നിരവധി പത്രങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ‘ പേപ്പര്‍ബോയ് ‘

നിരവധി പത്രങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ‘ പേപ്പര്‍ബോയ് ‘

ഇന്ത്യയിലെ ഒട്ടനവധി പത്രങ്ങളും മാഗസിനുകളും ഒരു പ്ലാറ്റ്‌ഫോമില്‍ വായനക്കാര്‍ക്കായി അണിനിരത്തുകയാണ് പേപ്പര്‍ബോയ് എന്ന ആപ്ലിക്കേഷനില്‍. കോളെജ് വിദ്യാര്‍ത്ഥിയായ 20-കാരന്‍ തുടങ്ങിയ ഈ സംരംഭം ഇതിനോടകം മുന്നൂറില്‍പ്പരം പത്രങ്ങളാണ് ആപ്ലിക്കേഷനിലൂടെ വായനക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്

പത്രവായനയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്റര്‍നെറ്റിന്റെ അതിപ്രസരത്തില്‍ കാലാനുഗതമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും വസ്തുതാ പരമായി പത്രവായനയ്ക്കും ശൈലിക്കും വലിയ മാറ്റങ്ങളില്ല. തിരക്കു പിടിച്ച ജീവിത ശൈലിക്ക് അനുസൃതമായി ഒരു വിഭാഗം ആളുകളില്‍ സ്മാര്‍ട്ട് ഫോണുകളിലേക്ക് പത്രവായന ചുരുങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കായി ന്യൂജന്‍ ട്രെന്‍ഡില്‍ നിരവധി അച്ചടി മാധ്യമങ്ങളുമായി സഹകരിച്ച് പത്രവായന എളുപ്പമാക്കിയിരിക്കുകയാണ് ‘ പേപ്പര്‍ബോയ് ‘ എന്ന സംരംഭം. നിരവധി പത്രങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുകയാണിവിടെ. ഹൈദരാബാദ് സ്വദേശിയായ ജോണ വെങ്കട കാര്‍ത്തിക് രാജ എന്ന ചെറുപ്പക്കാരന്റെ ബുദ്ധിയിലുദിച്ചതാണ് ഈ സ്റ്റാര്‍ട്ടപ്പ്.

ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പൊതുവേ ചെലവ് കുറയുകയും വേഗതയാര്‍ജ്ജിക്കുകയും ചെയ്തതോടെ പത്രങ്ങള്‍ വായനക്കാരുടെ സൗകര്യാര്‍ത്ഥം എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും വായിക്കാം എന്ന സ്ഥിതിയാണ്. ഇപ്പോള്‍ ഒട്ടുമിക്ക പത്രങ്ങളും മാഗസിനുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാ പത്രങ്ങളും അനുബന്ധ മാഗസിനുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ വായനക്കാരുടെ മുന്നിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് പേപ്പര്‍ബോയ് എന്ന ആപ്ലിക്കേഷന്‍. ഏകദേശം മുന്നൂറില്‍പ്പരം പത്രങ്ങളാണ് അവയുടെ ഇ-പേപ്പര്‍ ഫോര്‍മാറ്റില്‍ പേപ്പര്‍ ബോയിയില്‍ അണിനിരത്തിയിട്ടുള്ളത്.

