ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം അനില്‍ അഗര്‍വാള്‍ വര്‍ധിപ്പിച്ചു

ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം അനില്‍ അഗര്‍വാള്‍ വര്‍ധിപ്പിച്ചു

102.2 മില്ല്യണ്‍ ഓഹരികളാണ് അഗര്‍വാളിന്റെ വോള്‍ക്കന്‍ ഹോള്‍ഡിംഗ് വാങ്ങിയത്

ന്യൂഡെല്‍ഹി: ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂചിപ്പ് ഖനന കമ്പനി ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം ഇന്ത്യന്‍ വ്യവസായി അനില്‍ അഗര്‍വാള്‍ 19 ശതമാനമാക്കി ഉയര്‍ത്തി. ആംഗ്ലോ അമേരിക്കനിലെ 102.2 മില്ല്യണ്‍ ഓഹരികളാണ് അഗര്‍വാളിന്റെ വോള്‍ക്കന്‍ ഹോള്‍ഡിംഗ് വാങ്ങിയത്. രണ്ട് ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞമാസം അനില്‍ അഗര്‍വാള്‍ അറിയിച്ചിരുന്നു.

ആംഗ്ലോ അമേരിക്കനില്‍ വോള്‍കാനിന് 160.7 മില്ല്യണ്‍ ഓഹരികള്‍ ഇതിനോടകം സ്വന്തമായുണ്ടായിരുന്നു. കൂടുതല്‍ ഓഹരികള്‍ വാങ്ങിയതോടെ കമ്പനിയിലെ ഏറ്റവും വലിയ നിക്ഷേപകനായി അഗര്‍വാള്‍ മാറി. അതേസമയം, വ്യക്തിഗത ശേഷിക്കനുസരിച്ചുള്ള നിക്ഷേപമാണ് നടത്തിയതെന്നും കമ്പനിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിടുന്ന ബോര്‍ഡംഗമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോള്‍ക്കന്‍ പുറത്തിറക്കിയ നിര്‍ബന്ധിത കൈമാറ്റ ബോണ്ടിലൂടെയാണ് അദ്ദേഹം ആംഗ്ലോ അമേരിക്കനിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്.

2020ല്‍ ബോണ്ടുകള്‍ പക്വത പ്രാപിക്കുന്നത് വരെ അഗര്‍വാളിന് തന്റെ ഓഹരികളില്‍ നിന്ന് ലാഭം ലഭിക്കാന്‍ ഇടയുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, ഓഹരി വില വര്‍ധിക്കുന്നതിനനുസരിച്ച് അദ്ദേഹത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയില്ല. സമ്മര്‍ദ്ദം ചെലുത്തി കമ്പനിയില്‍ നിന്ന് വിട്ടു പോരുന്നതിനോ അല്ലെങ്കില്‍ ലയനത്തിനോ ആണ് അഗര്‍വാള്‍ തന്റെ പങ്കാളിത്തം വര്‍ധിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. വേദാന്ത ലിമിറ്റഡിനെയും ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിനെയും നിയന്ത്രിക്കുന്ന വേദാന്ത റിസോഴ്‌സില്‍ അഗര്‍വാളിന് നിയന്ത്രിത ഓഹരികളുണ്ട്. ഹിന്ദുസ്ഥാന്‍ സിങ്കിനെ ആംഗ്ലോയുമായി ലയിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും അത് വിഫലമായിരുന്നു.

Comments

comments

Categories: Business & Economy