പൊണ്ണത്തടി ആഗോളപ്രശ്‌നമാകുമ്പോള്‍

പൊണ്ണത്തടി ആഗോളപ്രശ്‌നമാകുമ്പോള്‍

ലോകമൊട്ടാകെയുള്ള കുട്ടികളും കൗമാരക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നമായി പൊണ്ണത്തടി മാറിയിരിക്കുന്നു

ലോകമെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും കഴിഞ്ഞ നാലു ദശകത്തിനുള്ളില്‍ ശരീരഭാരം 10 മടങ്ങായി മാറിയിരിക്കുന്നു. 124 മില്യണ്‍ കുട്ടികള്‍ പൊണ്ണത്തടി മൂലമുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്നവരാണെന്ന് ദ് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 200 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബ്രിട്ടണില്‍ 5-19 പ്രായപരിധിയിലുള്ള ഓരോ പത്തു പേരും പൊണ്ണത്തടിയുള്ളവരാണ്. കുട്ടിക്കാലം മുതല്‍ പൊണ്ണത്തടിയുള്ളവര്‍ വലുതായാലും പൊതുവേ പൊണ്ണത്തടിയരായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് അവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025 മുതല്‍ പൊണ്ണത്തടി കാരണം ലോകമെമ്പാടുമുള്ള ചികില്‍സാ ചെലവ് 920 ബില്യണ്‍ പൗണ്ട് ആയിരിക്കുമെന്നാണ് ലോക പൊണ്ണത്തടിവിരുദ്ധ ദിനത്തില്‍ ലാന്‍സെറ്റില്‍ വന്ന വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ വേള്‍ഡ് ഒബിസിറ്റി ഫെഡറേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

പൊണ്ണത്തടി: മാറുന്ന മാനദണ്ഡങ്ങള്‍

ബ്രിട്ടണ്‍ ഉള്‍പ്പെടെ നിരവധി വികസിത യൂറോപ്യന്‍ രാജ്യങ്ങളില്‍ കുട്ടികളിലെ പൊണ്ണത്തടിനിരക്ക് സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും അത് അമിതതോതില്‍ അതിവേഗം വര്‍ധിക്കുകയാണെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ ഗവേഷണത്തലവന്‍ പ്രൊഫ. മാജിദ് എസ്സാറ്റി പറയുന്നു. കൊഴുപ്പേറിയ ഭക്ഷണം സുലഭമായി കിട്ടുന്നതും അതിന്റെ പ്രചാരണവുമാണ് ഇതിനു കാരണം. കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ഏറ്റവും കൂടുതല്‍ കിഴക്കനേഷ്യയിലാണെന്ന് ജേണലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയിലും ചൈനയിലും അടുത്തകാലത്ത് വന്‍വര്‍ധന ഉണ്ടായിട്ടുണ്ട്. പോളിനേഷ്യ, മൈക്രോനേഷ്യ മേഖലകളില്‍ ഈ പ്രായത്തിലുള്ളവരുടെ ഏറ്റവും വലിയ നിരക്കിലുള്ള വര്‍ധന. ചെറുപ്പക്കാരില്‍ പകുതിയും പൊണ്ണത്തടിയരാണ്.

ലോകത്ത് 124 മില്യണ്‍ കുട്ടികള്‍ പൊണ്ണത്തടി മൂലമുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങളനുഭവിക്കുന്നവരാണെന്ന് ദ് ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേണല്‍ 200 രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടണില്‍ 5-19 പ്രായപരിധിയിലുള്ള ഓരോ പത്തു പേരും പൊണ്ണത്തടിയുള്ളവരാണ്. കുട്ടിക്കാലം മുതല്‍ പൊണ്ണത്തടിയുള്ളവര്‍ വലുതായാലും പൊതുവേ പൊണ്ണത്തടിയരായി തുടരുന്നതായാണ് കണ്ടുവരുന്നത്