പേപ്പര്‍ബോയ് എന്ന ആശയം

പരസ്യങ്ങളുടെ അതിപ്രസരം ഒട്ടുംതന്നെയില്ലാതെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവിധാനത്തിലൂടെ പത്രങ്ങളും മാഗസിനുകളും വായിക്കാമെന്നതാണ് പേപ്പര്‍ബോയിയുടെ എറ്റവും വലിയ പ്രത്യേകത. 2016 ഫെബ്രുവരിയിലാണ് കാര്‍ത്തികിന് പേപ്പര്‍ബോയ് തുടങ്ങാനുള്ള ആശയം ലഭിച്ചത്. ” യാത്രകള്‍ എനിക്കിഷ്ടമാണ്, അതുപോലെതന്നെ വായനയും. യാത്രയ്ക്കിടയില്‍ പലപ്പോഴും പത്രങ്ങള്‍ വായിക്കാന്‍ കഴിയാറില്ല. ഒരു ശരാശരി പത്രവായനക്കാരനു പോലും ഇന്ന് ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിലും ആഹാരം കഴിക്കുമ്പോഴും മറ്റുമാണ് പത്രം വായിക്കാന്‍ സമയം കിട്ടാറുള്ളത്. രാവിലെയുള്ള ഓട്ടത്തിനിടയില്‍ പത്രം വായിക്കാനാവാതെ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും സമകാലിക സംഭവങ്ങളേക്കുറിച്ച് വൃക്തമായ വിവരം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നത് കണ്ടാണ് ഈ ആശയത്തിലേക്ക് കടന്നത്. സുഹൃത്തുക്കളും ആശയത്തെ വളരെയധികം പിന്തുണച്ചതോടെ പേപ്പര്‍ബോയിക്ക് തുടക്കമായി,” കാര്‍ത്തിക് പറയുന്നു.

എല്ലാ പത്രങ്ങളും അനുബന്ധ മാഗസിനുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ വായനക്കാരുടെ മുന്നിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് പേപ്പര്‍ബോയ് എന്ന ആപ്ലിക്കേഷന്‍. ഏകദേശം മുന്നൂറില്‍പ്പരം പത്രങ്ങളാണ് അവയുടെ ഇ-പേപ്പര്‍ ഫോര്‍മാറ്റില്‍ പേപ്പര്‍ ബോയിയില്‍ അണിനിരത്തിയിട്ടുള്ളത്. പരസ്യങ്ങളുടെ അതിപ്രസരം ഒട്ടുംതന്നെയില്ലാതെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവിധാനത്തിലൂടെ പത്രങ്ങളും മാഗസിനുകളും വായിക്കാമെന്നതാണ് പേപ്പര്‍ബോയിയുടെ എറ്റവും വലിയ പ്രത്യേകത

സിഎംഎസ് ജെയിന്‍ സര്‍വകലാശാലയില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായി ഈ 20-കാരന്റെ ബിസിനസിലേക്കുള്ള കടന്നുവരവ് യാദൃശ്ചികമായിരുന്നില്ല. പിതാവിന്റെ നിരവധി ബിസിനസ് പ്രൊജക്ടുകള്‍ കണ്ടും പരിചയിച്ചും വളര്‍ന്ന കാര്‍ത്തിക്കിന് ഒരു ഇരുപതുകാരന്റെ ബിസിനസ് സംരംഭം മറ്റുള്ളവര്‍ പിന്തുണയ്ക്കുമോ എന്നതായിരുന്നു ഏറ്റവും വലിയ ഭയം. എന്നാല്‍ സംരംഭം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ പേടി അവസാനിച്ചതായും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

പ്രാദേശിക പത്രങ്ങള്‍ക്ക് മുന്‍തൂക്കം

ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാകുന്ന ഏത് മൊബീല്‍ ഫോണിലും പേപ്പര്‍ ബോയ് ലഭ്യമാകും. ദിവസേനയുള്ള പത്രത്തിന്റെ വരിക്കാരായോ സൗജന്യമായോ ഈ ആപ്ലിക്കേഷനിലൂടെ ഏവര്‍ക്കും പത്രങ്ങളും മാഗസിനുകളും വായിക്കാവുന്നതാണ്. ” പേപ്പര്‍ബോയ് തികച്ചും സൗജന്യമായ ആപ്ലിക്കേഷന്‍ ആയതുകൊണ്ടുതന്നെ ഏതൊരു വ്യക്തിക്കും വളരെ ലളിതമായി ഈ പ്ലാറ്റ്‌ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇതിലുള്ള പത്രങ്ങള്‍ വായിക്കാവുന്നതാണ്,” കാര്‍ത്തിക് പറയുന്നു.

