ഇന്ത്യയുടെ സ്റ്റീല്‍ ശേഷി ഇരട്ടിയിലധികമാകും

ഇന്ത്യയുടെ സ്റ്റീല്‍ ശേഷി ഇരട്ടിയിലധികമാകും

2020 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ആഭ്യന്തര ഉപഭോഗത്തില്‍ വന്‍കുതിപ്പുണ്ടാകും

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അതി ശക്തമായ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ ഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകതയില്‍ കുതിപ്പുണ്ടാകുമെന്നും രാജ്യത്തെ സ്റ്റീല്‍ മില്ലുകളുടെ ശേഷി ഇരട്ടിയലധികമാകുമെന്നും സര്‍ക്കാര്‍. 2020 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ആഭ്യന്തര ഉപഭോഗം ദ്രുതഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റീല്‍ സെക്രട്ടറി അരുണ ശര്‍മ്മ ന്യൂഡെല്‍ഹിയില്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ വാര്‍ഷിക ശേഷി 126 മില്ല്യണ്‍ മെട്രിക് ടണ്ണാണ്. 2021 ആകുമ്പോഴേക്കും ഇത് 150 മില്ല്യണ്‍ ടണ്ണാകുമെന്നാണ് പ്രവചനം-അവര്‍ കൂട്ടിച്ചേര്‍ത്തു.

ത്വരിത ഗതിയിലുള്ള നഗരവല്‍ക്കരണത്തിന്റെ മധ്യത്തിലാണ് ഇന്ത്യയിപ്പോള്‍. അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയില്‍ വ്യാപനം ഉണ്ടാകുന്ന മുറയ്ക്ക് ചെമ്പ് മുതല്‍ ഇരുമ്പയിര്, സ്റ്റീല്‍ വരെയുള്ള എല്ലാ വസ്തുക്കളുടെയും ആവശ്യകതയില്‍ വന്‍തോതിലുള്ള വര്‍ധവുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രതിശീര്‍ഷ സ്റ്റീല്‍ ഉപഭോഗം 50 കിലോഗ്രാമില്‍ നിന്ന് 60 കിലോഗ്രാമാകുന്നതിന് സാധാരണ ഏഴ് വര്‍ഷമാണ് എടുക്കാറ്. എന്നാല്‍ ഈ വര്‍ഷം 64 കിലോയിലെത്തുന്നതിന് 18 മാസങ്ങള്‍ മാത്രമാണ് എടുത്തിട്ടുള്ളത്-അരുണ ശര്‍മ്മ ചൂണ്ടിക്കാട്ടി.

സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ

അടിസ്ഥാന സൗകര്യ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതാണ് ആവശ്യം ഉയരുന്നതിനുള്ള പ്രധാന കാരണം. കുടിവെള്ള വിതരണത്തിനുപയോഗിക്കുന്ന പൈപ്പുകളുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്റ്റീല്‍ ഉപയോഗക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്-ശര്‍മ്മ പറഞ്ഞു.

സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തിനിടെ ഇന്ത്യയുടെ പൂര്‍ത്തീകരിച്ച സ്റ്റീല്‍ ഉപഭോഗം 4.3 ശതമാനം വര്‍ധിച്ച് 43 മില്ല്യണ്‍ ടണ്ണിലെത്തിയിട്ടുണ്ടെന്ന് സ്റ്റീല്‍ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗം മൂന്ന് ശതമാനം അധികരിച്ച് 84 മില്ല്യണ്‍ ടണ്ണിലെത്തി. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയുള്ള വളര്‍ച്ചയാണിത്. ഉല്‍പ്പാദനം 11 ശതമാനം വര്‍ധിച്ച് 101 മില്ല്യണ്‍ ടണ്‍ എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ സ്ഥാനത്താണിത്.

2020ഓടെ സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രി, ഇന്നൊവേഷന്‍, സയന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 118 മില്ല്യണ്‍ ടണ്ണാണ് ജപ്പാന്റെ വാര്‍ഷിക സ്റ്റീല്‍ ഉല്‍പ്പാദനം. 2022 ആകുമ്പോഴേക്കും 146 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദനം സാധ്യമാക്കാനാണ് ഇന്ത്യയുടെ പദ്ധതി. സ്റ്റീല്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനക്കാരായ ചൈനയുടെ 2022 ലെ ഉല്‍പ്പാദന ലക്ഷ്യം 785 മില്ല്യണ്‍ ടണ്ണാണ്.

Comments

comments

Categories: Business & Economy