പുനരുപയോഗ ഊര്‍ജ മേഖല സമ്മര്‍ദ്ദത്തില്‍: ആഷിഷ് ഖന്ന

പുനരുപയോഗ ഊര്‍ജ മേഖല സമ്മര്‍ദ്ദത്തില്‍: ആഷിഷ് ഖന്ന

ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക വിദ്യയിലെ നിക്ഷേപമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം

ന്യൂഡെല്‍ഹി: വിപണി വിഹിതത്തിനുവേണ്ടി ചൈനീസ് കമ്പനികളോട് നടത്തേണ്ടിവരുന്ന മത്സരവും കുറഞ്ഞ താരിഫുകളും ഇന്ത്യയിലെ സൗരോര്‍ജ ഉല്‍പ്പാദനോപകരണ ഘടക വ്യവസായത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് ടാറ്റ പവര്‍ സോളാര്‍ സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ ആഷിഷ് ഖന്ന. ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതിക വിദ്യയിലെ നിക്ഷേപമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖന്ന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സൗരോര്‍ജത്തില്‍ നിന്ന് വര്‍ഷം മുഴുവന്‍ ഉപയോഗിക്കാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഭാവിയില്‍ നമുക്കാവും. തൊണ്ണൂറുകളില്‍ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി രംഗം എങ്ങനെയായിരുന്നോ അതിനു സമാനമാണ് ഇപ്പോള്‍ പുനരുപയോഗ ഊര്‍ജ മേഖലയുടെ നില. വലിയ സാധ്യതകള്‍ ഈ മേഖലയിലുണ്ട്- ഖന്ന പറഞ്ഞു.

അമേരിക്കയിലെ സോളാര്‍ ഉപകരണ ഘടകങ്ങളെ സംബന്ധിച്ച തീരുമാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ഷാന്ത്യത്തില്‍ പ്രഖ്യാപിച്ചേക്കും. യൂറോപ്പിലും ചില ആഭ്യന്തര വ്യവസായ സംരക്ഷണ നയങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ സോളാര്‍ പ്രൊഡക്റ്റുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുക അത്രയെളുപ്പമുള്ള കാര്യമല്ല. 2022 ആകുമ്പോഴേക്കും 100 ജിഗാവാട്ട് എന്ന രീതിയിലെ നാഴികക്കല്ലുകള്‍ക്ക് അപ്പുറത്തേക്കുള്ള നയങ്ങള്‍ വേണം ആവിഷ്‌കരിക്കാന്‍- ഖന്ന നിര്‍ദേശിച്ചു.

ഭൂമിയിലും വൈദ്യുതി ബില്ലിലും സബ്‌സിഡി ലഭിക്കുന്നതുകൊണ്ട് ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വില കുറവാണ്. ഇന്ത്യന്‍ നിര്‍മിതികളേക്കാള്‍ കാര്യക്ഷമതയുള്ളതാണ് അവ. സര്‍ക്കാരില്‍ നിന്ന് പിന്തുണ സംവിധാനമുണ്ടെങ്കില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്കും ചൈനീസ് ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ സാധിക്കും. ഇതെല്ലാം വില നിര്‍ണ്ണയ തന്ത്രങ്ങളെ ആശ്രയിച്ചിരിക്കും.
സാങ്കേതികവിദ്യയില്‍ അനുദിനം വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ സാങ്കേതികവിദ്യയില്‍ നിക്ഷേപം അനിവാര്യമാണ്. ഉപയോഗപ്രദമായ ടെക്‌നോളജിയിലെ നിക്ഷേപമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം വിലയിരുത്തി.

Comments

comments

Categories: Business & Economy