വിശപ്പിനെ നേരിടുന്നതില്‍ ഇന്ത്യ ഏറെ പുറകില്‍

വിശപ്പിനെ നേരിടുന്നതില്‍ ഇന്ത്യ ഏറെ പുറകില്‍

ഗ്ലോബല്‍ ഹങ്കര്‍ ഇന്റക്‌സില്‍ ഇന്ത്യ 100-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ദാരിദ്ര്യത്തെ നേരിടുന്നതില്‍ ഉത്തര കൊറിയ, ഇറാഖ് പോലുള്ള രാജ്യങ്ങളെക്കാള്‍ പുറകിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ട്. വിശപ്പിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങളേക്കാള്‍ മോശം സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും 119 വികസ്വര രാജ്യങ്ങളില്‍ 100ാം സ്ഥാനത്താണ് ഇന്ത്യയെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൂഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎഫ്പിആര്‍ഐ) തയാറാക്കിയ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് (ജിഎച്ച്‌ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും പരിതാപകരമായ അവസ്ഥയില്‍ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. കുട്ടികളിലെ പോഷകാഹാരത്തിന്റെ അഭാവമാണ് സൂചികയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമായിട്ടുള്ളത്. രാജ്യത്തെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരു ഭാഗം ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണെന്ന് പഠനം വ്യക്തമാക്കിന്നുണ്ട്. മൂന്നില്‍ ഒരു ഭാഗം വയസനുസരിച്ചുള്ള വളര്‍ച്ചയില്ലാത്തവരാണെന്നും ഐഎഫ്പിആര്‍ഐ പറയുന്നു.

നേപ്പാള്‍ (72), മ്യാന്‍മാര്‍ (77), ബംഗ്ലാദേശ് (88), ശ്രീലങ്ക (84), ചൈന (29), ഉത്തരകൊറിയ (93), ഇറാഖ് (78) എന്നീ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണ്. സൂചികയില്‍ വലിയ തോതില്‍ പട്ടിണി അനുഭവിക്കുന്ന വിഭാഗത്തിലേക്ക് ദക്ഷിണേഷ്യന്‍ മേഖല പിന്തള്ളപ്പെടുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഇന്ത്യയുടെ മോശം റാങ്ക് ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചിലി, ക്യൂബ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കുറഞ്ഞ തോതില്‍ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലുള്ളത്. സൂചികയില്‍ അഞ്ചില്‍ താഴെയാണ് ഇവയുടെ റാങ്കിംഗ്. ചാഡ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് റിപ്പോര്‍ട്ട് പ്രകാരം അതിദരിദ്രരായിട്ടുള്ള രാജ്യങ്ങള്‍. ജനങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, കുട്ടികളുടെ വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള ദാരിദ്ര്യ സൂചികയില്‍ രാജ്യങ്ങളുടെ വളര്‍ച്ചയും നിലവാരവും അളക്കുന്നത്.

സൂചിക പ്രകാരം പത്തില്‍ താഴെയുള്ള റാങ്കുള്ള രാജ്യങ്ങളില്‍ പട്ടിണിയുടെ തോത് കുറവും 50നു മുകളില്‍ റാങ്കുള്ള രാജ്യങ്ങളില്‍ വലിയ രീതിയില്‍ പട്ടിണി നേരിടുന്നു എന്നുമാണ് അര്‍ത്ഥമാക്കുന്നത്. 2,000 മുതലുള്ള കണക്കെടുത്താല്‍ ജിഎച്ച്‌ഐ സ്‌കോറില്‍ 27 ശതമാനം ഇടിവുണ്ടായിട്ടുണ്ട്, എങ്കിലും ലോകത്തില്‍ ഒന്‍പത് പേരില്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Slider, Top Stories