ആഗോള ഐഒടി വിപണി 1.29 ട്രില്യണ്‍ ഡോളറിലെത്തും

ആഗോള ഐഒടി വിപണി 1.29 ട്രില്യണ്‍ ഡോളറിലെത്തും

ഇന്‍സ്റ്റാള്‍ ചെയ്ത ഐഒടി എന്‍ഡ് പോയ്ന്റുകളുടെ എണ്ണം 2020ഓടെ 30 ബില്യണിലധികമാകും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയ്‌ക്കൊപ്പം ആഗോള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വിപണി ഉയരുമെന്ന് റിപ്പോര്‍ട്ട്. 2015ലെ 625.2 ബില്യണ്‍ ഡോളറില്‍ നിന്ന് 15.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 2020ല്‍ എത്തുമ്പോഴേക്കും 1.29 ട്രില്യണ്‍ ഡോളറിലെത്താന്‍ ഐഒടി വിപണിക്കാകുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനും യുഎസ് ആസ്ഥാനമായ ഐഒടി സേവനദാതാക്കളായ ഏരിസും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്‍സ്റ്റാള്‍ ചെയ്ത ഐഒടി എന്‍ഡ് പോയ്ന്റുകളുടെ എണ്ണം 2020ഓടെ 30 ബില്യണിലധികമാകും. 2015ലിത് 12.1 ബില്യണായിരുന്നു.

‘സിഐഒമാരും ഐടി ബിസിനസ് മേധാവികളും അവരുടെ സംരംഭങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിലേക്കും ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നതിലേക്കും നീങ്ങും. ഈ പരിവര്‍ത്തനത്തില്‍ ഐഒടി സുപ്രധാന പങ്ക് വഹിക്കും’, ഐഡിസി ഇന്ത്യയുടെ എമര്‍ജിംഗ് ടെക്‌നോളജീസ് അസോസിയേറ്റ് ഡയറക്റ്റര്‍ അര്‍ജുന്‍ വിശ്വനാഥന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മെച്ചപ്പെട്ട കാര്യശേഷി, ഉല്‍പ്പാദനക്ഷമത, ഉപഭോക്തൃ അനുഭവം എന്നിവ പ്രദാനം ചെയ്യുന്നതില്‍ ഐഒടി വഹിക്കുന്ന സുപ്രധാന പങ്ക് സംബന്ധിച്ച് വ്യവസായ മേഖലകളില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിശ്വനാഥന്‍ പറഞ്ഞു.

ഐഒടി വഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നത് സാങ്കേതികവിദ്യയുടെ സ്വീകാര്യത വളര്‍ത്തുന്നതിലെ പ്രധാന ഘടകമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.’ഉപഭോക്തൃ അനുഭവത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ പ്രത്യേകം തയാറാക്കിയ ഉപഭോക്തൃ സേവനത്തെ കുറിച്ച് പരിഗണിക്കുമ്പോള്‍, ഐഒടി സാങ്കേതിക വിദ്യയായിരിക്കും അതിനെ മുന്നോട്ടു നയിക്കുക,’ ഏരിസ് ഇന്ത്യ പ്രസിഡന്റ് ഡോ.റിഷി ഭട്‌നാഗര്‍ പറയുന്നു. ഇന്ന് ഐഒടി വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പ്രവേശിക്കുകയും ബിസിനസ് ആനുകൂല്യങ്ങളുടെ പരിധി വിപുലമാക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories