അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകളെയും ബാധിക്കുന്നു

അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകളെയും ബാധിക്കുന്നു

ആന്റാര്‍ട്ടിക്കയില്‍ അഡിലി പെന്‍ഗ്വിന്റെ ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ പട്ടിണി മൂലം മരണപ്പെട്ടതായി കണ്ടെത്തി. പ്രജനന കാലത്താണു ദുരന്തമുണ്ടായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ പെയ്തതും കടല്‍ ഐസ് അമിതമായി രൂപപ്പെട്ടതുമാണു കാരണം. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്നു പെന്‍ഗ്വിന് അവയുടെ കുഞ്ഞുങ്ങള്‍ക്കു തീറ്റ ലഭ്യമാക്കാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നു. ഇതേ തുടര്‍ന്നു ദിവസങ്ങളോളം കുഞ്ഞുങ്ങള്‍ക്കു പട്ടിണി കിടക്കേണ്ടി വന്നതാണു ദുരന്തകാരണമായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

അടുത്തയാഴ്ച ഹോബാര്‍ട്ടില്‍ കമ്മിഷന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് അന്റാര്‍ട്ടിക്ക് മറൈന്‍ ലിവിംഗ് റിസോഴ്‌സസ്(സിസിഎഎംഎല്‍ആര്‍) യോഗത്തില്‍ യൂറോപ്യന്‍ യൂണിയനും 24 രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തില്‍ പെന്‍ഗ്വിന്റെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഈസ്റ്റ് അന്റാര്‍ട്ടിക്കയില്‍ മറീന്‍ സംരക്ഷണത്തിനു നടപടികളെടുക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവരാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. 2010-ല്‍ മെര്‍ട്‌സ് ഗ്ലേസിയര്‍ എന്ന ഒഴുകി നടക്കുന്ന മഞ്ഞുകട്ടി പിളര്‍ന്നതിനെ തുടര്‍ന്നു പ്രദേശത്ത് കടല്‍ ഐസ് രൂപപ്പെടുന്നതിനും സമുദ്ര പ്രവാഹമുണ്ടാകുന്നതിനും കാരണമായി തീര്‍ന്നിരുന്നു. അന്ന് സംഭവിച്ച പ്രതിഭാസത്തിന്റെ ആഘാതം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം കാലാവസ്ഥ വ്യതിയാനവും അന്റാര്‍ട്ടിക്കയില്‍ കടല്‍ ഐസ് ക്രമാതീതമായ തോതില്‍ വ്യാപിക്കുന്നതും തമ്മില്‍ നേരിട്ടു ബന്ധമുണ്ടോ എന്നതില്‍ വ്യക്തമായ തെളിവുകളൊന്നുമില്ല. പ്രദേശത്ത് സമീപ വര്‍ഷങ്ങളില്‍ കടല്‍ ഐസ് വര്‍ധിക്കുന്നുമുണ്ട്. കടല്‍ ഐസിന്റെ വര്‍ധന സമുദ്രത്തില്‍ ജലനിരപ്പ് ഉയരാനും കാരണമാകുന്നുണ്ട്.

Comments

comments

Categories: FK Special