പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഐടി രംഗം

പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഐടി രംഗം

ഇന്ത്യന്‍ ഐടി മേഖലയില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമുണ്ടായേക്കും. ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഈ മേഖല അഭിമുഖീകരിക്കുക കടുത്ത പ്രതിസന്ധിയായിരിക്കും

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ട കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും ഓട്ടോമേഷനും നിര്‍മിത ബുദ്ധിയുമെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ ഐടി രംഗം കടുത്ത ഭീഷണിയെ നേരിട്ട് ഒന്നു കരകയറി വരുന്നെന്ന പ്രതീതി നല്‍കിയതായിരുന്നു. എന്നാല്‍ ആദ്യവട്ട കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് ശേഷം ഇപ്പോള്‍ മേഖലയില്‍ വീണ്ടും കടുത്ത പ്രതിസന്ധി തന്നെ ഉടലെടുത്തിരിക്കുകയാണ്.

മൊത്തത്തില്‍ നാല് ദശലക്ഷം പേര്‍ ജോലി ചെയ്യുന്ന ഇന്ത്യയുടെ സാങ്കേതികവിദ്യ രംഗത്ത് പിരിച്ചുവിടലിന്റെ പുതിയ റൗണ്ടിനാണ് തുടക്കം കുറിക്കാന്‍ പോകുന്നതെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. എക്‌സ്‌പെരിസിന്റെ പുതിയ ഐടി എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്ക് സര്‍വെയും ഇത് അടിവരയിടുന്നുണ്ട്. ഇന്ത്യന്‍ ഐടി രംഗത്തം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്കായിരിക്കും ഇനി സ ാക്ഷ്യം വഹിക്കുകയെന്നാണ് സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത 6-12 മാസത്തേക്ക് ഇപ്പോഴത്തെ പ്രതിസന്ധി തുടരാനാണ് സാധ്യത. ജൂനിയര്‍, മിഡ് വിഭാഗങ്ങളില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുമെങ്കില്‍ സീനിയര്‍ വിഭാഗതത്തില്‍ പിരിച്ചുവിടലുകള്‍ വ്യാപകമാകും. ഇതിനോടകം തന്നെ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ മാന്ദ്യകാലത്തിലൂടെയാണ് കടന്നു പോകുന്നത്. സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതിയോടൊപ്പം തന്നെ ആഗോള, ആഭ്യന്തര തലങ്ങളിലെ വിപണി സാഹചര്യം മോശപ്പെട്ടതും ബാധിച്ചു.

ടെക്‌നോളജി മേഖലയില്‍ വന്ന മാറ്റങ്ങളോട് സമരസപ്പെടുന്നതില്‍ ഇന്ത്യയുടെ പ്രധാന വിപണികളായ യുഎസും യൂറോപ്പും ശ്രമിച്ചുവരുകയാണെന്നതും ആവശ്യകതയില്‍ മങ്ങലുണ്ടാക്കിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് ബ്രെക്‌സിറ്റും അമേരിക്കയിലെ പുതിയ വിസ നിയമങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.

പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവം, ക്ലൗഡ് അധിഷ്ഠിത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് സോഫ്റ്റ് വെയറുകളുടെ കടന്നുകയറ്റം, അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സങ്കേതകങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് വെല്ലുവിളികളായി സര്‍വെയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് പുതിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുണ്ട്. പുതിയ ആവാസവ്യവസ്ഥയോട് സമരസപ്പെടാന്‍ മേഖലയ്ക്ക് കുറച്ചു സമയമം വേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ പുതിയ മാറ്റങ്ങളേയും ഓട്ടോമേഷനെയും സ്വാംശീകരിക്കുന്നതിലും പുതിയ വൈദഗ്ധ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും എത്രമാത്രം വേഗത കൈവരിക്കാന്‍ ഇന്ത്യന്‍ ഐടി സംരംഭങ്ങള്‍ക്ക് സാധിക്കുന്നുവേ, അത്രമാത്രം വേഗത്തില്‍ പ്രതിസന്ധിക്കും അയവ് വരും. പുതിയ ചിന്തയിലൂടെയും സ്മാര്‍ട്ടായ പ്രവൃത്തികളിലൂടെയും മാത്രമേ നിര്‍മിത ബുദ്ധയില്‍ അധിഷ്ഠിതമായ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്നതാണ് വാസ്തവം.

Comments

comments

Categories: Editorial, Slider