അന്താരാഷ്ട്ര ചലച്ചിത്രമേള  മികവിന്റെ പര്യായമാകും

അന്താരാഷ്ട്ര ചലച്ചിത്രമേള  മികവിന്റെ പര്യായമാകും

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇരുനൂറോളം ചിത്രങ്ങള്‍ 14 തിയേറ്ററുകളിലായി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം വി ജെ ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം തിരക്ക് അമിതമായിരുന്നു. ചലച്ചിത്രമേളയ്ക്കിടെ തിയേറ്ററുകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വലിയ വിപത്തുണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം പാസുകള്‍ നല്‍കാനാവില്ല.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കിലും ചലച്ചിത്രമേളയുടെ നടത്തിപ്പ് ചലച്ചിത്ര അക്കാഡമിക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡെലിഗേറ്റ് ഫീസില്‍ ചെറിയ വര്‍ധനവ് വേണ്ടിവരും. ഇത്തവണ മേളയിലേക്ക് സിനിമയുടെ വിവിധ മേഖലകളിലെ പ്രഗത്ഭരെ ക്ഷണിക്കുന്നുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോക്കുറോവിനാണ് നല്‍കുന്നത്. ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. മല്‍സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമ മേഖലയില്‍ മാറ്റപ്പെടേണ്ട ചില പ്രവണതകളുണ്ട്. കോടികള്‍ ചെലവഴിച്ച് ചെയ്യുന്ന പടം പാതിയില്‍ മുടങ്ങുന്നുണ്ട്. നിര്‍മാതാവ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാകുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചിത്രാഞ്ജലിയില്‍ സ്ഥിരം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ആരംഭിക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. തൃശൂര്‍ കേന്ദ്രമാക്കി സ്ഥിരം നാടകവേദിയും ആലോചിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി കള്‍ച്ചറല്‍ ടൂര്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. പാലക്കാടും തലശേരിയിലും ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുകള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എന്നാല്‍ ഇത്രയും വിപുലമായ സദസില്‍ ചടങ്ങ് നടത്തേണ്ടതില്ലെന്ന ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പതിനായിരങ്ങളെ സാക്ഷിയാക്കി അവാര്‍ഡ് വാങ്ങുമ്പോള്‍ ഒരു പ്രതിഭയ്ക്ക് ലഭിക്കുന്ന അനുഭൂതി വേണ്ടെന്ന് വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഫോക്കസില്‍ ബ്രസീല്‍ സിനിമ പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തിത്വവും ഇടവും എന്ന പ്രത്യേക പാക്കേജുമുണ്ട്. അഭയാര്‍ത്ഥി പ്രശ്‌നം പ്രമേയമായ മലേഷ്യന്‍ സിനിമയും പ്രദര്‍ശിപ്പിക്കും. യുവസംവിധായികമാര്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരായ ഒ രാജഗോപാല്‍, സി കെ ഹരീന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ആസൂത്രണ സമിതി അംഗം ഡോ. ഇക്ബാല്‍, അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, ജനറല്‍ കൗണ്‍സില്‍ അംഗം മധു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

Comments

comments

Categories: More