, ബോള്‍ട്ട്, സെസ്റ്റ് എന്നീ മോഡലുകള്‍ക്കാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. നാനോ, ഇന്‍ഡിക്ക, സെസ്റ്റ് വേരിയന്റുകള്‍ക്ക് 15,000 മുതല്‍ 20,000 രൂപ വരെ കാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എന്നാല്‍ ടിയാഗോ, ടിഗോര്‍, ഹെക്‌സ, ഈയിടെ പുറത്തിറക്കിയ നെക്‌സോണ്‍ എന്നിവയ്ക്ക് ഓഫറുകളൊന്നും നല്‍കുന്നില്ല. വിപണിയില്‍ ഈ കാറുകള്‍ നല്ല പോലെ വിറ്റുപോകുന്നു എന്നതുതന്നെ കാരണം.

കെയുവി 100, ടിയുവി 300, എക്‌സ്‌യുവി, സ്‌കോര്‍പിയോ മോഡലുകള്‍ക്കാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡീലര്‍മാര്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. കെയുവി 100 ന് 60,000 രൂപ ഇളവ് ലഭിക്കും. ടിയുവി 300 ന്റെ വിലയില്‍ 35,000 രൂപ ഇളവ് നല്‍കിയാണ് വില്‍ക്കുന്നത്. സ്‌കോര്‍പ്പിയോ (45,000 രൂപ), എക്‌സ്‌യുവി 500 (55,000 രൂപ) എന്നിങ്ങനെയാണ് മറ്റ് ഡിസ്‌കൗണ്ടുകള്‍.

Comments

comments

Categories: Auto