പ്രാദേശിക പത്രങ്ങള്‍ക്കാണ് പേപ്പര്‍ ബോയ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ Tier II,TierIII മാര്‍ക്കറ്റാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനോടകം ഇന്ത്യയിലെ 31.16 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉള്‍പ്പെടുന്ന 3133 നഗരങ്ങളിലെ പ്രദേശിക വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന പത്രങ്ങള്‍ പേപ്പര്‍ ബോയിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” സംരംഭത്തിന്റെ തുടക്കത്തില്‍ മുന്‍നിര പത്രസ്ഥാപനങ്ങളുടെ ഇ- പേപ്പറുകള്‍ ആപ്ലിക്കേഷനില്‍ പ്രസിദ്ധീകരിക്കുന്നതിനും സ്ഥാപനങ്ങളെ വിഷയങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും ഏറെ പ്രയാസകരമായിരുന്നു. അക്കാലത്ത് വെറും 19 വയസു മാത്രമായതാണ് പ്രധാന കാരണം,” കാര്‍ത്തിക് പറയുന്നു. സംരംഭത്തിന്റെ തുടക്കകാലത്ത് ആറു മുതല്‍ ഏഴ് മാസക്കാലം വരെ പത്രങ്ങള്‍ പ്രസിദ്ധീകരണത്തിന് ലഭിച്ചിരുന്നില്ലെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആദ്യമായി പേപ്പര്‍ ബോയിയില്‍ പ്രസിദ്ധീകരിച്ച പത്രം ഇസാഞ്ചെ (Eesanje) ആണ്. കാര്‍ത്തികിന്റെ അഭിപ്രായത്തില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഈ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ചതാണ് പേപ്പര്‍ ബോയിയുടെ ഏറ്റവും വലിയ വിജയം. ഇന്ന് 300 ഓളം പത്രങ്ങളും മാഗസിനുകളും പേപ്പര്‍ബോയ് ആപ്ലിക്കേഷനില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

വെല്ലുവിളികളില്ലാതെ മുന്നേറ്റം

സംരംഭം തുടങ്ങി ആദ്യ പാദത്തില്‍ ദിനം പ്രതി ഒരു മില്ല്യണ്‍ ഉപഭോക്താക്കളെയാണ് കമ്പനി പ്രതീക്ഷിച്ചതെങ്കിലും 6 ലക്ഷം ഹിറ്റ്‌സ് തികയ്ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. എന്നിരുന്നാലും കമ്പനിയുടെ പ്രവര്‍ത്തന നിലവാരവും ആശയവും ശ്രദ്ധയാകര്‍ഷിച്ചതോടെ വരുമാനത്തില്‍ ആശങ്കയില്ലെന്നും കാര്‍ത്തിക് സാക്ഷ്യപ്പെടുത്തുന്നു. വെബ്‌സൈറ്റിന്്് ഇപ്പോള്‍ ദിവസംതോറും ഏകദേശം ഒരു ലക്ഷം സ്ഥിരം സന്ദരര്‍ശകരുണ്ടെന്നും 11,000 ഡൗണ്‍ലോഡുകളുമായി 16.7 മില്ല്യണ്‍ പേജുകള്‍ വായിക്കപ്പെടുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു. നിരവധി പത്രങ്ങളും മാഗസിനുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലെത്തിക്കുന്ന മറ്റൊരു സംരംഭവും ഇതുവരെ പേപ്പര്‍ ബോയിക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടില്ല. കൂടുതല്‍ പത്രങ്ങളും മാഗസിനുകളും ഉള്‍പ്പെടുത്തി ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയാണ് കാര്‍ത്തിക്കിന്റെ അടുത്ത പദ്ധതി. കൂടുതല്‍ വായനക്കാരെ നേടിയതിനു ശേഷമാകും നിക്ഷേപ സമാഹരണത്തിന് കമ്പനി ശ്രമിക്കുകയെന്നും ഈ യുവസംരംഭകന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. മാത്രമല്ല രണ്ടാംഘട്ടത്തില്‍ അമേരിക്ക, യുഎഇ, യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആഗോള തലത്തില്‍ കൂടുതല്‍ വായനക്കാരെ സൃഷ്ടിക്കാനാണ് കാര്‍ത്തിക്കിന്റെ ഭാവിപരിപാടികള്‍.

Comments

comments

Categories: FK Special, Slider