സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി പാനസോണിക്

സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി പാനസോണിക്

ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം 2022 ഓടെ വാഹനങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും

ഒസാക്ക : സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യയുമായി ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ പാനസോണിക് രംഗത്തെത്തുന്നു. കമ്പനിയുടെ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം 2022 ഓടെ വാഹനങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും. ടെസ്‌ലയുടെ മോഡല്‍ 3 കാറിന് ബാറ്ററി സെല്‍ വിതരണം ചെയ്യുന്നത് പാനസോണിക് ആണ്. അഡ്വാന്‍സ്ഡ് ഓട്ടോ പാര്‍ട്‌സുകള്‍ വിതരണം ചെയ്യുന്ന കമ്പനിയെന്ന ലേബല്‍ കൂടി എടുത്തണിയുകയാണ് ഇപ്പോള്‍ ജാപ്പനീസ് കമ്പനി.

ലോ, മീഡിയം സ്പീഡ് റേഞ്ചുകളില്‍ ഓട്ടോണമസ് ഡ്രൈവിംഗിന് സഹായിക്കുന്നതായിരിക്കും പുതിയ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമെന്ന് പാനസോണിക്കിന്റെ വാഹന ഗവേഷണ-വികസന വിഭാഗത്തിലെ വിഷന്‍ ആന്‍ഡ് സെന്‍സിംഗ് ടെക്‌നോളജീസ് ഡയറക്റ്റര്‍ ഇന്‍ ചാര്‍ജ് ഷോയിച്ചി ഗോട്ടോ പറഞ്ഞു. ടെലിവിഷന്‍, കാമറ മേഖലകളിലെ വൈദഗ്ധ്യം ഉപയോഗിച്ച് എല്‍എസ്‌ഐ ചിപ്പുകള്‍ (ലാര്‍ജ്-സ്‌കെയില്‍ ഇന്റഗ്രേഷന്‍) വികസിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.

2022 മാര്‍ച്ച് മാസത്തോടെ ഓട്ടോമോട്ടീവ് ബിസിനസ്സില്‍നിന്നുള്ള വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് പാനസോണിക്കിന്റെ ലക്ഷ്യം

ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഈ ചിപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ഡ്രൈവിംഗ് സംബന്ധമായ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ബോഷ്, കോണ്ടിനെന്റല്‍ എന്നീ കമ്പനികളുമായി മത്സരിക്കുകയാണ് പാനസോണിക്കിന്റെ ലക്ഷ്യം.

2022 മാര്‍ച്ച് മാസത്തോടെ ഓട്ടോമോട്ടീവ് ബിസിനസ്സില്‍നിന്നുള്ള വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് പാനസോണിക് തീരുമാനിച്ചിരിക്കുന്നത്. അതായത് 2.5 ട്രില്യണ്‍ യെന്‍ (22 ബില്യണ്‍ ഡോളര്‍). 2017 മാര്‍ച്ച് മാസമാകുമ്പോള്‍ 1.3 ട്രില്യണ്‍ യെന്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലിലാണ് പാനസോണിക് ഓട്ടോമോട്ടീവ് ഗവേഷണ-വികസന വിഭാഗം ആരംഭിച്ചത്. ടെലിവിഷന്‍ വിഭാഗത്തില്‍നിന്നും മറ്റ് ഇലക്ട്രോണിക്‌സ് ബിസിനസ്സുകളില്‍നിന്നും 350 എന്‍ജിനീയര്‍മാരെ ഇവിടേക്ക് സ്ഥലം മാറ്റിയിരുന്നു. വാഹന ബിസിനസ്സ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിന് സ്പാനിഷ് വാഹന പാര്‍ട്‌സ് നിര്‍മ്മാതാക്കളായ ഫികോസ ഇന്റര്‍നാഷണലിനെ ഈ വര്‍ഷമാദ്യം പാനസോണിക് ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Auto