ഈ പ്രവണത പൊണ്ണത്തടിയരുടെ എണ്ണം ഇപ്പോഴുള്ള ഭാരമില്ലാത്തവരുടെ എണ്ണത്തെ അധികരിക്കാന്‍ കാരണമാകും. 2000നു ശേഷം ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞു വരുകയാണ്. 2016ല്‍ 192 മില്യണ്‍ ചെറുപ്പക്കാരാണ് ലോകത്ത് മതിയായ ഭാരമില്ലാത്തവരായി ഉണ്ടായിരുന്നത്. ഇപ്പോഴും ഇവരുടെ എണ്ണം തടിയന്മാരേക്കാള്‍ അധികമാണ്. എന്നാല്‍ ഈ നില താമസിയാതെ മാറും. ഭാരക്കുറവുള്ളവരുടെ പ്രദേശമായി അറിയപ്പെട്ടിരുന്ന കിഴക്കനേഷ്യ, ലാറ്റിനമേരിക്ക, കരീബിയ മേഖലകള്‍ പതിയെ തടിയന്മാരുടെ പ്രദേശമെന്ന നിലയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. 2016ല്‍ ആഗോള വ്യാപകമായി 213 മില്യണ്‍ ചെറുപ്പക്കാര്‍ കൂടി അമിതവണ്ണക്കാരുടെ ഗണത്തിലേക്കു ചേര്‍ന്നിട്ടുണ്ട്. ഇത് ആസന്നഭാവിയില്‍ വഷളാകുന്ന വലിയ പ്രശ്‌നമാണെന്ന് ഗവേഷകനായ ഡോ. ഹാരി റട്ടര്‍ ചൂണ്ടിക്കാട്ടുന്നു. മെലിഞ്ഞവരുടെ എണ്ണം പത്തു വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. ഇനിയും ബലഹീനരെയും അലസരെയും നമുക്കാവശ്യമില്ല. ലോകം മാറുന്നുവെന്നതാണു യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പൊണ്ണത്തടി കുറയ്ക്കാനുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവിദഗ്ധരും ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. കൂടിയ ഊര്‍ജം നല്‍കുന്ന, എന്നാല്‍ പോഷണങ്ങളില്ലാത്ത ഭക്ഷണരീതി ഉപേക്ഷിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണമെന്ന് ലോകാരോഗ്യസംഘടനയിലെ ഡെ. ഫിയോണ ബുള്‍ ആവശ്യപ്പെടുന്നു. ഇത്തരം ഭക്ഷണരീതി നിരുല്‍സാഹപ്പെടുത്താന്‍ സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. 20 രാജ്യങ്ങള്‍ പഞ്ചസാരക്കൂട്ടുള്ള പാനീയങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ബര്‍ഗര്‍ തുടങ്ങിയ കൊഴുപ്പു കൂടിയ ജങ്ക്ഫുഡുകള്‍ക്ക് കേരളവും നികുതി ചുമത്തിയിട്ടുണ്ട്.

മധുരം കുറയ്ക്കാനുള്ള ആസൂത്രണപദ്ധതിയുടെ ഭാഗമായി ഷുഗര്‍ ലെവി ഏര്‍പ്പെടുത്തിയത് ലോകത്തു തന്നെ ഇത്തരത്തിലുള്ള ആദ്യനീക്കമാണെന്ന് ബ്രിട്ടണിലെ ആരോഗ്യവിഭാഗം മുഖ്യ പോഷകവിദഗ്ധന്‍ ഡോ. ആലിസണ്‍ ടെഡ്‌സ്റ്റണ്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതു കൊണ്ടായില്ല, വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിനുള്ള ദീര്‍ഘയാത്രയുടെ ആദ്യചുവടു മാത്രമായേ ഇതിനെ കാണാനാകൂവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആളുകള്‍ക്ക് ഇതേക്കുറിച്ച് ഉപദേശം മാത്രം നല്‍കിയാല്‍ പോരാ. ബോധവല്‍ക്കരണവും കര്‍മ്മപദ്ധതിയും ഇതോടൊപ്പം ആവശ്യമാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണരീതി ശീലിക്കാനും ആരോഗ്യകരമായ സമീകൃതാഹാര ക്രമം പിന്തുടരാനും അവരെ പ്രേരിപ്പിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

 

Comments

comments

Categories: FK Special, Slider